കേന്ദ്ര ബജറ്റിനെതിരേ സി.പി.എം ആറിന് പ്രതിഷേധ ദിനമാചരിക്കും
തിരുവനന്തപുരം: കേന്ദ്ര ബജറ്റിനെതിരേ ഫെബ്രുവരി ആറ് പ്രതിഷേധദിനമായി ആചരിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി അന്ന് സംസ്ഥാനത്തെ ജില്ലാ കേന്ദ്രങ്ങളിലെ ഒരു കേന്ദ്ര സര്‍ക്കാര്‍ ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും.
കേന്ദ്ര ബജറ്റ് പൂര്‍ണമായും കോര്‍പറേറ്റ് അനുകൂലവും സാധാരണ ജനങ്ങള്‍ക്ക് എതിരുമാണ്. ബി.ജെ.പി സര്‍ക്കാരിന്റെ കെടുകാര്യസ്ഥത രാജ്യത്തിന്റെ സമ്പദ്ഘടനയെ മാന്ദ്യത്തിലും മരവിപ്പിലും എത്തിച്ചതിനെത്തുടര്‍ന്ന് വിലക്കയറ്റവും തൊഴിലില്ലായ്മയും ചരിത്രത്തിലെ ഉയര്‍ന്ന അവസ്ഥയിലെത്തിയിരിക്കുകയാണ്.
കോര്‍പറേറ്റുകള്‍ക്കു നല്കിയ വന്‍ നികുതി ഇളവു കാരണം വരവു കുറഞ്ഞത് നികത്താന്‍ റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനം ഏതാണ്ട് പൂര്‍ണമായും കേന്ദ്രം കൈയടക്കി.
2.1 ലക്ഷം കോടി രൂപയ്ക്ക് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പന പ്രഖ്യാപിച്ച് പൂര്‍ണ സ്വകാര്യവല്കരണം ഈ ബജറ്റ് ലക്ഷ്യമിട്ടിരിക്കുന്നു.
സാധാരണക്കാരെ സഹായിക്കാനുള്ള കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കെല്ലാം ഈ ബജറ്റില്‍ വിഹിതം വെട്ടിച്ചുരുക്കിയിരിക്കുകയാണ്.
എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിതത്തില്‍ വിപരീത പ്രതിഫലനമുണ്ടാക്കുന്ന ഈ ബജറ്റിനെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ടെന്നും സെക്രട്ടേറിയേറ്റ് അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."