HOME
DETAILS

ഭൂപടത്തില്‍നിന്ന് മായുന്ന നാട്‌

  
backup
January 12 2019 | 22:01 PM

alappad-rajusreedar-njayarprabhaatham-13-01-2019

രാജു ശ്രീധര്‍#

ഓഗസ്റ്റ് മാസം. കേരളം പ്രളയക്കെടുതിയില്‍ മുങ്ങിത്താണു രക്ഷയ്ക്കായി ലോകത്തോട് കൈയുയര്‍ത്തിക്കേണ നാള്‍. രാജ്യത്തെ തന്നെ ഭരണസംവിധാനങ്ങള്‍ പിന്തിരിഞ്ഞുനിന്ന ഘട്ടത്തില്‍ ഒരുകൂട്ടം പച്ച മനുഷ്യര്‍ സഹായഹസ്തവുമായി രംഗത്തുവന്നു. അവര്‍ നീട്ടിയ കൈകളില്‍ പിടിച്ച് കേരളം കരകയറിയതിന് 2018 സാക്ഷി. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ മത്സ്യത്തൊഴിലാളികളായിരുന്നു ആ മനുഷ്യ മാലാഖമാര്‍. അക്കൂട്ടത്തില്‍ മുന്‍നിരയില്‍ തന്നെയുണ്ടായിരുന്നു കരിമണലില്‍ കുരുത്ത ആലപ്പാടിന്റെ കൈക്കരുത്തും.


അലറിയടുക്കുന്ന ആഴക്കടലില്‍ തുഴയെറിഞ്ഞ കൈത്തഴമ്പുമായി അന്നു രക്ഷകരായെത്തിയ ആലപ്പാട്ടെ മത്സ്യത്തൊഴിലാളികള്‍ ഇന്നു നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ്. അവര്‍ക്കുവേണ്ടത് അധികാരികളുടെ ആശ്വാസവാക്കുകളല്ല, പിറന്നുവീണ തങ്ങളുടെ മണ്ണാണ്. അശാസ്ത്രീയമായ ഖനനം ഒരു പ്രദേശത്തെ കടലിലേക്കെടുത്തെറിയുമ്പോള്‍, ഒലിച്ചുപോകുന്നതു കാല്‍ക്കീഴിലെ കരിമണല്‍ മാത്രമല്ല, ഒരു അടിസ്ഥാന ജനവിഭാഗം കൂടിയാണ്.


പ്രകൃതി കനിഞ്ഞനുഗ്രഹിച്ച കടലോളം വരുന്ന ധാതുസമ്പത്താണ് ആലപ്പാടിന്റെ സവിശേഷത. ആ സമ്പത്തില്‍ കഴുകന്‍കണ്ണുകളുമായി വന്‍കിട കമ്പനി മുകളില്‍ വട്ടമിട്ടുപറക്കാന്‍ തുടങ്ങിയിട്ടു നാളേറെയായി. അങ്ങനെയാണ് അതിജീവനത്തിന്റെ സമരപാതയിലേക്ക് ആലപ്പാട്ടുകാര്‍ വലിച്ചെറിയപ്പെടുന്നത്. പടിഞ്ഞാറ് അറബിക്കടലും കിഴക്ക് നേര്‍രേഖപോലെ കൊല്ലം-കോട്ടപ്പുറം ദേശീയ ജലപാതയും അതിരുതീര്‍ക്കുന്ന ആലപ്പാടിന്റെ നിലനില്‍പ്പിനായുള്ള പോരാട്ടം ഇപ്പോള്‍ കടലും കടന്നുകഴിഞ്ഞു.

 

കടല്‍
വിഴുങ്ങിയ തീരം

 

മത്സ്യസമ്പത്തുകൊണ്ടും കാര്‍ഷികസമൃദ്ധി കൊണ്ടും സമ്പന്നമായ നാടായിരുന്നു കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിന്റെ വടക്കു പടിഞ്ഞാറു ഭാഗത്തെ ആലപ്പാട് പഞ്ചായത്ത്. 1965 മുതല്‍ ഇന്ത്യന്‍ റെയര്‍ എര്‍ത്‌സ് ലിമിറ്റഡ് (ഐ.ആര്‍.ഇ) നടത്തിവരുന്ന മാരകവും അശാസ്ത്രീയവുമായ കരിമണല്‍ ഖനനംമൂലം പശ്ചിമതീര ദേശീയ ജലപാതയ്ക്കും കടലിനും ഇടയിലുണ്ടായിരുന്ന വിശാലമായ ഭൂപ്രദേശവും അതിനെ സംരക്ഷിച്ചുനിര്‍ത്തിയിരുന്ന കരിമണല്‍ക്കുന്നുകളും മധ്യ തിരുവിതാംകൂറിലെ പ്രശസ്തമായ മൂക്കുംപുഴ പാടവും പനക്കടപാടവും വിവിധ കുടിവെള്ള സ്രോതസുകളും നഷ്ടപ്പെട്ടു. തീരത്തിന്റെ പരിസ്ഥിതി എന്നും സംരക്ഷിച്ചിരുന്ന ചാകര(mud bank) എന്ന പ്രതിഭാസം തീരത്തിനു നഷ്ടമായതോടെ ഈ ഭൂപ്രദേശത്തേക്കു മണല്‍ നിര്‍ബാധം ഒഴുകിയെത്തുന്ന രീതിയില്‍ ഖനനം ഇപ്പോഴും തുടരുകയാണ്. ഇതുമൂലം ഈ പ്രദേശം ദേശീയ ജലപാതയെയും ലക്ഷദ്വീപ് കടലിനെയും വേര്‍തിരിക്കുന്ന ഒരു മണല്‍വരമ്പു മാത്രമായി മാറിക്കഴിഞ്ഞിരിക്കുന്നു ഇപ്പോള്‍.


കരിമണല്‍ ഖനനം തുടങ്ങുന്നതിനുമുന്‍പ് 89.5 ചതുരശ്ര കിലോമീറ്റര്‍ ഭൂവിസ്തൃതിയുണ്ടായിരുന്നു ആലപ്പാട് വില്ലേജിന്. ഇപ്പോഴത് വെറും 7.6 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങിയിരിക്കുന്നു! ഈയൊരൊറ്റ കണക്കുമതി ആലപ്പാടുകള്‍ ഇപ്പോള്‍ എന്തിനുവേണ്ടിയാണു മുറവിളികൂട്ടുന്നതെന്നു തിരിച്ചറിയാന്‍. 20,000 ഹെക്ടര്‍ ഭൂപ്രദേശം കടലായി മാറിയതായി കണക്കാക്കപ്പെടുന്നു. 81.5 ചതുരശ്ര കിലോമീറ്റര്‍ ഭൂമി കടലായി മാറി. കേരളം പോലെ ജനങ്ങള്‍ തിങ്ങിനിറഞ്ഞ ഒരു പ്രദേശത്ത് ഇത്രയധികം ഭൂമി കടലായി മാറിയതു ഗൗരവതരമെന്നാണു ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നത്.
ഖനനംമൂലം അയ്യായിരത്തോളം കുടുംബങ്ങള്‍ ഭൂരഹിതരായി മറ്റു പ്രദേശങ്ങളിലേക്കു പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി. പരമ്പരാഗതമായി മത്സ്യബന്ധനം ഉപജീവനമാര്‍ഗമാക്കിയിരുന്ന ഇവര്‍ മറ്റു വിദൂര പ്രദേശങ്ങളിലേക്കു കുടിയേറിപ്പാര്‍ത്തതിന്റെ ഫലമായി അവര്‍ക്കു തൊഴില്‍ നഷ്ടപ്പെട്ടു. അതോടൊപ്പം ഇവിടെ ബാക്കിയായ ജനങ്ങളുടെ ജീവിതവും തൊഴിലും അപകടകരമായ രീതിയിലേക്കു നീങ്ങിക്കഴിഞ്ഞു.

 

നഷ്ടപ്പെട്ട ചാകരയും
ആശങ്കയുണര്‍ത്തുന്ന പഠനങ്ങളും

 

തീരം ചേര്‍ന്ന് എക്കലും ചെളിയും അടിഞ്ഞുകൂടി കുഴമ്പുരൂപത്തില്‍ കാണുന്ന പ്രതിഭാസമാണു ചാകര. തീരത്തെ സംരക്ഷിക്കുന്ന ചാകര മത്സ്യസമ്പത്തിന്റെ പ്രജനനത്തിനും ഏറെ ഗുണകരമാണ്. തിരമാലകളെ അടക്കിനിര്‍ത്താനും ഇതു സഹായകരമാണ്. എന്നാല്‍, ശക്തമായ മണല്‍ഖനനം കാരണം കൊല്ലം, ആലപ്പുഴ ജില്ലകളുടെ തീരപ്രദേശങ്ങള്‍ക്ക് ചാകര നഷ്ടമായി. അതിലൂടെ പരമ്പരാഗത മത്സ്യബന്ധനം ഇല്ലാതാവുകയും തൊഴിലാളികള്‍ തങ്ങളുടെ തൊഴിലിടങ്ങളില്‍നിന്നു പുറന്തള്ളപ്പെടുകയും നിത്യദാരിദ്ര്യത്തിലാവുകയും ചെയ്തു. മാരകമായ തീരശോഷണത്തിനും ഖനനം കാരണമായി.


അറബിക്കടലിനും ടി.എസ് കനാലിനുമിടയില്‍ മൂന്നര കിലോമീറ്റര്‍ വീതിയുണ്ടായിരുന്ന നിലവിലെ ഖനനമേഖലയില്‍ (വെള്ളനാതുരുത്ത്) കായലും കടലും ഒന്നായിത്തീര്‍ന്നത് സമീപകാല ദുരന്തമാണ്. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനു കീഴില്‍ ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഓഷ്യന്‍ മാനേജ്‌മെന്റ് കേരളതീരവുമായി ബന്ധപ്പെട്ടു സുപ്രധാനമായൊരു പഠനം നടത്തിയിരുന്നു; 'കേരള തീരവ്യതിയാന പഠനം' എന്ന പേരില്‍. കേരള തീരത്ത് ഏറ്റവും കൂടുതല്‍ ഭൂമി നഷ്ടപ്പെട്ടത് നിലവിലെ കരിമണല്‍ ഖനന മേഖലയിലാണെന്നാണ് ഈ പഠനം സൂചിപ്പിക്കുന്നത്.


ഖനനം ചെയ്യുന്ന കമ്പനികള്‍ തന്നെ നിയോഗിച്ച പഠന ഏജന്‍സികളായ തിരുവനന്തപുരത്തെ National Institute of Interdisciplinary Science & Technologybpw Centre for Earth Science Studies(CESS)ഉം നടത്തിയ പഠനത്തില്‍ വരെ ഖനനംമൂലം ഈ പഞ്ചായത്തിന് പാരിസ്ഥിതികാഘാതം കണ്ടെത്തിയിട്ടുണ്ട്. കരിമണല്‍ ഖനനംമൂലം തീരദേശത്തുണ്ടായ പാരിസ്ഥിതിക ആഘാതത്തെക്കുറിച്ചു പല പഠന റിപ്പോര്‍ട്ടുകളും നിലവിലുണ്ട്. ഇതുവരെ നടന്ന എല്ലാ പഠനങ്ങളും സൂചിപ്പിക്കുന്നത് തീരദേശത്തു വരാന്‍പോകുന്ന ഭീകരമായ പരിസ്ഥിതി ആഘാതത്തിലേക്കാണ്.


കരിമണല്‍ ഖനനംമൂലമുണ്ടാകുന്ന പാരിസ്ഥിതികാഘാതം തീരദേശത്തെയും അവിടുത്തെ ജനങ്ങളുടെയും മറ്റു ജീവജാലങ്ങളുടെയും ആവാസകേന്ദ്രത്തെയും ജീവിതാവസ്ഥയെയും പ്രതികൂലമായി ബാധിക്കുമെന്നാണു സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ടി.എം മഹാദേവന്‍ കമ്മിറ്റിയുടെയും പ്രൊഫ. ത്രിവിക്രംജി കമ്മിറ്റിയുടെയും നിഗമനം. കേരള യൂനിവേഴ്‌സിറ്റിയുടെ അക്വാട്ടിക് ബയോളജി വിഭാഗത്തില്‍നിന്നു വിരമിച്ച പ്രൊഫ. സി.എം അരവിന്ദന്റെ പഠനത്തില്‍, കരിമണല്‍ ഖനനവും ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും പ്രതികൂലമായ പാരിസ്ഥിതികാഘാതം സൃഷ്ടിക്കുമെന്നും പ്രദേശത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളി സമൂഹങ്ങള്‍ക്കു നികത്താനാകാത്ത നാശനഷ്ടങ്ങള്‍ സംഭവിക്കുമെന്നും പറയുന്നു. കടലാക്രമണംമൂലം കടലും കരയും സന്ധിക്കുന്ന രേഖയ്ക്ക് (Shore line) പരുക്കുണ്ടാകുമെന്നും പഠനത്തില്‍ സൂചിപ്പിക്കുന്നു. ഇത്തരം കടലോര മണല്‍ ഖനനംമൂലം ചില ആഫ്രിക്കന്‍, യൂറോപ്യന്‍ രാജ്യങ്ങളിലെ പാരിസ്ഥിതികാഘാത അനുഭവങ്ങളും അരവിന്ദന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.


ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയില്‍നിന്നു വിരമിച്ച കെ. ബാഹുലേയന്റെ ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത് കരിമണല്‍ ഖനനംകൊണ്ട് കടപ്പുറം തകര്‍ന്നു കടലും കരയും ഒന്നായാല്‍ ഈ മേഖലയില്‍ തിങ്ങിപ്പാര്‍ക്കുന്ന ജനങ്ങളെ പുനരധിവസിപ്പിക്കല്‍ വലിയ സാമൂഹ്യപ്രശ്‌നമാകുമെന്നാണ്. മാത്രമല്ല, സമീപ പ്രദേശങ്ങളിലെ കൃഷിയിടങ്ങള്‍ ഉപ്പുവെള്ളം കയറി നശിക്കുകയും മറ്റു പ്രദേശത്തെ കുടിവെള്ള പ്രശ്‌നം രൂക്ഷമാകുകയും ചെയ്യും.


1989-1991 കാലത്ത് സെസ്സിന്റെ ഡയരക്ടറായി പ്രവര്‍ത്തിച്ചിരുന്ന സുബ്രതസിന്‍ഹ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ഡെപ്യൂട്ടി ഡയരക്ടര്‍ ജനറലായി പ്രവര്‍ത്തിച്ചിരുന്നു. കേരളത്തിലെ കടല്‍ത്തീര ഭൂഗര്‍ഭശാസ്ത്രത്തില്‍ അഗാധമായ അറിവുള്ള വ്യക്തിയാണ് ഇദ്ദേഹം. കരിമണല്‍ ഖനനം ഭൂ രൂപവിന്യാസത്തെയും ദൃഢതയെയും തകര്‍ക്കുമെന്നും തീരത്തെയും തീരക്കടലിലെയും ജൈവജാതികളെ ബാധിക്കുമെന്നും തീരദേശ മത്സ്യത്തൊഴിലാളി സമൂഹത്തിനു ഭീകരമായ ജീവിതാഘാതമുണ്ടാക്കുമെന്നും അദ്ദേഹത്തിന്റെ പഠനത്തില്‍ പറയുന്നു. 1962 മുതല്‍ 1998 വരെ സെസ്സിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന ഡോ. എ.എസ്.കെ നായര്‍ നടത്തിയ ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത് സാറ്റലൈറ്റ് ഡാറ്റയും കെഡസ്റ്റല്‍ ഭൂപടത്തിലെ നമ്പറുകളും നോക്കിയാല്‍ കരിമണല്‍ ഖനനം നടക്കുന്ന കടല്‍ത്തീരത്ത് ഒന്നര മുതല്‍ രണ്ടര വരെ കിലോമീറ്റര്‍ വീതിയില്‍ തീരം നഷ്ടപ്പെട്ടിട്ടുണ്ട്. അതു വ്യക്തമാക്കുന്ന ലിത്തോ ഭൂപടങ്ങളുമുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട എല്ലാ പഠന റിപ്പോര്‍ട്ടുകളിലും തീരദേശത്തിന്റെ പാരിസ്ഥിതികാഘാതത്തെക്കുറിച്ചാണു പറയുന്നത്. ഇവയൊക്കെയും ശാസ്ത്രീയമായ പഠനങ്ങളുടെയും ഗവേഷണങ്ങളുടെയും അടിസ്ഥാനത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ടുകളാണ്.

 

നിയമം ലംഘിച്ചും ഖനനം

 

National Mineral Policy, Mines & Minerals (Development & Regulation Act), The Mineral Conservation and Development Rules, Coastal Regulation Zone (CRZ), The Environment (Protection) Act, The Kerala Conservation of Paddy Land and Wet Land Act 2008, Mine and Geology Development തുടങ്ങിയവ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍, കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവുകള്‍, സംസ്ഥാന സര്‍ക്കാരിന്റെ ഖനന പാട്ടത്തിനായുള്ള പ്രത്യേക നിബന്ധനകള്‍ തുടങ്ങി രാജ്യത്ത് വ്യവസ്ഥാപിതമായി നിലനില്‍ക്കുന്നതും പാലിക്കേണ്ടതുമായ ചട്ടങ്ങളുടെയും നിയമങ്ങളുടെയും നഗ്നമായ ലംഘനമാണ് ആലപ്പാട്ട് അരങ്ങേറുന്നത്.
നിലവില്‍ നടത്തുന്ന ഖനനം ഇനിയും തുടര്‍ന്നാല്‍ ആലപ്പാട് പഞ്ചായത്ത് കേരള ഭൂപടത്തില്‍നിന്നു പൂര്‍ണമായും അപ്രത്യക്ഷമാകുമെന്നാണു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അങ്ങനെ വന്നാല്‍ ടി.എസ് കനാലിനു കിഴക്കു ഭാഗത്തുള്ള ആലപ്പുഴ ജില്ലയിലെ ഓണാട്ടുകര ഉള്‍പ്പെടെ അപ്പര്‍ കുട്ടനാട് വരെയുള്ള കാര്‍ഷിക ജനവാസ മേഖല കടല്‍വെള്ളത്തിനടിയിലാകും. നിലവില്‍ വേലിയേറ്റം ഉണ്ടാകുമ്പോള്‍ പോലും കടല്‍വെള്ളത്തിന്റെ തള്ളിക്കയറ്റം വളരെ കൂടുതലാണ്. ഇതുമൂലം കാര്‍ഷിക മേഖലയ്ക്കു വളരെയേറെ നഷ്ടങ്ങളുണ്ടാക്കുന്നുണ്ടെന്നു മാസങ്ങളായി തുടരുന്ന സമരത്തിനു നേതൃത്വം നല്‍കുന്ന കെ. ചന്ദ്രദാസ്, സുധീലാല്‍ തൃക്കന്നുപ്പുഴ, രോഹിണി, കെ.സി ശ്രീകുമാര്‍ എന്നിവര്‍ പറയുന്നു.

 

മണല്‍ ചൂഷണംമൂലം സര്‍ക്കാര്‍ തീരസംരക്ഷണത്തിനായി ചെലവഴിക്കുന്ന കോടിക്കണക്കിനു രൂപ രാജ്യത്തിനു നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ റെയര്‍ എര്‍ത്‌സ് കരിമണല്‍ ഖനനം നടത്തുന്നത് വ്യവസ്ഥാപിതമായ എല്ലാ നിയമങ്ങളും ലംഘിച്ചാണ്. തീരദേശ പരിപാലന നിയമത്തിലെ ദൂരപരിധി പാലിച്ചല്ല ഇതു നടക്കുന്നത്. ടി.എസ് കനാലില്‍നിന്ന് 25 മീറ്റര്‍ പോലും ദൂരം പാലിക്കാതെയാണു പുതിയ നിര്‍മാണ പ്രവൃത്തികളും ഖനനവും പുരോഗമിക്കുന്നത്. നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ The Kerala Conservation of Paddy Land and Wet Land Act 2008 നിയമവും ഐ.ആര്‍.ഇ കമ്പനി ലംഘിക്കുന്നു.


ഐ.ആര്‍.ഇയുടെ പദ്ധതി പ്രദേശത്ത്, ആലപ്പാട് വില്ലേജില്‍ റീസര്‍വേ ബ്ലോക്ക് എട്ടില്‍ ഉള്‍പ്പെട്ട നിലംനല്‍വയലുകള്‍, വിവിധ സര്‍വേകളിലെ കൃഷിഭൂമികള്‍ എല്ലാം ഖനനം ചെയ്ത് ഇല്ലാതാക്കി. തണ്ണീര്‍ത്തടങ്ങള്‍/ചിറകള്‍/നീരൊഴുക്കുള്ള കനാലുകള്‍, 1703ല്‍ ഒരു ഏക്കര്‍ 18 സെന്റ് ചിറ, 1705ല്‍ 87 സെന്റ് കനാല്‍, 171ല്‍ 35 സെന്റ് കനാല്‍, 172ല്‍ 25 സെന്റ് കനാല്‍,173ല്‍ 20 സെന്റ് കനാല്‍ എന്നിവയെല്ലാം നശിപ്പിച്ചു. ഇതിനു സമാനമായിത്തന്നെ ആലപ്പാട് പഞ്ചായത്തിലെ ഭൂവിസ്തൃതിയിലെ മൂന്ന് കിലോമീറ്റര്‍ വീതിയില്‍ 17 കിലോമീറ്റര്‍ നീളത്തിലുള്ള ഭൂപ്രദേശം ഇതിനകം നഷ്ടപ്പെട്ടു. ഇത് കേവലം ഒരു വാര്‍ഡിനെ മാത്രം കേന്ദ്രീകരിച്ചു നടത്തിയ പഠന റിപ്പോര്‍ട്ടാണ്. ഇതേ മാനദണ്ഡത്തില്‍തന്നെയാണ് അനുബന്ധ തീരദേശ ഗ്രാമങ്ങളായ ആലപ്പുഴയിലെ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, പുറക്കാട് പഞ്ചായത്തുകളും നശിപ്പിച്ചുകൊണ്ടിരിക്കുന്നത്.
ഖനനം ഇനിയും ഈ രീതിയില്‍ തുടര്‍ന്നാല്‍ വരമ്പുപോലെ സ്ഥിതിചെയ്യുന്ന ഏകദേശം 100 കി. മീറ്റര്‍ നീളത്തിലുള്ള കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തും ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, പുറക്കാട് പഞ്ചായത്തുകളും പൂര്‍ണമായും അപ്രത്യക്ഷമാകും. അതോടെ പശ്ചിമതീര ദേശീയ ജലപാതയും ഇല്ലാതാകും. ഏകദേശം ഒരു ലക്ഷത്തിലധികം വരുന്ന തീരദേശ ജനങ്ങളുടെ ജീവിതത്തെയാകും ഇതു പ്രതികൂലമായി ബാധിക്കുക. ദേശീയ ജലപാതയ്ക്കു കിഴക്കുഭാഗത്തുള്ള ഭൂപ്രദേശങ്ങളായ ഓണാട്ടുകരയും അപ്പര്‍ കുട്ടനാടും ഉള്‍പ്പെടെയുള്ള കാര്‍ഷിക ജനവാസമേഖലകളിലേക്കു സമുദ്രജലം ഇരച്ചുകയറുകയും ചെയ്യും.


ആലപ്പാടിന്റെ നാളുകളായുള്ള പരാതിയില്‍ ഇപ്പോള്‍ അധികൃതര്‍ ഇടപെട്ടെന്നു വരുത്തിയിരിക്കുകയാണ്. അനധികൃതമായി ഖനനം നടത്തുന്ന പ്രദേശത്ത് റവന്യു വകുപ്പാണു കണ്ണില്‍ പൊടിയിടാനെന്ന വണ്ണം പരിശോധന നടത്തി മടങ്ങിയിരിക്കുന്നത്. പരിസ്ഥിതിലോല പ്രദേശത്ത് അനധികൃതമായി ഖനനം നടത്തുന്നെന്ന പരാതിയിലാണു പരിശോധന.
ിിിി
പുതുവര്‍ഷത്തില്‍ ആലപ്പാടില്‍നിന്നുയരുന്നത് കണ്ണീരിന്റെ ഉപ്പുകാറ്റാണ്. ഒരു ജനതയുടെ നിലനില്‍പ്പിനായുള്ള പോരാട്ടത്തിന് ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തകരും നേതാക്കളും അകമഴിഞ്ഞ പിന്തുണ നല്‍കുന്നുണ്ട്. ഖനനം പൂര്‍ണമായി നിരോധിക്കുകയാണു വേണ്ടതെന്നാണു ദേശീയ ഭൂപരിഷ്‌ക്കരണ സമിതിയംഗം പി.വി രാജഗോപാല്‍ പറയുന്നത്. നന്ദിയുള്ള ജനതയാണു നാമെങ്കില്‍ ഈ തീരദേശ സമൂഹത്തിന്റെ പ്രശ്‌നങ്ങളെ കൃത്യമായി കൈകാര്യം ചെയ്തു പരിഹരിക്കാന്‍ ഭരണകൂടം തയാറാകണം. ഭരണകൂടം അതിന് ഒരുക്കമല്ലെങ്കില്‍ നമ്മുടെ നന്ദികേടിന്റെ പേരില്‍ ചരിത്രം അത് അടയാളപ്പെടുത്തുമെന്നുറപ്പാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  8 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  8 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  9 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  9 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  9 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  10 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  11 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  11 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago