HOME
DETAILS
MAL
ബജറ്റിനെതിരേ പ്രതിപക്ഷം; ഘടകകക്ഷികള്‍ക്കും അതൃപ്തി
backup
February 03 2020 | 02:02 AM
ന്യൂഡല്‍ഹി: പൊതുമേഖാലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്നതും കോര്‍പറേറ്റുകകള്‍ക്ക് ഇളവുകള്‍ നല്‍കുന്നതുമായ കേന്ദ്ര ബജറ്റിനെതിരേ പ്രതിപക്ഷ കക്ഷികള്‍. രാജ്യത്തു തകര്‍ന്നടിയുന്ന വിപണിയുടെ പുനരുജ്ജീവനത്തിനോ തൊഴിലില്ലായ്മ പരിഹരിക്കാനോ ബജറ്റില്‍ നടപടിയില്ലെന്നു കോണ്‍ഗ്രസ് ആരോപിച്ചു.
ആദായ നികുതിയിനത്തില്‍ നല്‍കിയ ഇളവുകള്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യമാണെന്നു മുന്‍ ധനകാര്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം വ്യക്തമാക്കി.
കുറഞ്ഞ വരുമാനപരിധിയുലുള്ള ആദാനികുതിക്കാര്‍ക്കു ഇളവു പ്രഖ്യാപിക്കുന്ന ഏതു നയങ്ങളെയും തങ്ങള്‍ സ്വാഗതം ചെയ്യുമെന്നു പറഞ്ഞ അദ്ദേഹം, ഇളവുകള്‍ നോടാന്‍ കഴിയില്ല എന്നതാണ് ബജറ്റിലെ നിബന്ധനകള്‍കൊണ്ട് ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കി.
ഭക്ഷണം, വളം എന്നിവയുടെ സബ്‌സിഡി വെട്ടിക്കുറച്ചു. വിലക്കയറ്റം മുന്‍കൂട്ടിക്കണ്ട് പെട്രോളിയം ഉല്‍പന്നങ്ങളുടെ സബ്‌സിഡി ഉയര്‍ത്തി.
വിലക്കയറ്റത്തില്‍നിന്നു ജനങ്ങള്‍ക്ക് യാതൊരു ആശ്വാസവും ലഭിക്കില്ലെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും എല്‍.ഐ.സി ഓഹരി വിറ്റഴിക്കാനുള്ള നീക്കത്തെ പാര്‍ലമെന്റില്‍ ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കോടിപതികള്‍ക്കായുള്ള ഒരു പ്രസ്താവനയെന്നാണ് ബജറ്റിനെ ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍ വിശേഷിപ്പിച്ചത്. സാധാരണക്കാര്‍ക്കോ അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങള്‍ക്കോ ബജറ്റില്‍ ഒന്നും ഉള്‍പ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നം തൊഴിലില്ലായ്മയാണെന്നും ഇതു നേരിടാനുള്ള പദ്ധതികളൊന്നും ബജറ്റില്‍ ഉള്‍പ്പെട്ടില്ലെന്നും കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധി നേരത്തെ ആരോപിച്ചിരുന്നു.
ബജറ്റ് അവതരിപ്പിച്ചത് ഭാരതീയ ബിസിനസ്മാന്‍സ് പാര്‍ട്ടിയാണ് എന്നായിരുന്നു ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ പരിഹാസം.
ബജറ്റിനെതിരേ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവും രംഗത്തെത്തി. പൊള്ളയായ കുറേ മുദ്രാവാക്യങ്ങള്‍ മാത്രമാണ് ബജറ്റെന്നാണ് സി.പി.എം ജനറല്‍ സെക്രട്ടരി സീതാറാം യെച്ചൂരി പ്രതികരിച്ചത്. ശിരോമണി അകാലിദള്‍, ജനതാദള്‍ യുനൈറ്റഡ് അടക്കമുള്ള പാര്‍ട്ടികളാണ് അതൃപ്തി പരസ്യരപ്പെടുത്തിയത്. ഗ്രാമീണ വിപണികളെ പുനരുജ്ജീവിപ്പിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ശിരോമണി അകാലിദള്‍ നേതാവ് നരേഷ് ഗുജ്‌റാള്‍ ആവശ്യപ്പെട്ടു. ഇത് ബാലന്‍സ്ഡ് ബജറ്റാണെന്നും തെരഞ്ഞെടുപ്പ് വര്‍ഷമല്ലാത്തിനാല്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നുമായിരുന്നു ജെ.ഡി.യു നേതാവ് കെ.സി ത്യാഗിയുടെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."