ഹുറൂബായ മലയാളി വീട്ടുജോലിക്കാരി ദുരിതങ്ങള്‍ക്കൊടുവില്‍ നാട്ടിലേക്ക് മടങ്ങി
ദമ്മാം: കുടുംബത്തിന്റെ ക്രൂരത സഹിക്കാനാവാതെ വീടുവിട്ടിറങ്ങി അവസാനം സ്‌പോണ്‍സര്‍ ഹുറൂബാക്കിയ മലയാളി വീട്ടമ്മ അവസാനം ജന്‍മനാട്ടിലേക്ക് മടങ്ങി. ഇന്ത്യന്‍ എംബസിയുടെയും പ്രവാസി സന്നദ്ധ സംഘടനകളുടെയും സഹായത്തോടെയാണ് ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള അവസരമൊരുങ്ങിയത്.
കൊല്ലം ചടയമംഗലം കുന്നം കോടില്‍ കളരി പുത്തന്‍വീട്ടില്‍ ബിന്ദു വിശാലാക്ഷിയമ്മക്കാണ് ദുരിതക്കയത്തില്‍ നിന്നും മോചനം കിട്ടിയത്. ഏഴു മാസം മുന്‍പ് ഖഫ്ജിയിലെ സ്വദേശി പൗരന്റെ വീട്ടില്‍ ജോലിക്കായി എത്തിയതു മുതലാണ് ഇവര്‍ക്ക് ദുരിതം തുടങ്ങിയത്. വിധവയായ ഇവര്‍ തന്റെ വീട്ടിലെ പ്രാരാബ്ദങ്ങള്‍ക്ക് ആശ്വാസമേകാനാണ് വിദേശത്തേക്ക് കയറിയത്. എന്നാല്‍ പ്രതീക്ഷ അസ്ഥാനത്താകുകയായിരുന്നു. വീട്ടുജോലിയില്‍ എത്തിയ ഇവര്‍ക്ക് മാസം ശമ്പളം ലഭിച്ചില്ലെന്ന് മാത്രമല്ല കൊടിയ പീഢനങ്ങളുമായിരുന്നു ഏല്‍ക്കേണ്ടി വന്നത്.
ഒടുവില്‍ ഇവര്‍ ആരുമില്ലാത്ത തക്കം നോക്കി വീടു വിട്ടിറങ്ങി അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അഭയം തേടുകയായിരുന്നു. പോലീസാണ് പിന്നീട് ഇവരെ വനിതാ തര്‍ഹീലില്‍ എത്തിച്ചത്. അവിടെ നിന്നും ഒരു മാസത്തിനു ശേഷം ദമാമിലെ വനിതാ അഭയ കേന്ദ്രത്തിലേക്കു മാറ്റുകയായിരുന്നു. ഇവിടെ നിന്നാണ് സാമൂഹ്യ പ്രവര്‍ത്തകര്‍ ഇവരുടെ ദുരിതം അറിഞ്ഞത്.
തുടര്‍ന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തില്‍ സ്‌പോണ്‍സര്‍ ഇവരെ ഹുറൂബാക്കിയതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് എംബസിയുമായി ബന്ധപ്പെട്ട് ഔട്ട്പാസ് സംഘടിപ്പിച്ചു നല്‍കി. ഇന്ത്യന്‍ എംബസി വോളണ്ടിയര്‍ മഞ്ജു മണിക്കുട്ടന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരുടെ മോചനത്തിനായി പ്രയത്‌നിച്ചത്. ദമാം നവോദയ ഇവര്‍ക്കുള്ള വിമാന ടിക്കറ്റും നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."