ബില്ലുകള്‍ പാസാക്കുന്നത് നീട്ടേണ്ടിവരുമെന്ന് ധനമന്ത്രി
തിരുവനന്തപുരം: ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നതെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ പറഞ്ഞു.
പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി തദ്ദേശസ്ഥാപനങ്ങളിലെ അംഗീകൃത കരാറുകാരുടെ ബില്ലുകള്‍ പാസാക്കുന്നത് അടുത്തവര്‍ഷത്തേക്ക് നീട്ടേണ്ടിവരും. ജി.എസ്.ടി പിരിവുകള്‍ ഊര്‍ജിതമാക്കും. ആറുവര്‍ഷമായി ചെലവ് 15 ശതമാനം ഉയര്‍ന്നപ്പോള്‍ വരുമാനത്തില്‍ 10 ശതമാനം മാത്രമാണ് വര്‍ധന. 2019 നവംബര്‍ വരെ സംസ്ഥാനത്തിന്റെ ആകെ റവന്യൂ വരുമാനം 55,747 കോടിയാണ്.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈ ഇനത്തില്‍ 1.32 ശതമാനം വളര്‍ച്ചയുണ്ടായിട്ടുണ്ട്. നികുതി വരുമാനത്തില്‍ 1.3 ശതമാനവും നികുതിയേതര വരുമാനത്തില്‍ 19.22 ശതമാനവും വര്‍ധനവുണ്ടായി. എന്നാല്‍, കേന്ദ്ര നികുതി വരുമാനത്തില്‍ 1.63 ശതമാനത്തിന്റെയും ഗ്രാന്റില്‍ 12.84 ശതമാനത്തിന്റെയും കുറവുണ്ടായി.
ആകെ ചെലവില്‍ 0.88 ശതമാനത്തിന്റെ ഉയര്‍ച്ച ഇക്കാലയളവില്‍ ഉണ്ടായി.
ധനകമ്മി മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 1.63 ശതമാനം വര്‍ധിച്ചപ്പോള്‍ റവന്യൂകമ്മിയില്‍ 8.41 ശതമാനത്തിന്റെ കുറവുണ്ട്. സംസ്ഥാനത്തിന് ലഭിക്കേണ്ട നികുതിയില്‍ 12,000 കോടിയുടെ കുറവുണ്ടാകും.
പാര്‍ലമെന്റ് ധനകാര്യ കമ്മിറ്റിയുടെ ഇടക്കാല റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞവര്‍ഷം 5,337 കോടി നികുതിവിഹിതം ലഭിച്ചു. കഴിഞ്ഞ വര്‍ഷം ആദ്യം 15,323 കോടി റവന്യൂ കമ്മി ഗ്രാന്റായി കിട്ടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."