ഭിക്ഷാടന സമരവുമായി എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍
തിരുവനന്തപുരം: മൂന്നുവര്‍ഷം വിദ്യാര്‍ഥികള്‍ക്ക് അറിവ് പകര്‍ന്ന് നല്‍കിയിട്ടും നിയമനാംഗീകാരം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകരും അനധ്യാപകരും സമരരംഗത്ത്.
സംസ്ഥാനത്ത് 2016 ജനുവരി 30 മുതല്‍ നിയമനം നേടിയ 2500ല്‍ അധികം പേരാണ് പ്രത്യക്ഷ സമരത്തിലേക്ക് ഇറങ്ങിയിരിക്കുന്നത്. ഇന്നലെ എയ്ഡഡ് സ്‌കൂള്‍ ജീവനക്കാരുടെ കൂട്ടായ്മയായ എന്‍.എ.ടി.യുവിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ കൂട്ട ഉപവാസവും ഭിക്ഷാടന സമരവും നടത്തി.
21 വരെ സെക്രട്ടേറിയറ്റിന് മുന്നിലും ഡി.പി.ഐ ഓഫിസിന് മുന്നിലും ഭിക്ഷാടന സമരം നടത്താനാണ് കോ ഓഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാനം. നിയമനാംഗീകാരം ഇനിയും നീട്ടിക്കൊണ്ടുപോവുകയാണെങ്കില്‍ മധ്യവേനലവധിക്ക് വീടുകള്‍തോറും കയറിയിറങ്ങി ഭിക്ഷാടനം നടത്തുമെന്നും സമരക്കാര്‍ പറയുന്നു.2016 ഡിസംബര്‍ മൂന്നിന് ഇറക്കിയ കെ.ഇ.ആര്‍ ഭേദഗതിയാണ് 2500ഓളം പേര്‍ക്ക് നിയമനാംഗീകാരം ലഭിക്കുന്നതിന് തടസമായത്. കഴിഞ്ഞ മൂന്നുവര്‍ഷമായി ഇവര്‍ക്ക് ഒരു രൂപ പോലും വേതനം ലഭിക്കുന്നുമില്ല. 1979 മെയ് 22നുശേഷം അപ്‌ഗ്രേഡ് ചെയ്ത സ്‌കൂളുകളില്‍ സൃഷ്ടിക്കപ്പെടുന്ന അധിക തസ്തികകളിലേക്ക് അധ്യാപക ബാങ്കില്‍ നിന്ന് നിയമനം നടത്തണമെന്നായിരുന്നു കെ.ഇ.ആര്‍ ഭേദഗതി.
ഇതുസംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കുമ്പോള്‍ 940 പേര്‍ നിയമനം നേടി ജോലിയില്‍ പ്രവേശിച്ചിരുന്നു. പിന്നീട് ഭേദഗതിക്കെതിരേ ഹൈക്കോടതിയില്‍ കേസ് നടത്തുന്നതിനിടെ മാനേജ്‌മെന്റുകള്‍ ബാക്കി നിയമനങ്ങളും നടത്തി. ലക്ഷങ്ങള്‍ കോഴ വാങ്ങിയായിരുന്നു നിയമനം. ഹൈക്കോടതി സര്‍ക്കാര്‍ നടപടി അംഗീകരിക്കുകയാണ് ചെയ്തത്. അധ്യാപകര്‍ക്ക് തുക തിരികെനല്‍കി തിരിച്ചയക്കുന്നതിനുപകരം മാനേജ്‌മെന്റുകള്‍ സുപ്രിംകോടതിയെ സമീപിച്ചു. കെ.ഇ.ആര്‍ ഭേദഗതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്ത സുപ്രിംകോടതി പിന്നീട് കേസില്‍ അന്തിമ ഉത്തരവുണ്ടാകുന്നത് വരെ നീട്ടി. അന്തിമ വിധിക്കു ശേഷം നിയമനാംഗീകാരത്തില്‍ തീരുമാനമെടുത്താല്‍ മതിയെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇന്നലെ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ കൂട്ട ഉപവാസവും ഭിക്ഷാടന സമരവും സി. ദിവാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."