മൂല്യനിര്‍ണയത്തിന് അധ്യാപകര്‍ എത്തിയില്ല; വിശദീകരണം തേടി സര്‍വകലാശാല
പൊന്നാനി: ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തിന് എത്താത്ത അധ്യാപകരോട് വിശദീകരണം ചോദിച്ച് കാലിക്കറ്റ് സര്‍വകലാശാല. ഇതു സംബന്ധിച്ച കത്ത് ബന്ധപ്പെട്ട അധ്യാപകരുടെ പേരില്‍ കോളജുകളിലേക്ക് അയച്ചു.
അതേസമയം രണ്ടു വര്‍ഷമായി മൂല്യനിര്‍ണയം നടത്തിയതിന്റെ പണത്തെക്കുറിച്ച് സര്‍വകലാശാല മൗനം പാലിക്കുകയാണ്. മിക്ക അധ്യാപകരും സ്വന്തം പണം മുടക്കി വിദൂര സ്ഥലങ്ങളിലേക്ക് യാത്ര ചെയ്താണ് മൂല്യ നിര്‍ണയം നടത്തുന്നത്. തടഞ്ഞുവച്ച പണം ഉടന്‍ വിതരണം ചെയ്യുമെന്ന് നിരവധി തവണ അറിയിപ്പ് ഉണ്ടായെങ്കിലും പാലിക്കപ്പെട്ടില്ല.
സ്വാശ്രയ കോളജ് അധ്യാപകര്‍ പ്രതിഷേധവുമായി അധികൃതരെ സമീപിച്ചെങ്കിലും ഉടന്‍ നല്‍കുമെന്ന വാഗ്ദാനമാണ് നല്‍കിയത്. വിദൂര വിദ്യാഭ്യാസ പരീക്ഷാ മൂല്യനിര്‍ണയവും നിലവില്‍ അവതാളത്തിലാകുന്ന അവസ്ഥയിലാണ്. മൂല്യനിര്‍ണയം നടത്തി രണ്ടാഴ്ചക്കകം മുഴുവന്‍ തുകയും നല്‍കിയിരുന്ന രീതിക്ക് ഈയിടെ മാറ്റം വന്നു.
കഴിഞ്ഞ തവണത്തെ തുക ഡിസംബര്‍ 30നകം നല്‍കുമെന്ന വാഗ്ദാനം ഇതുവരെ പാലിച്ചില്ല. ഇപ്പോള്‍ മൂല്യനിര്‍ണയം നടത്തുന്ന വിദൂര വിദ്യാഭ്യാസത്തിന്റെ ഉത്തരക്കടലാസ് പ്രതിഷേധത്തിന്റെ ഭാഗമായി തിരിച്ചു നല്‍കില്ലെന്നാണ് അധ്യാപകരുടെ നിലപാട്.
അഡ്മിഷന്‍ സമയത്ത് തന്നെ പേപ്പര്‍ മൂല്യനിര്‍ണയത്തിനുള്ള തുക വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കുന്ന സര്‍വകലാശാല ഇത് അധ്യാപകര്‍ക്ക് നല്‍കുന്നതില്‍ വീഴ്ചവരുത്തുകയാണ്.
ഇതിനിടെയാണ് പ്രതിഷേധത്തില്‍ പങ്കെടുക്കാത്ത അധ്യാപകരോട് വിശദീകരണം ആവശ്യപ്പെട്ട് കത്ത് നല്‍കിയത്. വിശദീകരണക്കത്ത് തയ്യാറാക്കാനെടുത്ത സമയം കൊണ്ട് തുക കൈമാറാനുള്ള നടപടികളാണ് സര്‍വകലാശാല കൈകൊള്ളേണ്ടതെന്ന് അധ്യാപകര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."