ഹൈന്ദവ വിരുദ്ധമായ സി.എ.എയും എന്‍.ആര്‍.സിയും പിന്‍വലിക്കണം; ഉപവസിച്ച് ഹിന്ദു ധര്‍മ സംരക്ഷണ സമിതി
മുക്കം: ഇന്ത്യയെ മതപരമായി വിഭജിക്കുന്ന പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ പട്ടികയും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ധര്‍മ സംരക്ഷണ സമിതി മുക്കത്ത് ഉപവാസവും ബഹുസ്വര സംഗമവും സംഘടിപ്പിച്ചു. നൂറുകണക്കിനാളുകള്‍ പങ്കെടുത്ത ഉപവാസം തൃശൂര്‍ ശക്തിബോധി ഗുരുകുലം മഠാധിപതി സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി ഉദ്ഘാടനം ചെയ്തു. ഗോഡ്‌സെ വിഭാവനംചെയ്ത ഹിന്ദു രാഷ്ട്രത്തിനുവേണ്ടി യുദ്ധസന്നദ്ധരായി നില്‍ക്കുന്നവരും ഗാന്ധിജി വിഭാവനം ചെയ്ത ക്ഷേമ രാഷ്ട്രത്തിനുവേണ്ടി പൊരുതുന്നവരുമായ രണ്ട് വിഭാഗങ്ങളാണ് രാജ്യത്തിപ്പോള്‍ ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഗോഡ്‌സെയുടെ ഇന്ത്യ ഇവിടെ നടപ്പാക്കാന്‍ ശ്രമിക്കുന്നവര്‍ രാജ്യം വിട്ടുപോകണം. അത് ഉറക്കെ വിളിച്ചു പറയാനാണ് ഇന്ത്യ ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വത്തെ നിര്‍വചിക്കുന്നത് ഹൈന്ദവ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്. ഭരണഘടനയെ പോലും വിമര്‍ശിക്കാനുള്ള അവകാശം ഇന്ത്യന്‍ ജനാധിപത്യം അനുവദിച്ചിട്ടുണ്ട്. ചില മതങ്ങളോട് പ്രത്യേക താല്‍പര്യവും ചില മതത്തോട് വെറുപ്പും പ്രകടിപ്പിക്കുന്നതാണ് പൗരത്വ നിയമ ഭേദഗതി. ആര്‍.എസ്.എസും നരേന്ദ്രമോദിയും വഞ്ചനയുടെയും വെറുപ്പിന്റെയും രാഷ്ട്രീയമാണ് പ്രതിനിധീകരിക്കുന്നത്. അത് ഇന്ത്യയില്‍ അനുവദിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. സമിതി ചെയര്‍മാന്‍ കപ്യേടത്ത് ചന്ദ്രന്‍ അധ്യക്ഷനായി. ഭാരതത്തിലെ ഹിന്ദുക്കളുടെ ശവത്തില്‍ ചവിട്ടിയല്ലാതെ പൗരത്വ നിയമ ഭേദഗതി നടപ്പാക്കാന്‍ അനുവദിക്കുകയില്ലെന്ന് അദ്ദേഹം പറഞ്ഞു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി, ഫാ. ജേക്കബ് പുത്തന്‍പുരക്കല്‍, യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, മുന്‍ എം.എല്‍.എ യു.സി രാമന്‍, എ.പി മുരളീധരന്‍, എ.പി വേലായുധന്‍, എന്‍.കെ അബ്ദുറഹിമാന്‍, ദിശാല്‍ മുഹമ്മദ്, വിദ്യാ ബാലകൃഷ്ണന്‍, വിശ്വന്‍ വെള്ളലശ്ശേരി, കെ.വി സുബ്രഹ്മണ്യന്‍, പി.പി ജനാര്‍ദ്ദനന്‍, പ്രൊഫ. എന്‍.വി അബ്ദുറഹ്മാന്‍, എന്‍. അലി അബ്ദുല്ല, കെ. സുന്ദരന്‍, ടി.കെ ഗോപി സംസാരിച്ചു. കെ.വി സുബ്രഹ്മണ്യന്‍ നാരങ്ങാനീര് നല്‍കി ഉപവാസം അവസാനിപ്പിച്ചു.
സമാപന സമ്മേളനം മുന്‍ എം.എല്‍.എ സി. മോയിന്‍കുട്ടി ഉദ്ഘാടനം ചെയ്തു. എന്‍. സുബ്രഹ്മണ്യന്‍ മുഖ്യപ്രഭാഷണം നടത്തി. സി.പി ചെറിയ മുഹമ്മദ്, എം.ടി അഷ്‌റഫ്, സജീഷ് മുത്തേരി, ഇ.പി അരവിന്ദന്‍, സി.കെ കാസിം, വി.എം ജംനാസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."