ബിഗ്‌ബോസ് പിന്നിലുണ്ട്
2014 മെയില്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റതിന് തൊട്ടുപിന്നാലെ ജൂലൈയില്‍ ആര്‍.എസ്.എസ് തങ്ങളുടെ അംഗങ്ങളായ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി മുംബൈയില്‍ ഒരു ട്രയിനിങ് ക്യാംപ് സംഘടിപ്പിച്ചു. ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷിയുടെ നേതൃത്വത്തില്‍ രാംഭവു മഹാല്‍ഗി പ്രബോധിനിയില്‍ നടന്ന ക്യാംപില്‍ സര്‍ക്കാര്‍ ഫയലുകളില്‍ കുറിപ്പുകള്‍ തയാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചായിരുന്നു പ്രധാന പരിശീലനം. വാജ്‌പേയ് സര്‍ക്കാര്‍ പോലെ മോദി സര്‍ക്കാര്‍ കോണ്‍ഗ്രസ് ഭരണ രീതികളുടെ തുടര്‍ച്ചയാവരുതെന്നായിരുന്നു ഉല്‍ബോധനം. വാജ്‌പേയി സര്‍ക്കാരിന്റെ നടപടികള്‍ മുന്‍കാല കോണ്‍ഗ്രസ് സര്‍ക്കാറിന്റെ തുടര്‍ച്ചയാണെന്ന ആക്ഷേപം ആര്‍.എസ്.എസിനുണ്ടായിരുന്നു. സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റുകളിലെ ഇടപെടലുകളില്‍ ആര്‍.എസ്.എസ് പുതിയതായിരുന്നില്ലെങ്കിലും മോദിക്കാലത്തിനു മുമ്പ് വരെ അവര്‍ക്ക് സമ്പൂര്‍ണ സ്വാതന്ത്ര്യം ലഭിച്ചിരുന്നില്ല. തുടര്‍ന്നുള്ള മാസങ്ങളില്‍ സര്‍ക്കാറിന്റെ എല്ലാ നിര്‍ണായക മേഖലകളിലും സംഘ് താല്‍പര്യങ്ങള്‍ക്കനുസൃതമായ വിന്യാസവും ക്രമപ്പെടുത്തലുകളുമുണ്ടായി. അന്നു മുതല്‍ ഇന്നുവരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥ തലങ്ങളില്‍ തുടര്‍ച്ചയായ പിരിച്ചുവിടലുകള്‍ നടക്കുന്നു.
ഈ പദവികളില്‍ ആര്‍.എസ്.എസ് കാഡര്‍മാര്‍ ഉയര്‍ന്ന ശമ്പളത്തില്‍ നിയമിക്കപ്പെട്ടു. താല്‍ക്കാലിക ജീവനക്കാര്‍ മുതല്‍ സുരക്ഷാ ജീവനക്കാര്‍ വരെ ഇത്തരത്തില്‍ സംഘ് ഇഷ്ടങ്ങള്‍ക്കനുസരിച്ച് നിയമിക്കപ്പെട്ടവരായിരുന്നു. ഈ അടിസ്ഥാനപരമായ വിന്യാസത്തിലായിരുന്നു മോദി സര്‍ക്കാറിന്റെ ആദ്യ വര്‍ഷത്തില്‍ ആര്‍.എസ്.എസിന്റെ ശ്രദ്ധ. ഈ വിന്യാസത്തില്‍ നിന്നാണ് മുത്വലാഖ് നിയമം മുതല്‍ യു.എ.പി.എ ഭേദഗതിയിലൂടെ തുടരുന്ന നിരവധി നിയമങ്ങളും പിന്നാലെ പൗരത്വ നിയമ ഭേദഗതിയുമുണ്ടാകുന്നത്. രാജ്യത്തെ ഡിറ്റന്‍ഷന്‍ ക്യാംപുകള്‍ വരെ ഒരു ആര്‍.എസ്.എസ് പദ്ധതിയാണ്.
മോദിയുടെ പ്രത്യക്ഷ വര്‍ഗീയതയ്ക്കും കോര്‍പ്പറേറ്റ് പ്രണയത്തിനുമിടയിലൂടെ സമര്‍ത്ഥമായി പലതും ഒളിച്ചു കടത്തുന്നുണ്ടായിരുന്നു ആര്‍.എസ്.എസ്. തികച്ചും നിഷ്‌കളങ്കവും പരിഹാസ്യവുമെന്ന് നമ്മള്‍ കരുതുന്ന നീക്കങ്ങളിലൂടെ എങ്ങനെയാണ് രാജ്യത്തിന്റെ വിവിധ മേഖലകളെ തങ്ങളുടെ വരുതിയില്‍ അവര്‍ നിര്‍ത്തിയിരിക്കുന്നതെന്ന് പരിശോധിക്കപ്പെടേണ്ടതാണ്. വാജ്‌പേയി സര്‍ക്കാറിന്റെ കാലത്ത് താരതമ്യേന ദുര്‍ബലമായിരുന്ന സര്‍ക്കാര്‍ ആര്‍.എസ്.എസ് -കോര്‍ഡിനേഷന്‍ യോഗങ്ങള്‍ സജീവമായത് മോദി സര്‍ക്കാറിന്റെ കാലത്താണ്. 2015 സെപ്റ്റംബറിലായിരുന്നു മോദി സര്‍ക്കാറിന്റെ കാലത്തെ ആദ്യ കോര്‍ഡിനേഷന്‍ യോഗം.
പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഇത്തരം യോഗങ്ങളില്‍ പങ്കെടുക്കുമായിരുന്നു. ഈ യോഗങ്ങളിലായിരുന്നു സര്‍ക്കാര്‍ പദ്ധതികള്‍ക്ക് രൂപം നല്‍കിയിരുന്നത്. ഫലത്തില്‍ ഭരിക്കുന്നത് ആര്‍.എസ്.എസാണ്. സംഘടനാപരമായും മോദി സര്‍ക്കാറിന്റെ ആദ്യകാലം ആര്‍.എസ്.എസിന് നല്ല കാലമായിരുന്നു. ഈ കാലയളവില്‍ വിദ്യാര്‍ഥി ശാഖകളുടെ എണ്ണത്തില്‍ മാത്രം 14 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. ആര്‍.എസ്.എസിന്റെ വാര്‍ഷിക റിപോര്‍ട്ട് പ്രകാരം 2014 ഏപ്രിലിന് ശേഷം 12 മാസത്തിനുള്ളില്‍ 6000 പുതിയ ശാഖകള്‍ തുറന്നു. ആകെ ശാഖകളുടെ എണ്ണം 44982 ല്‍ നിന്ന് 51,330 ആയി ഉയര്‍ന്നു, തൊട്ടടുത്ത വര്‍ഷം ഇത് 58,967 ആയി വീണ്ടുമുയര്‍ന്നു. ഒന്നാം മോദി സര്‍ക്കാര്‍ പൂര്‍ത്തിയായപ്പോഴേക്കും കൂടുതല്‍ വര്‍ധനവുണ്ടായി. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ തങ്ങളുടെ ആളുകളെ നിയമിക്കുന്ന കാര്യത്തില്‍ ലക്ഷ്യം നേടാനായെന്ന് ആര്‍.എസ്.എസ് മുന്‍ സൈദ്ധാന്തികന്‍ കെ.എന്‍ ഗോവിന്ദാചാര്യ പരസ്യമായി സമ്മതിക്കുന്നുണ്ട്.
മാനവവിഭവശേഷി മന്ത്രാലയമായിരുന്നു ആര്‍.എസ്.എസിന് പ്രത്യേക താല്‍പര്യമുള്ള വകുപ്പുകളില്‍ പ്രധാനപ്പെട്ടത്. ഇതിലാകട്ടെ പൂര്‍ണമായും ആര്‍.എസ്.എസ് താല്‍പര്യങ്ങള്‍കനുസൃതമായ നീക്കങ്ങളുണ്ടായി. യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷനി(യു.ജി.സി)ലേക്ക് ആര്‍.എസ്.എസ് സൈദ്ധാന്തികനും നാഷണല്‍ ഡെമോക്രാറ്റിക് ടീച്ചേഴ്‌സ് ഫ്രണ്ട് സ്ഥാപകനുമായ പ്രൊഫസര്‍ ഇന്ദര്‍ മോഹന്‍ കപാഹിയെ നിയമിച്ചതായിരുന്നു ഇതിലൊന്ന്. ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ആര്‍.എസ്.എസ് അനുകൂല അധ്യാപക സംഘടനയാണ് നാഷണല്‍ ഡെമോക്രാറ്റിക് ടീച്ചേഴ്‌സ് ഫ്രണ്ട്. നിയമനത്തെ ചെയര്‍പേഴ്‌സണ്‍ വേദ് പ്രകാശിനെപ്പോലുള്ളവര്‍ എതിര്‍ത്തെങ്കിലും കാര്യമൊന്നുമുണ്ടായില്ല. ഭരണ കാര്യങ്ങളില്‍ ഇടപെടില്ലെന്നും അതിന്റെ സംഘടനാപരമായ കാര്യങ്ങളുമായി മുന്നോട്ടുപോകുമെന്നുമായിരുന്നു സര്‍ക്കാറിന്റെ തുടക്ക കാലം മുതല്‍ തന്നെ ആര്‍.എസ്.എസ് പറഞ്ഞുകൊണ്ടിരുന്നത്. ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് ഇക്കാര്യം തുടര്‍ന്നുള്ള പല പ്രസംഗങ്ങളിലും ആവര്‍ത്തിക്കുകയും ചെയ്തു.
എന്നാല്‍ അങ്ങനെയായിരുന്നില്ല കാര്യങ്ങള്‍. എല്ലാം ആര്‍.എസ്.എസായിരുന്നു നിയന്ത്രിച്ചിരുന്നത്. എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിദേശകമ്പനികള്‍ക്ക് വില്‍ക്കാന്‍ സര്‍ക്കാര്‍ പദ്ധതി തയാറാക്കിയപ്പോള്‍ ആര്‍.എസ്.എസ് എതിര്‍ത്തു. നിങ്ങള്‍ക്ക് നടത്താനാവില്ലെങ്കില്‍ പുറത്തേക്ക് കൊടുക്കാം, എന്നാലത് ഇന്ത്യക്കാരനായിരിക്കണമെന്ന് ഭാഗവത് പരസ്യമായി പറയുകയും ചെയ്തു. 10 മാസമായി വിദേശത്തു നിന്ന് ഓഹരി വാങ്ങാനാളെ തിരയുകയായിരുന്ന വ്യോമയാന മന്ത്രാലയം അതോടെ പദ്ധതി അവസാനിപ്പിച്ചുവെന്ന് മാത്രമല്ല ഓഹരിവാങ്ങാനുള്ള അവകാശം ഇന്ത്യക്കാര്‍ക്ക് ആകര്‍ഷകമാവും വിധം പ്രിലിമിനറി ഇന്‍ഫര്‍മേഷന്‍ മെമ്മോറാണ്ടം മാറ്റിയെഴുതുകയും ചെയ്തു. തുടര്‍ന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും എയര്‍ ഇന്ത്യ വാങ്ങാനാരും തയാറായിട്ടില്ല.
ഒരു ബഗ്ഗിങ് വിവാദത്തോടെയാണ് ഒന്നാം മോദി സര്‍ക്കാറിന്റെ ആദ്യവര്‍ഷം തുടങ്ങുന്നത്. സര്‍ക്കാര്‍ അധികാരമേറ്റ് രണ്ടു മാസം തികയുന്നതിനുള്ളില്‍, 2014 ജൂലൈ 26ന് ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ ഔദ്യോഗിക വസതിയില്‍ ശബ്ദം ചോര്‍ത്തുന്ന ഉപകരണങ്ങള്‍ ഘടിപ്പിച്ചതായി കണ്ടെത്തി. ഇതിനു പിന്നില്‍ സുബ്രഹ്മണ്യം സ്വാമിയാണെന്നും അമേരിക്കന്‍ ഇന്റലിജന്‍സാണെന്നുമുള്ള കഥകളുണ്ടായി. കഴിഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാറിന്റെ കാലത്ത് സ്ഥാപിച്ചതായിരിക്കാമെന്ന് ബി.ജെ.പിയുമായി അടുപ്പമുള്ളവര്‍ അഭ്യൂഹം പരത്തി. സംഭവമേ ഉണ്ടായിട്ടില്ലെന്ന് ഗഡ്കരിയും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങും പറഞ്ഞെങ്കിലും വിശ്വസനീയമായിരുന്നില്ല കാര്യങ്ങള്‍. മന്ത്രിയുടെ വിവരം ചോര്‍ത്തിയത് സംബന്ധിച്ച് അന്വേഷണം വേണമെന്ന് പ്രതിപക്ഷപ്പാര്‍ട്ടികള്‍ നിരന്തരം ആവശ്യപ്പെടേണ്ട വിചിത്രമായ സാഹചര്യങ്ങളുമുണ്ടായി. നിരീക്ഷണം എല്ലായിടത്തുമുണ്ടായിരുന്നു.
മോദി തന്നെ മന്ത്രിമാരെ രഹസ്യമായി നിരീക്ഷിക്കുകയും അവരുടെ വിവരങ്ങള്‍ ചോര്‍ത്തുകയും ചെയ്യുന്നുവെന്ന വിവരം ആദ്യമായി പൊങ്ങിവന്നത് അന്ന് പരിസ്ഥിതി മന്ത്രിയായിരുന്ന പ്രകാശ് ജാവ്‌ദേക്കര്‍ വിദേശയാത്രയ്ക്കായി ജീന്‍സ് ധരിച്ച് എയര്‍പോര്‍ട്ടിലെത്തിയ സംഭവത്തോടെയാണ്. ഔദ്യോഗിക യാത്രയ്ക്കായി വിമാനത്താവളത്തിലെത്തിയ ജാവ്‌ദേക്കറിനെ മോദി നേരിട്ട് വിളിച്ച് ജീന്‍സ് ധരിച്ചത് ശരിയായില്ലെന്നും ആവര്‍ത്തിക്കരുതെന്നും നിര്‍ദേശിച്ചു. നിരീക്ഷണം മോദി നേരിട്ടായിരുന്നില്ല. ആര്‍.എസ്. എസിലൂടെയായിരുന്നു നടപ്പാക്കിയിരുന്നത്.
ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി സ്വന്തം മന്ത്രാലയവുമായി ബന്ധപ്പെട്ട വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചപ്പോഴെല്ലാം ആര്‍.എസ്.എസുകാരാണ് അതിലിടം പിടിച്ചത്. നയരൂപീകരണത്തില്‍ അവര്‍ പങ്കാളികളായി. നാഗ്പൂരിലെ ആര്‍.എസ്.എസ് സഹയാത്രികരായ വ്യവസായികളുമായി ഗഡ്കരിയുടെ ബന്ധവും അവര്‍ക്ക് നല്‍കിയ വഴിവിട്ട സഹായവും പുതിയതായിരുന്നില്ല. മഹാരാഷ്ട്രയില്‍ ബി.ജെ.പി സര്‍ക്കാറുമായി ബന്ധപ്പെട്ട് അഴിമതിക്കഥകള്‍ പൊങ്ങിവന്നപ്പോഴെല്ലാം അതില്‍ ഒളിഞ്ഞും തെളിഞ്ഞും ഗഡ്കരിയും ആര്‍.എസ്.എസുമുണ്ടായിരുന്നു. വ്യക്തികളില്‍ നിന്ന് മാത്രമായിരുന്നു അവര്‍ സംഭാവനകള്‍ സ്വീകരിച്ചിരുന്നത്. നാഗ്പൂരിലെ ആസ്ഥാനം പോലും അങ്ങനെ പണി കഴിപ്പിച്ചതാണ്. എന്നാല്‍ സംഘടനയ്ക്കാവശ്യമായ രഹസ്യ സാമ്പത്തിക സ്രോതസ്സുകള്‍ വേറെയുണ്ടായിരുന്നു. ഗഡ്കരിയെപ്പോലുള്ളവരെ മുന്‍ നിര്‍ത്തി കച്ചവടമായിരുന്നു നടന്നിരുന്നത്.
ഹെഡ്‌ഗേവാറിന്റെ വീട് അതിലെ നിയമപരമായ പ്രശ്‌നങ്ങളെല്ലാം മറികടന്ന് പണം നല്‍കി ആര്‍.എസ്.എസിന് വാങ്ങി നല്‍കിയത് ഗഡ്കരിയാണ്. മഹാരാഷ്ട്രയില്‍ പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോള്‍ മാത്രമല്ല കോണ്‍ഗ്രസ് എന്‍.സി.പി സഖ്യം ഭരിക്കുന്ന കാലത്തും ഗഡ്കരിയുടെ സ്വാധീനത്തിന് കുറവുണ്ടായിരുന്നില്ല. 2012ല്‍ ഗഡ്കരിയുടെ ബന്ധമുള്ള പുര്‍ത്തി ഗ്രൂപ്പിന് അണക്കെട്ട് പദ്ധതിയ്ക്കായി 100 ഏക്കര്‍ കൃഷി ഭൂമി ഏറ്റെടുത്തു നല്‍കിയത് കോണ്‍ഗ്രസ്, എന്‍.സി.പി സര്‍ക്കാറാണ്.
ഇനി പുര്‍ത്തി ഗ്രൂപ്പ് ആരാണെന്നറിയുന്നതാണ് രസകരം. അഞ്ചു കമ്പനികള്‍ ചേര്‍ന്ന ഈ കണ്‍സോര്‍ഷ്യത്തില്‍ ഡയരക്ടര്‍മാരിലൊരാള്‍ ഗഡ്കരിയുടെ ഡ്രൈവറായിരുന്നു. സുധീര്‍ ഡബ്ല്യു ദിവെയായിരുന്നു മാനേജിങ് ഡയരക്ടര്‍. ദിവെ ഗഡ്കരിയുടെ പഴയ പേഴ്‌സണല്‍ സെക്രട്ടറി. ഗഡ്കരി കേന്ദ്രമന്ത്രിയായ ശേഷം പുര്‍ത്തി ഗ്രൂപ്പ് അസാധാരണമാം വിധം വളര്‍ന്നു. എത്തനോള്‍ ഇന്ധനമാക്കിയുള്ള ബസുകള്‍ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നതിന് മുമ്പ് തന്നെ പുര്‍ത്തി ഗ്രൂപ്പ് ഈ പദ്ധതി തുടങ്ങിയിരുന്നു. 2016ല്‍ മനാസ് അഗ്‌റോ ഇന്‍ഡസ്ട്രീസ് എന്ന കമ്പനിക്ക് ഐ.ഡി.ബി.ഐയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യം അസാധാരണമായ രീതിയില്‍ 1,034 കോടിയുടെ ലോണ്‍ നല്‍കി. ഗഡ്കരിയുടെ മക്കളിലൊരാള്‍ മനാസ് അഗ്‌റോ ഇന്‍ഡസ്ട്രീസിന്റെ ഡയരക്ടറും മറ്റൊരു മകന്‍ അതിന്റെ പ്രമോട്ടറുമായിരുന്നു.
ഒരേ സമയം സാംസ്‌കാരിക, വ്യാവസായിക, രാഷ്ട്രീയ രംഗങ്ങളെ നിയന്ത്രിക്കുന്നതാണ് ഇന്ത്യന്‍ ഫാസിസം. തികഞ്ഞ രാഷ്ട്രീയ ബോധത്തോടെ തന്നെ വേണം അതിനെതിരേ സമരം ചെയ്യാന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."