തിരുവള്ളൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ വികസനത്തിന് മാസ്റ്റര്‍പ്ലാന്‍ തയാറാക്കും
വടകര: തിരുവള്ളൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിന് വികസന മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ പാറക്കല്‍ അബ്ദുല്ല എം.എല്‍.എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ആശുപത്രി വികസന സമിതി യോഗത്തില്‍ തീരുമാനമായി. ആശുപത്രിയില്‍ നിലവിലുള്ള സൗകര്യങ്ങള്‍, പരിമിതികള്‍, സാധ്യതകള്‍ എന്നിവ വിലയിരുത്തിയാണു മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുക.
നിലവില്‍ നാല് ജനറല്‍ ഡോക്ടര്‍മാരും മറ്റ് അനുബന്ധ ജീവനക്കാരും ഉള്ള സ്റ്റാഫ് പാറ്റേണ്‍ ആണുള്ളത്. ദിനംപ്രതി 600 വരെ രോഗികള്‍ ആശുപത്രിയില്‍ എത്തുന്നുണ്ട്. ലബോറട്ടറി, ജീവിതശൈലീ രോഗ ക്ലിനിക്, മാസത്തിലൊരു ദിവസം ഗര്‍ഭ ശുശ്രൂഷ തുടങ്ങിയവ നിലവിലുണ്ട്. എച്ച്.എം.സി യുടെ നേതൃത്വത്തില്‍ ഫിസിയോതെറാപ്പി കേന്ദ്രവും പ്രവര്‍ത്തിക്കുന്നു. പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന ആശുപത്രി റോഡാണ് ഏറ്റവും വലിയ വെല്ലുവിളി.
30 ലക്ഷം രൂപ ജില്ലാപഞ്ചായത്ത് നല്‍കിയത് ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചു വരുന്നു. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 60 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ആശുപത്രിയെ പ്രധാന റോഡുമായി ബന്ധിപ്പിക്കുന്ന 100 മീറ്റര്‍ റോഡിന് അഞ്ചു ലക്ഷം രൂപ അനുവദിച്ചതായി എം.എല്‍.എ യോഗത്തില്‍ അറിയിച്ചു.
സര്‍ക്കാരിന്റെ നിലവിലുള്ള നയത്തിന്റെ അടിസ്ഥാനത്തില്‍ കിടത്തി ചികിത്സ സാധ്യമാണോ എന്ന് പരിശോധിക്കും. 'ആര്‍ദ്രം' പദ്ധതിയില്‍ ഉള്‍പ്പെടുത്താനും 'കുടുംബാരോഗ്യകേന്ദ്രം' ആക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവ ത്വരിതപ്പെടുത്തും. ദന്തരോഗം, പ്രസവ ശുശ്രൂഷ എന്നിവയ്ക്ക് സ്‌പെഷാലിറ്റി ഒ.പി തുടങ്ങും.
മാസ്റ്റര്‍പ്ലാനിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ കെട്ടിടങ്ങള്‍ നിര്‍മ്മിക്കും. ബ്ലോക്ക് പഞ്ചായത്തും ആശുപത്രി ജീവനക്കാരും ചേര്‍ന്ന് പ്ലാന്‍ തയാറാക്കിയശേഷം എം.എല്‍.എയുടെ നേതൃത്വത്തില്‍ വീണ്ടും യോഗം ചേര്‍ന്ന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.
യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ മലയില്‍ ആസ്യ അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. മോഹനന്‍, മെഡിക്കല്‍ ഓഫിസര്‍ ഡോ. ഉഷ, വാര്‍ഡ് മെംബര്‍ കൂമുള്ളി ഇബ്രാഹിം, ഇ. കൃഷ്ണന്‍, വടയക്കണ്ടി നാരായണന്‍, തിരിക്കോട്ട് കുഞ്ഞിക്കണ്ണന്‍, റഫീഖ് മലയില്‍, കെ.കെ ബാലകൃഷ്ണന്‍, എന്‍. ദിലീപന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."