പട്ടികജാതിക്കാരിയായ മിശ്രവിവാഹിതയ്ക്ക് ജോലി നല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷന്
കോഴിക്കോട്: മിശ്രവിവാഹിതയും പട്ടികജാതിക്കാരിയുമായ വനിതക്ക് സീനിയോറിറ്റി, വിദ്യാഭ്യാസ യോഗ്യത, ജാതിസംവരണം, വയസ്, മുന്‍ഗണന എന്നിവയുടെ അടിസ്ഥാനത്തില്‍ ജോലി നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് അംഗം പി. മോഹനദാസ് ഉത്തരവിട്ടു. ജില്ലാ എംപ്ലോയ്മെന്റ് ഓഫിസറോടും എംപ്ലോയ്മെന്റ് ഡയരക്ടറോടുമാണ് നടപടിയെടുക്കാന്‍ ഉത്തരവിട്ടത്. കോഴിക്കോട് ചേവായൂര്‍ മണക്കാട്ടുകുഴിയില്‍ എം.കെ ഷൈലജക്ക് ജോലി നല്‍കണമെന്നാണ് ഉത്തരവ്.
1992ല്‍ കോഴിക്കോട് എംപ്ലോയ്മെന്റ് ഓഫിസില്‍ പരാതിക്കാരി പേര് രജിസ്റ്റര്‍ ചെയ്തിരുന്നു. പട്ടികജാതിക്കാരിയായ പരാതിക്കാരി മറ്റൊരു സമുദായത്തിലുള്ള വ്യക്തിയെ 1995ല്‍ വിവാഹം ചെയ്തു. മിശ്രവിവാഹിതയാണെന്ന സര്‍ട്ടിഫിക്കറ്റ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നല്‍കിയെങ്കിലും 46 വയസായ തനിക്കു ജോലി നല്‍കിയില്ലെന്ന് ഷൈലജ കമ്മിഷനില്‍ നല്കിയ പരാതിയില്‍ പറയുന്നു. അതേസമയം കോഴിക്കോട് എംപ്ലോയ്മെന്റ് ഓഫിസര്‍ വിശദീകരണം ഹാജരാക്കി. പരാതിക്കാരി പത്താം ക്ലാസ് പാസായിട്ടില്ല. വയസിളവ് നല്കിയാല് പോലും പ്രായപരിധി കഴിഞ്ഞു. എന്നാല്‍ തന്റെ പ്രായവും മിശ്രവിവാഹിതയാണെന്ന രേഖയും രജിസ്റ്റര്‍ ചെയ്യുന്നതില്‍ കൃത്രിമം നടന്നതായി പരാതിക്കാരി ആരോപിച്ചു. മിശ്രവിവാഹിതയാണെന്ന കാര്യം 2000 മാര്‍ച്ച് ഒന്നിന് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ അറിയിച്ചെങ്കിലും 2006 മെയ് 26നാണ് രജിസ്റ്റര്‍ ചെയ്തത്. ഇതു മിശ്രവിവാഹിതര്‍ക്കുള്ള ആനുകൂല്യം അട്ടിമറിക്കാന്‍ വേണ്ടിയാണ്. പരാതിക്കാരിക്ക് അര്‍ഹതപ്പെട്ട നിയമനം കിട്ടാതെ പോയിട്ടുണ്ടെന്ന പരാതി പരിശോധിക്കേണ്ട സാഹചര്യമുണ്ടെന്ന് ഉത്തരവില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."