അപരിഷ്‌കൃതം, പ്രാകൃതം ബംഗാളില്‍ റോഡ് നിര്‍മാണം തടഞ്ഞ സ്ത്രീകളെ റോഡിലൂടെ വലിച്ചിഴച്ചു
ക്രൂരത നടന്നത് വൈസ് പ്രസിഡന്റ് അമല്‍ സര്‍ക്കാറിന്റെ നേതൃത്വത്തില്‍
കൊല്‍ക്കത്ത: ബംഗാളില്‍ വീടിന് സമീപം നടക്കുന്ന റോഡ് നിര്‍മാണം തടഞ്ഞ സഹോദരിമാരായ രണ്ട് സ്ത്രീകളെ കയര്‍ കൊണ്ട് കെട്ടി റോഡിലൂടെ വലിച്ചിഴച്ചു. സൗത്ത് ദിനജ്പൂര്‍ ജില്ലയിലെ തൃണമൂല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഫാത്തനഗര്‍ പഞ്ചായത്തിലാണ് വൈസ് പ്രസിഡന്റ് അമല്‍ സര്‍ക്കാറിന്റെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ക്രൂരത നടന്നത്. സ്മൃതികോണ ദാസ്, സഹോദരി സോമ ദാസ് എന്നിവരാണ് അക്രമത്തിനിരയായത്. ഇവരുടെ വീടിനടുത്ത് 12 അടി വീതിയിലുള്ള റോഡ് നിര്‍മിക്കാന്‍ പഞ്ചായത്ത് തീരുമാനിച്ചിരുന്നു. അതിനായി സ്ഥലം വിട്ടുനല്‍കുകയും ചെയ്തു.
പിന്നീട് റോഡ് 24 അടിയാക്കാനുള്ള പഞ്ചായത്തിന്റെ തീരുമാനപ്രകാരം കൂടുതല്‍ സ്ഥലം ആവശ്യപ്പെട്ടു. ഇത് എതിര്‍ത്തെങ്കിലുംപഞ്ചായത്തിന്റെ നേതൃത്വത്തില്‍ മണ്ണുമാന്തിയന്ത്രവും റോഡ് റോളറുമായി വന്ന് റോഡ് നിര്‍മാണം തുടങ്ങിയപ്പോള്‍ പ്രതിഷേധിക്കുകയായിരുന്നു. കയര്‍ കൊണ്ട് കെട്ടി രണ്ടുപേരെയും റോഡിലൂടെ വലിച്ചിഴക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു.
ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമല്‍ സര്‍ക്കാരിനെ സസ്‌പെന്‍ഡ് ചെയ്തതായി തൃണമൂല്‍ ജില്ലാ ചീഫ് അര്‍പിത ഘോഷ് അറിയിച്ചു. അക്രമിസംഘത്തിലെ രണ്ടു പേരെയാണ് അറസ്റ്റ് ചെയ്തത്. അക്രമം ആസൂത്രണം ചെയ്ത അമല്‍ സര്‍ക്കാര്‍ ഒളിവിലാണ്.
പൗരത്വ പ്രതിഷേധം: പ്രൊഫസറെ വേട്ടയാടുന്നതില്‍ അതൃപ്തി അറിയിച്ച് അക്കാദമിക് സംഘം
ഗുവാഹത്തി: അസമില്‍ പൗരത്വ പ്രതിഷേധത്തില്‍ പങ്കെടുത്ത ഐ. ഐ.ടി ഗുവാഹത്തി പ്രൊഫസര്‍ അരുപ് ജ്യോതി സൈകിയയെ എന്‍.ഐ.എ വേട്ടയാടുന്നതില്‍ അതൃപ്തി അറിയിച്ച് 42 അംഗ അക്കാദമിക് സംഘം. പൗരത്വവിരുദ്ധ സമരത്തില്‍ പങ്കെടുത്തതിന് കഴിഞ്ഞ ശനിയാഴ്ച അരുപ് ജ്യോതി സൈകിയയെ എന്‍.ഐ.എ സംഘം നാലു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇതടക്കമുള്ള സംഭവങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ചാണ് പ്രമുഖ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയടക്കമുള്ളവര്‍ രംഗത്തുവന്നിരിക്കുന്നത്. ചോദ്യംചെയ്യല്‍ ഞായറാഴ്ചയും തുടര്‍ന്നിരുന്നു.
ഇന്ത്യക്കും ലോകത്തിനും അഭിമാനമായ ഒരു ചരിത്രകാരനെ ഇവ്വിധം വേട്ടായാടുന്നതില്‍ നിരാശയുണ്ടെന്നും അന്വേഷണ സംഘം അദ്ദേഹത്തോട് മാന്യമായി പെരുമാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സംഘം എന്‍.ഐ.എക്കയച്ച കത്തില്‍ പറഞ്ഞു. ''അദ്ദേഹത്തോട് അര്‍ഹിക്കുന്ന ആദരവോടെയും മാന്യമായും പെരുമാറുമെന്നും തന്റെ ജോലി ചെയ്യുന്നതില്‍ നിന്ന് അദ്ദേഹത്തെ തടസപ്പെടുത്തില്ലെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു''- കത്തില്‍ പറയുന്നു.
ഐ.ഐ.ടി ഗുവാഹത്തിയില്‍ ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് ഡിപാര്‍ട്ട്‌മെന്റില്‍ ചരിത്ര അധ്യാപകനാണ് അരുപ് ജ്യോതി സൈകിയ. അസമിന്റെ സാമ്പത്തിക, പാരിസ്ഥിതിക, രാഷ്ട്രീയ വിഷയങ്ങളില്‍ നിരവധി പഠനങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്.
നേരത്തെ ആറുപേര്‍ കൊല്ലപ്പെട്ട പൗരത്വവിരുദ്ധ പ്രക്ഷോഭങ്ങ ളില്‍ ഒരു അക്കാദമിഷ്യന്‍ പ്രധാന പങ്കുവഹിച്ചതിന് സര്‍ക്കാരിന്റെയടുക്കല്‍ തെളിവുണ്ടെന്ന് അസം ധനമന്ത്രി ഹിമന്ത ബിശ്വ ശര്‍മ അവകാശപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."