ശ്രീറാം ഒന്നാംപ്രതി; കുറ്റപത്രം സമര്‍പ്പിച്ചു
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനെ ഒന്നാംപ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു.
കാറില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസാണ് രണ്ടാം പ്രതി. ശ്രീറാം മദ്യപിച്ചെന്നറിഞ്ഞിട്ടും വാഹനം കൈമാറുകയും ഡ്രൈവ് ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്തതിന് പ്രേരണാ കുറ്റം ചുമത്തിയാണ് വഫ ഫിറോസിനെ രണ്ടാം പ്രതിയാക്കിയിട്ടുള്ളത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 304, 201 വകുപ്പുകളും മോട്ടോര്‍ വാഹന നിയമത്തിലെ 184,185,188 വകുപ്പുകളുമാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മൂന്നിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മനഃപൂര്‍വമല്ലാത്ത നരഹത്യ, പൊതുമുതല്‍ നശിപ്പിക്കല്‍, മോട്ടോര്‍ വാഹന വകുപ്പിലെ വിവിധ വകുപ്പുകള്‍ എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഫോറന്‍സിക് വിദഗ്ധരുടെയും വാഹന മേഖലയിലെ വിദഗ്ധരുടെയും റിപ്പോര്‍ട്ടുകള്‍ കുറ്റപത്രത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. വാഹനം 98 കിലോമീറ്റര്‍ വേഗത്തിലാണ് സഞ്ചരിച്ചതെന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍. കേസില്‍ നൂറ് സാക്ഷികളുണ്ട്. 84 രേഖകളും 72 തൊണ്ടിമുതലുകളും കേസിന്റെ ഭാഗമായി പൊലിസ് കോടതിയില്‍ ഹാജരാക്കി. ശാസ്ത്രീയ തെളിവും സാക്ഷിമൊഴികളും തെളിവായുണ്ട്. വേഗത്തില്‍ വാഹനമോടിച്ചതിന് വഫ ഫിറോസിന് നേരത്തെ മോട്ടര്‍ വാഹനവകുപ്പ് പിഴ ചുമത്തിയതായി കുറ്റപത്രത്തില്‍ പറയുന്നു. ശ്രീറാം ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്. കഴിഞ്ഞ ദിവസം സസ്‌പെന്‍ഷന്‍ കാലാവധി മൂന്നുമാസം കൂടി നീട്ടി ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു.
2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ 12.55 നാണ് ശ്രീറാം ഓടിച്ച കാറിടിച്ച് കെ.എം ബഷീര്‍ കൊല്ലപ്പെടുന്നത്. അമിത വേഗത്തിലെത്തിയ കാര്‍ ബഷീര്‍ സഞ്ചരിച്ച ബൈക്കിനു പിന്നില്‍ ഇടിക്കുകയായിരുന്നു. തെറിച്ചു വീണ ബഷീറിനെ ആശുപത്രിയിലെത്തിക്കുന്നതിനു മുന്‍പ് മരണം സംഭവിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."