പൊതുവിദ്യാലയങ്ങളിലെ ഇ-മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ പാതിവഴിയില്‍
മഞ്ചേരി: ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ ഇ-മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ പാതിവഴിയില്‍ മുടങ്ങി. സ്‌കൂളുകളില്‍ വിവിധ ഏജന്‍സികള്‍ നല്‍കിയ കാലഹരണപ്പെട്ട കംപ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളുമാണ് നീക്കംചെയ്യാതെ കിടക്കുന്നത്. ഐ.ടി അറ്റ് സ്‌കൂളും തദ്ദേശ സ്വയംഭരണവകുപ്പിനു കീഴിലെ ക്ലീന്‍ കേരള കമ്പനിയും ചേര്‍ന്ന് ഇ-മാലിന്യം നീക്കംചെയ്യല്‍ ആരംഭിച്ചിരുന്നെങ്കിലും പൂര്‍ത്തീകരിക്കാനായില്ല. സ്‌കൂള്‍തല സമിതി പരിശോധിച്ച് ഉപയോഗ ശൂന്യമാണെന്ന് ഉറപ്പാക്കിയ ഉപകരണങ്ങളാണ് വിവിധ സ്‌കൂളുകളില്‍നിന്ന് നീക്കംചെയ്യേണ്ടത്. മാലിന്യം സംബന്ധിച്ച പരിശോധനയും മറ്റു നടപടികളും പാതിവഴിയില്‍ നിലച്ചത് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്.
കഴിഞ്ഞ വര്‍ഷം 32 ടണ്‍ ഇ-മാലിന്യം ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി ശേഖരിച്ചിരുന്നു. വാറന്റി, എ.എം.സി എന്നിവയുള്ള ഉപകരണങ്ങള്‍ ഇ-മാലിന്യങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തില്ല. ഇ-മാലിന്യമായി നിശ്ചയിക്കുന്ന ഉപകരണങ്ങള്‍ സ്റ്റോക്ക് രജിസ്റ്ററില്‍ രേഖപ്പെടുത്തി കുറവുചെയ്യണം.
ഇ-മാലിന്യമായി മാറ്റുന്ന ഉപകരണങ്ങളില്‍ രഹസ്യസ്വഭാവമുള്ള ഡാറ്റകള്‍ ഇല്ലെന്ന് ഉറപ്പാക്കേണ്ട ചുമതലയും സ്‌കൂള്‍ അധികൃതര്‍ക്കാണ്. 2008 മാര്‍ച്ച് 31ന് മുന്‍പ് ലഭിച്ചതും പ്രവര്‍ത്തന ക്ഷമമല്ലാത്തതുമായ കംപ്യൂട്ടര്‍, അനുബന്ധ ഉപകരണങ്ങള്‍, 2010 മാര്‍ച്ച് 31ന് മുന്‍പ് ലഭിച്ച 600 വി.എ യു.പി.എസ്, സി.ആര്‍.ടി മോണിറ്റര്‍, കീബോര്‍ഡ്, മൗസ് എന്നിവയാണ് ഇ-മാലിന്യങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയത്. ഉപകരണങ്ങള്‍ സ്‌കൂള്‍തല സമിതി പരിശോധിച്ച് ഉപയോഗ ശൂന്യമാണെന്ന് ഉറപ്പാക്കണം. തുടര്‍ന്ന് ഐ.ടി അറ്റ് സ്‌കൂളിന്റെ സാങ്കേതികസമിതി ഇവ ഒരിക്കല്‍കൂടി പരിശോധിച്ച് മറ്റൊരാവശ്യത്തിനും ഉപയോഗിക്കാന്‍ കഴിയില്ല എന്നുറപ്പുവരുത്തിയശേഷമെ ഇ-മാലിന്യമായി കണക്കാക്കൂ.
ഒരു കേന്ദ്രത്തില്‍ 500 കിലോ ഇമാലിന്യം സൂക്ഷിച്ചാല്‍ ക്ലീന്‍ കേരള കമ്പനിയെത്തി ശേഖരിക്കുമെന്നായിരുന്നു തീരുമാനം. എന്നാല്‍ ഇത് പലയിടങ്ങളിലും നടപ്പായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."