അഡലയ്ഡില്‍ ജീവന്മരണ പോരാട്ടം
അഡലയ്ഡ്: ഇന്ത്യക്ക് ഇന്ന് ജീവന്മരണ പോരാട്ടത്തിന്റെ ദിനം. ആസ്‌ത്രേലിക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ പോരാട്ടത്തിലെ തിരിച്ചടിയില്‍നിന്ന് തിരിച്ചുകയറാന്‍ ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. മൂന്ന് മത്സരങ്ങള്‍ ഉള്‍പ്പെട്ട പരമ്പരയില്‍ 1-0 ന് ഇന്ത്യ പിന്നിലാണ്. ഇന്ന് ജയിച്ചു പരമ്പര സമനിലയില്‍ എത്തിക്കുക എന്നതാണ് വിരാട് കോഹ്‌ലിയും സംഘവും ലക്ഷ്യമിടുന്നത്. ടെസ്റ്റ് പരമ്പരയില്‍ ചരിത്ര ജയം കുറിച്ച ഇന്ത്യക്ക് സിഡ്‌നിയിലെ തോല്‍വി ആഘാതമായി. മത്സരം അഡലയ്ഡിലാണ്. നിര്‍ണായക പോരാട്ടത്തിനാണ് നീലപ്പട ഇന്നിറങ്ങുന്നത്. രാവിലെ 8.50 ന് മത്സരത്തിന് തുടക്കമാവും. ആദ്യ മത്സരത്തിലെ തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് തെറ്റുകള്‍ തിരുത്തിയാണ് ഇന്ത്യന്‍ സംഘം രണ്ടാം പോരാട്ടത്തിന് ഇറങ്ങുന്നത്.
അഡലയ്ഡിലെ ഏകദിന ചരിത്രം ഇന്ത്യക്കെതിരാണ്. ഇന്ത്യയും ഓസീസും അഡെലയ്ഡില്‍ അഞ്ച് മത്സരങ്ങളില്‍ ഏറ്റുമുട്ടി. ഒരു വിജയം മാത്രമാണ് ഇന്ത്യക്ക് സ്വന്തമായുള്ളത്. ഇത് ആസ്‌ത്രേലിയയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്. ആദ്യ മത്സരത്തിലെ ജയവും ഓസീസിന്റെ മനോവീര്യം ഉയര്‍ത്തുന്നു.
ആദ്യ ഏകദിനത്തില്‍ മെച്ചപ്പെട്ട പ്രകടനം നടത്തിയെങ്കിലും ഇന്ത്യന്‍ ബാറ്റിങ് നിരയുടെ ചെറിയ പാളിച്ചയാണ് തിരിച്ചടിയായത്. എങ്കിലും ഇന്ത്യന്‍ ക്യാംപ് ആത്മവിശ്വാസത്തില്‍ തന്നെയാണ്. അവശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും വിജയം കണ്ടെത്തി ഏകദിന പരമ്പരയും ഇന്ത്യ സ്വന്തമാക്കുമെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി പറഞ്ഞു. ഇനിയുള്ള രണ്ട് മത്സരങ്ങളേയും നോക്കൗണ്ട് റൗണ്ട് പോലെയാണ് ഇന്ത്യ കണ്ടിട്ടുള്ളത്. അതുകൊണ്ട് ഇന്ത്യക്ക് പേടിക്കാനൊന്നുമില്ലെന്ന് ഭുവനേശ്വര്‍ കുമാര്‍ പറഞ്ഞു. ചഹല്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ സ്ഥിരതയാര്‍ന്ന ബൗളിങ് പ്രകടനം പുറത്തെടുത്താല്‍ ഇന്ത്യക്ക് ഇന്നത്തെ മത്സരം വരുതിയിലാക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."