കുഞ്ഞുമോളുടെ മലകയറ്റം
വി.കെ.ടി വിനു#
''ഇത്തവണ ങ്ങള് മലയ്ക്ക് പോവാച്ചാല്‍ കുഞ്ഞോളെയും കൊണ്ടോവണം...'' ഗായത്രി പറഞ്ഞപ്പോള്‍ അജീഷ് അക്ഷരാര്‍ഥത്തില്‍ ഞെട്ടി!
'ഇത്രേം പ്രശ്‌നങ്ങള്‍ നടക്കുമ്പോള്‍ പോകാതിരിക്കുകയല്ലേ ഭംഗി' എന്ന് ആ ആന്തലില്‍ തിരിച്ചുചോദിച്ചു പോയി.
''10 വയസിനുമുന്‍പെ മല ചവിട്ടിച്ചോളാംന്ന് പ്രാര്‍ഥിച്ചതൊക്കെ മറന്നുപോയോ നിങ്ങള്... പിന്നെയെപ്പോഴാ 50 കഴിഞ്ഞിട്ടോ?'' ഗായത്രി കലിതുള്ളാന്‍ തയാറെടുത്ത പോലെ.
''ഒന്നും മറന്നതല്ല ഗായത്രി, ഇനിയിപ്പോള്‍... അതൊന്നും ഒരു പ്രശ്‌നമല്ലല്ലോ... ആര്‍ക്കും എപ്പോള്‍ വേണംന്ന് കരുതിയാലും പോകാലോ...'' അജീഷ് തുടര്‍ന്നു.
''പിന്നെ കന്നിസ്വാമിയാകുമ്പോള്‍ 41 ദിവസത്തെ വൃതം, ചിട്ട... ഇതൊക്കെ നോക്കേണ്ടേ? രാവിലെ പൊരിച്ച മുട്ടയല്ലാതെ ഒന്നും വേണ്ട നിന്റെ പുന്നാരമോള്‍ക്ക് ! വൈകീട്ടോ, എന്തേലും കഴിക്കണമെങ്കില്‍ ചെമ്മീന്‍കറിയോ കൂന്തല്‍ കറിയോ വേണം... പിന്നെ വാ തുറന്നാല്‍ നിന്റെ (ടുട്ടു) മോള്‍ എടീഎടാ ന്നേ വിളിക്കൂ... ഒക്കെ നിന്റെ വളര്‍ത്തുദോഷം തന്നെ !''
''അതെയതെ, പ്പോള്‍ കുറ്റം മുഴുവന്‍ എനിക്കിട്ടോ... നിങ്ങളും നിങ്ങള്‍ടെ വീട്ടുകാരുമാ എല്ലാറ്റിനും കാരണം. ആ കുട്ടിയെ അനുസരണക്കേട് പഠിപ്പിച്ചത് നിങ്ങളാ... എന്നെ എടീന്ന് വിളിപ്പിച്ചത് നിങ്ങളാ..! അതുകേട്ട് ആത്മനിര്‍വൃതി പൂണ്ട നിമിഷങ്ങള്‍ ഞാന്‍ മറന്നിട്ടില്ല! അവസാനം അവള്‍ നിങ്ങളേം അങ്ങനെ വിളിക്ക്യാന്‍ തുടങ്ങി.. ഇപ്പോള്‍ സഹിക്കിണില്യ ല്ലേ...?''ഗായത്രി ഉറഞ്ഞുതുള്ളാന്‍ തുടങ്ങി.
അയാളും വിട്ടില്ല 'രാവിലെയായാല്‍ ഓഫീസ്... ഓഫീസില്‍നിന്നും വന്നാല്‍ വാട്ട്‌സാപ്പ്, എഫ്ബി... ഇപ്പോള്‍ മറ്റൊരു പ്രാന്തുകൂടി തലക്ക് പിടിച്ചിരിക്കുകയാണല്ലോ 'സ്മ്യൂള്‍' !! ഈ കുട്ടീടെ എന്തേലും കാര്യം നീ ശ്രദ്ധിക്കാറുണ്ടോ പോത്തേ... വലിയൊരു ഗായിക വന്നിരിക്കുന്നു...!''
''ന്നിട്ട് നിങ്ങളാണല്ലോ ഇതുവരെ അവളെ നോക്കീത്... മിണ്ടാതിരുന്നോളിന്‍... 24 മണിക്കൂറും ബിസിനസ്സും ടൂറുമായി നടക്കുന്ന വൃത്തികെട്ട ആള്‍രൂപമേ... എന്നെ പറയാന്‍ നിങ്ങള്‍ക്കെന്ത് അവകാശം?''
കളി കൈവിട്ടു പോകുമ്പോള്‍ ഫൗള്‍ വിസില്‍ ഊതി ചുവപ്പുകാര്‍ഡുമായി വരുന്ന ഫുട്ബാള്‍ റഫറിയെപ്പോലെ ഒരു വിസിലും ഊതി കുഞ്ഞുമോള്‍ രണ്ടുപേര്‍ക്കുമിടയില്‍ നിലയുറപ്പിച്ചു. 'കേറിപ്പോടാ' എന്ന് അച്ഛനോടും 'പോടി അസത്തേ...' എന്ന് അമ്മയോടും അലറി!
പരിപൂര്‍ണ നിശബ്ദത...! ഓഖി കൊടുങ്കാറ്റടങ്ങിയ അറേബ്യന്‍ സമുദ്രം പോലെ! ഒന്നും സംഭവിക്കാത്തപോലെ കുഞ്ഞുമോള്‍ കൊച്ചുടിവിയിലെ കാര്‍ട്ടൂണിലേക്കു തിരിഞ്ഞു.
അജീഷ്-ഗായത്രി ദമ്പതിമാരുടെ ഏക പുത്രിയാണു കുഞ്ഞുമോള്‍. കുഞ്ഞുമോള്‍ക്ക് 10 വയസേ ഉള്ളൂവെങ്കിലും ഒരു 16കാരിയുടെ ഐ.ക്യു ആണ്. മലയാളത്തിനു പുറമെ ഹിന്ദി ഇംഗ്ലിഷ് തമിഴ് ഭാഷകള്‍ അവള്‍ക്ക് മനസിലാകും. ടി.വി നോക്കിയാണ് അവള്‍ ഭാഷ ഹൃദിസ്ഥമാക്കുന്നത്. പുസ്തകം കൈകൊണ്ടു തൊടില്ല. എന്നാലും എല്ലാ വിഷയത്തിലും ഫുള്‍ മാര്‍ക്കാണ്. വലിയ ആള്‍ക്കാര്‍ സംസാരിക്കുന്ന പോലെ എന്തിലും ഏതിലും ഇടപെട്ടു സംസാരിക്കും. വാ തുറന്നാല്‍ തര്‍ക്കുത്തരമേ പറയൂ.. കുഞ്ഞുമോള്‍ടെ വികൃതി കണ്ട് എല്ലാവര്‍ക്കും അജീഷിനോടും ഗായത്രിയോടും സഹതാപം തോന്നാറുണ്ട്. പിന്നെ സമാധാനിപ്പിക്കും; ചെറുപ്പത്തില്‍ വികൃതിയായ പലരും പിന്നീട് പഞ്ചപ്പാവമായിട്ടുണ്ടെന്ന്. ഒരുപക്ഷെ കുഞ്ഞുമോളും മാറാതിരിക്കില്ല. അവര്‍ സമാധാനിച്ചു.
മലയാളികള്‍ ഏറെ വായിച്ചു പൊട്ടിച്ചിരിച്ച ടുട്ടുമോള്‍ എന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തെപ്പോലെയാണു പലപ്പോഴും കുഞ്ഞുമോള്‍. ഒട്ടും കൂസലില്ലാത്ത അവളുടെ ക്ഷണനേരം കൊണ്ടുള്ള കുറിക്കു കൊള്ളുന്ന മറുപടി ആരെയും ഞെട്ടിക്കും.
എന്തൊക്കെയായാലും ഇത്തവണ അവളെ മല ചവിട്ടിപ്പിച്ചിട്ടുതന്നെ... അജീഷ് തീരുമാനിച്ചുറച്ചു. കുഞ്ഞുമോളോട് കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി. ശബരിമലയെ കുറിച്ചും പുണ്യദര്‍ശനത്തെക്കുറിച്ചും വാതോരാതെ സംസാരിച്ചു. എല്ലാം കേട്ടിരുന്ന കുഞ്ഞുമോള്‍ ചോദിച്ചു:
''അപ്പോള്‍ ഈ മാളികപ്പുറത്തമ്മ പ്പോഴും കല്യാണം കഴിച്ചിട്ടില്ല? പാവം കാത്തിരുന്ന് കാത്തിരുന്ന് കിളവി ആയിക്കാണും... അല്ലേ അച്ഛാ..?''
'അതെ... ' എന്ന് ഒറ്റവാക്കില്‍ മറുപടി പറഞ്ഞു തടിയൂരുന്നതാ ഭംഗിന്ന് തോന്നി അജീഷിന്. അല്ലെങ്കില്‍ അടുത്തത് എന്ത് ഉടായിപ്പ് ചോദ്യമാ വരുന്നത്ന്ന് പറയാന്‍ പറ്റില്ല.
''അല്ല... ഈ അയ്യപ്പന് വയസ്സൊന്നും ആകില്ലേ?''
''ഇല്ല മോളെ ദൈവത്തിന് വയസ്സ് ആകില്ല, നിത്യ യൗവനമാ...''
''അതെയോ.. ന്നാല്‍ അച്ഛന് ദൈവമായാല്‍ മതിയായിരുന്നു... എന്നാല്‍ ങ്ങനെ നരക്കുമായിരുന്നില്ല!'' കുഞ്ഞുമോള്‍ പൊട്ടിച്ചിരിച്ചു. അജീഷും ഗായത്രിയും അവളുടെ ചിരിയില്‍ പങ്കുചേര്‍ന്നു.
41 ദിവസത്തെ വൃതാനുഷ്ഠാനം കുഞ്ഞുമോളില്‍ നല്ല മാറ്റം സൃഷ്ടിച്ചിരിക്കുന്നു. ചിട്ടയായ ജീവിതം. രാവിലെയും വൈകിട്ടും കര്‍പ്പൂരം കത്തിച്ചു നീണ്ട ശരണംവിളി... വാക്കുകളില്‍ മിതത്വം. പഠനത്തില്‍ പിന്നെ മോശവുമല്ലല്ലോ... സ്‌കൂളിലെ മിസ് പറഞ്ഞു:''കുഞ്ഞുമോള്‍ടെ വികൃതിത്തരങ്ങള്‍ ഒക്കെ സാക്ഷാല്‍ അയ്യപ്പന്‍ തിരിച്ചെടുത്തിരിക്കുന്നു എന്നു തോന്നുന്നു. അവളിപ്പോള്‍ നല്ല കുട്ടിയായി..''
കെട്ടുനിറച്ച്, ശരണംവിളികളോടെ കന്നി സ്വാമിയായ കുട്ടിമാളികപ്പുറവുമായി അജീഷ് അങ്ങനെ യാത്ര തിരിച്ചു. പമ്പയില്‍ വൈകിട്ട് ഏകദേശം നാലു മണിക്ക് എത്തി. കാര്യമായ തിരക്കില്ലായിരുന്നു. എന്നാലും ചുറ്റും പൊലിസുകാര്‍. എങ്ങും ഉച്ചത്തിലുള്ള നാമജപങ്ങള്‍ മാത്രം. കൂടെയുള്ള മറ്റു സ്വാമിമാര്‍ക്കൊപ്പം കുഞ്ഞുമോളുമായി അജീഷും മല ചവിട്ടിത്തുടങ്ങി.
കരിമലയും നീലിമലയും അപ്പാച്ചിമേടും താണ്ടി ക്ഷീണമേതുമറിയാതെ കുഞ്ഞുമോള്‍ ഏറെ ഉത്സാഹത്തോടെ ഒരു പ്രത്യേക താളത്തില്‍ ശരണംവിളിച്ചു മുന്നോട്ടുനീങ്ങുന്നത് ഏറെ വാത്സല്യത്തോടെയാണ് അജീഷ് നോക്കിയത്. ഒരുവേള പുത്രീസ്‌നേഹത്താല്‍ അജീഷിന്റെ കണ്ണുകള്‍ നിറഞ്ഞു. അയ്യപ്പദര്‍ശനം അവളുടെ കുസൃതി മാറാനുള്ള ഒരു നിമിത്തമാകാം എന്നാശ്വസിച്ചു.
കോടതിവിധി വന്നതിനുശേഷം തീര്‍ഥാടകരെക്കാള്‍ പൊലിസുകാരും പിന്നെ മാധ്യമപ്പടകളുമാണു ചുറ്റിലും. ഒരു പ്രത്യേക ഈണത്തിലുള്ള ശരണംവിളികളുമായി കുഞ്ഞുമോള്‍ മുന്നില്‍ തന്നെയുണ്ട്... പലരും കുഞ്ഞുമോള്‍ടെ ശരണംവിളി പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. അത്രയൊന്നും പരിചിതമല്ലെങ്കിലും ഈയിടെ ഹിറ്റായ ഏതോ പാട്ടിന്റെ ഈണമായി സാമ്യം തോന്നി അജീഷിനത്.
അജീഷും കുഞ്ഞുമോളും സംഘവും നടപ്പന്തലും കഴിഞ്ഞു പതിനെട്ടാംപടി എത്തിയിരിക്കുന്നു. അവിടെയൊക്കെ പലയിടത്തായി കൂട്ട നാമജപവും ശരണംവിളികളും നടക്കുന്നുണ്ട്. പൊലിസിന്റെ പൂര്‍ണ നിയന്ത്രണത്തിലാണു സന്നിധാനവും പരിസര പ്രദേശങ്ങളും.
എന്നിരുന്നാലും ഒട്ടും തിരക്കില്ല... കുഞ്ഞുമോള്‍ തേങ്ങ ഉടച്ചു പതിനെട്ടാംപടി തൊട്ട് നമസ്‌കരിച്ചു. സ്വാമിയേ ശരണമയ്യപ്പ എന്നുറക്കെ വിളിച്ചു പടികയറി സന്നിധാനത്തെത്തി. അയ്യനെ കണ്‍കുളിര്‍ക്കെ കണ്ടു പ്രാര്‍ഥിച്ചോളാന്‍ പറഞ്ഞു കുഞ്ഞുമോളെ അജീഷ് എടുത്തുയര്‍ത്തി. ആ വിശ്വരൂപം മതിയാവോളം കാണാന്‍ പറഞ്ഞു. തൊഴുതുനിവര്‍ന്നു അവളെ താഴെ ഇറക്കിയതും അവള്‍ ശരീരം ഒരു പ്രത്യേകരീതിയില്‍ ചലിപ്പിച്ചു കൊണ്ട് ഉറക്കെ ചൊല്ലി:
''എന്റെമ്മേടെ ജിമിക്കി കമ്മല്‍... സ്വാമിയെ ശരണമപ്പാ
എന്റെച്ഛന്‍ കട്ടോണ്ടും പോയി... അയ്യപ്പാ ശരണമപ്പാ...''
കൂടെ ഏറ്റുചൊല്ലാന്‍ എവിടെനിന്നോ നാലഞ്ചു കുട്ടികള്‍ അവള്‍ക്കൊപ്പം കൂടി! പെട്ടെന്ന് സന്നിധാനം പരിപൂര്‍ണ നിശബ്ദതയിലായി! കുഞ്ഞുമോള്‍ടെ 'ജിമുക്കി...' അവിടെ ഉയര്‍ന്നുകേട്ടു. ഡ്യൂട്ടിയിലുള്ള പൊലിസുകാര്‍ പ്രതിഷേധ നാമജപമാണെന്നു കരുതി സോപാനത്തിലേക്ക് ഇരച്ചെത്തി.
മാധ്യമപ്പട പെട്ടെന്നു ജാഗരൂകരായി കാമറയുമായി നിലയുറപ്പിച്ചു. കര്‍മസമിതി പ്രവര്‍ത്തകര്‍ എന്താ സംഭവിക്കുന്നതെന്ന് അറിയാതെ നിന്നുകിതച്ചു!
''അയ്യയ്യോ... പാപം! പാപം! കൊളന്ത പയിത്യമായി പോയാച്ചാ.. അയ്യാ പൊറുക്കണേ...'' ഏതോ തമിഴ്ഭക്തന്റെ രോദനം ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.
ഉയര്‍ന്ന പൊലിസ് ഉദ്യോഗസ്ഥരിലാരോ കുട്ടിയോടു നിശബ്ദനായിരിക്കാന്‍ പറഞ്ഞു.
കൂടെയുള്ളവരെ ഒന്നും നോക്കാന്‍ നിന്നില്ല. കുഞ്ഞുമോള്‍ടെ കൈയും പിടിച്ച് അജീഷ് മാളികപ്പുറം കോവിലിനടുത്തേക്കു വേഗത്തില്‍ നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."