സംഘടന വിട്ടതിന് കൊല പ്രതികളായ 9 ആര്‍.എസ്.എസ് പ്രവര്‍ത്തകരും കുറ്റക്കാര്‍
വിധി പ്രഖ്യാപനം ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതികളുടെ അസാന്നിധ്യത്തില്‍
പ്രതികളെ ഉടന്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശം
കൊല്ലം: എട്ടു വര്‍ഷം മുന്‍പ് നടന്ന കോളിളക്കം സൃഷ്ടിച്ച കടവൂര്‍ ജയന്‍ കൊലക്കേസില്‍ ആര്‍.എസ്.എസുകാരായ ഒന്‍പത് പ്രതികളും കുറ്റക്കാരെന്ന് കൊല്ലം സെഷന്‍സ് കോടതി കണ്ടെത്തി.
സംഘടന വിട്ടതിനെ തുടര്‍ന്നുള്ള അസ്വാരസ്യത്തെ തുടര്‍ന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകനെ ആര്‍.എസ്.എസ് സംഘം കൊലപ്പെടുത്തിയ കേരളത്തിലെ ആദ്യത്തെ കേസിലാണ് പ്രതികള്‍ കുറ്റക്കാരെന്നു കോടതി കണ്ടെത്തിയത്. പ്രതികളുടെ അസാന്നിധ്യത്തിലാണ് സെഷന്‍സ് കോടതി വിധി പ്രഖ്യാപിച്ചതും. ജാമ്യത്തിലിരിക്കെ പ്രതികള്‍ മുങ്ങിയതിനെ തുടര്‍ന്ന് കോടതി വിധി പ്രസ്താവിക്കുകയായിരുന്നു. ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ ഒന്നു മുതല്‍ ഒന്‍പത് വരെ പ്രതികളായ വിനോദ്, ഗോപകുമാര്‍, സുബ്രഹ്മണ്യന്‍, പ്രിയലാല്‍, പ്രണവ്, അരുണ്‍, ഷിജു, രഞ്ജിത്ത്, ദില്‍രാജ് എന്നിവരെയാണ് ഐ.പി.സി 302 പ്രകാരം കുറ്റക്കാരായി കോടതി വിധിച്ചത്. ആര്‍.എസ്.എസ് സംഘം കടവൂര്‍ ജയനെ കൊലപ്പെടുത്തിയ കേസില്‍ സാക്ഷികളും ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തന്നെയായിരുന്നു.
പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്ത് കോടതിക്ക് മുന്‍പില്‍ ഹാജരാക്കാനും ജഡ്ജി ഉത്തരവിട്ടു. പ്രതികളെ ഹാജരാക്കുന്ന മുറയ്ക്ക് ഇവര്‍ക്കുള്ള ശിക്ഷയും വിധിക്കും. പ്രതികളുടെ അസാന്നിധ്യത്തില്‍ പ്രതികളെ കുറ്റക്കാരായി വിധിക്കുന്ന പതിവില്ലെന്നാണ് നിയമവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ അപൂര്‍വം കേസുകളില്‍ സംഭവിക്കുന്ന നടപടിക്രമമാണ് ജയന്‍ വധക്കേസില്‍ വിധിപ്രസ്താവവുമായി ബന്ധപ്പെട്ടു വന്നിരിക്കുന്നത്.
വിവിധ കാരണങ്ങള്‍ ഉയര്‍ത്തിക്കാട്ടി കേസിന്റെ വാദം വൈകിപ്പിക്കാന്‍ പ്രതികള്‍ ശ്രമം തുടങ്ങിയപ്പോള്‍ തന്നെയാണ് കുറ്റക്കാരെന്ന വിധിയും വന്നിരിക്കുന്നത്. വാദം നടക്കുന്ന കൊല്ലം അഡിഷനല്‍ സെഷന്‍സ് ജഡ്ജി എസ് കൃഷ്ണകുമാറില്‍ നിന്നും കേസ് മാറ്റണം എന്നാവശ്യപ്പെട്ടു പ്രതികള്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. പക്ഷെ ഹരജി ഹൈക്കോടതി തള്ളി. ഇതിനെ തുടര്‍ന്നാണ് കേസ് വീണ്ടും സെഷന്‍സ് കോടതിയിലേക്ക് എത്തുകയും വിധി പ്രസ്താവിക്കുകയും ചെയ്തിരിക്കുന്നത്.
പ്രതികള്‍ ഹൈക്കോടതി മുന്‍പാകെ മൂന്നു ഹരജികള്‍ പലപ്പോഴായി ഫയല്‍ ചെയ്തു താല്‍കാലിക സ്റ്റേ വാങ്ങിയിരുന്നു. ഇതിനെ തുടര്‍ന്ന് വിചാരണ പലപ്പോഴും നിറുത്തി വയ്‌ക്കേണ്ടി വന്നിരുന്നു. കുറ്റകൃത്യം നടക്കുമ്പോള്‍ തങ്ങള്‍ വേറെ പ്രദേശത്താണ് എന്നു സ്ഥാപിക്കാനും പ്രതികള്‍ ശ്രമിച്ചിരുന്നു. വിധി വന്നതോടെ പ്രതികള്‍ എവിടെയുണ്ടെന്ന അന്വേഷണത്തിലാണ് പൊലിസ്. 2012 ഫെബ്രുവരി ഏഴിന് കടവൂര്‍ ക്ഷേത്ര ജങ്ഷനില്‍ വീടിന് സമീപം വച്ചാണ് പകല്‍ ജയനെ വെട്ടിക്കൊന്നത്. 64 വെട്ടുകളാണ് ശരീരത്തിലുണ്ടായിരുന്നത്. പതിനാലു സെന്റീമീറ്റര്‍ നീളത്തിലും ഏഴു സെന്റീമീറ്റര്‍ ആഴത്തിലുമുള്ള വെട്ടുകള്‍ മൃതദേഹത്തില്‍ ഏറ്റിരുന്നു. ഈ കേസില്‍ 23 സാക്ഷികളുടെ മൊഴിയും ആറു മാരകായുധങ്ങള്‍ ഉള്‍പ്പെടെ 38 തൊണ്ടി മുതലുകളും രേഖകളും തെളിവിലേക്കു ഹാജരാക്കിയിരുന്നു.
പ്രതി ഭാഗം 9-ാം പ്രതിയെ ഉള്‍പ്പെടെ 20 പേരെ സാക്ഷികളാക്കി ഹാജരാക്കിയിരുന്നു. സാക്ഷികളായി ഹാജരായ ഒരാള്‍ക്കും വെട്ടേറ്റിരുന്നു. ഇയാളുടെ മൊഴിയും പ്രതികള്‍ക്ക് എതിരായിരുന്നു. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായ പ്രതാപചന്ദ്രന്‍ പിള്ളയാണ് കേസില്‍ പ്രോസിക്യൂഷനു വേണ്ടി ഹാജരായത്. പബ്ലിക് പ്രോസിക്യൂട്ടര്‍ മഹേന്ദ്രയും അഡ്വക്കേറ്റ് വിഭുവും ഒപ്പം ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."