ഗാന്ധിയെ തൊട്ടു; 'കൈപൊള്ളി' ബി.ജെ.പി
ന്യൂഡല്‍ഹി: ഗാന്ധിജിക്കെതിരായ പരാമര്‍ശം വന്‍ വിവാദമാകുകയും ഡല്‍ഹി തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് ഉറപ്പാകുകയും ചെയ്തതോടെ പരാമര്‍ശത്തില്‍ വിശദീകരണവുമായി ബി.ജെ.പി നേതാവ് അനന്ത്കുമാര്‍ ഹെഗ്‌ഡെ.
ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള സ്വാതന്ത്ര്യ സമരം 'നാടക'മായിരുന്നെന്ന് കഴിഞ്ഞ ദിവസം ഇദ്ദേഹം പരാമര്‍ശിച്ചത് വലിയതോതില്‍ വിമര്‍ശനങ്ങള്‍ക്കു കാരണമായിരുന്നു. ഇന്നലെയും ലോക്‌സഭയില്‍ ഈ വിഷയമുന്നയിച്ച് പ്രതിപക്ഷം പ്രതിഷേധിച്ചു. തുടര്‍ന്നാണ് ഹെഗ്‌ഡെയുടെ വിശദീകരണ 'നാടകം'. മാധ്യമങ്ങള്‍ കള്ളക്കഥ പ്രചരിപ്പിക്കുകയാണെന്നു പറഞ്ഞ അദ്ദേഹം, താന്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും എന്നാല്‍ ഗാന്ധിയെക്കുറിച്ച് അത്തരത്തില്‍ പറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കി. പ്രസംഗത്തില്‍ ഗാന്ധിയെക്കുറിച്ചോ ഏതെങ്കിലും രാഷ്ടീയ പാര്‍ട്ടിയെക്കുറിച്ചോ സൂചിപ്പിച്ചിട്ടില്ല. സംസാരത്തില്‍ ഗാന്ധിയെയോ നെഹ്‌റുവിനെയോ മറ്റേതെങ്കിലും സ്വാതന്ത്ര്യ പോരാളിയെയോ മോശമായി പറഞ്ഞിട്ടുണ്ടെങ്കില്‍ കാണിച്ചുതരണമെന്നും ഹെഗ്‌ഡെ വെല്ലുവിളിച്ചു.
കഴിഞ്ഞ ദിവസമാണ് ഗാന്ധിജിയെ അപകീര്‍ത്തിപ്പെടുന്ന തരത്തില്‍ മുന്‍ കേന്ദ്രമന്ത്രികൂടിയായ ബി.ജെ.പി എം.പി പരാമര്‍ശം നടത്തിയിരുന്നത്. ബംഗളൂരുവില്‍ നടത്തിയ പ്രസംഗത്തില്‍ ഗാന്ധിജിയുടേത് വ്യാജ സ്വാതന്ത്ര്യ സമരമായിരുന്നെന്നും എല്ലാം ബ്രിട്ടീഷ് സര്‍ക്കാരിന്റെ അനുമതിയോടെയായിരുന്നെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
ഹെഗ്‌ഡെയുടെ അപകീര്‍ത്തി പരാമര്‍ശത്തെച്ചൊല്ലി ഇന്നലെയും ശക്തമായ ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടലിന് സഭ സാക്ഷ്യം വഹിച്ചു. ഗാന്ധിജിയെ അധിക്ഷേപിച്ചവര്‍ 'രാവണന്റെ മക്കളാണെന്നും' ഗാന്ധിജിയെ ലോകം മൊത്തം ബഹുമാനിക്കുമ്പോള്‍ ഇവിടെ അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്തുകയാണെന്നും കോണ്‍ഗ്രസ് സഭാകക്ഷി നേതാവ് ആദിര്‍ രഞ്ജന്‍ ചൗധരി കുറ്റപ്പെടുത്തി. രാഷ്ട്രപിതാവിനെ അപമാനിച്ചെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷ കക്ഷികള്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ സഭ ബഹിഷ്‌കരിക്കുകയും ചെയ്തു.
എന്നാല്‍, ഹെഗ്‌ഡെയെ സംരക്ഷിക്കുന്ന നിലപാടാണ് ബി.ജെ.പി സഭയില്‍ ഇന്നലെയും സ്വീകരിച്ചത്. ഹെഗ്‌ഡെ ഗാന്ധിജിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും ആളുകള്‍ അ നാവശ്യ വിവാദങ്ങളുണ്ടാക്കുകയാണെന്നും കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. കോണ്‍ഗ്രസുകാര്‍ സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയുംപോലെ വ്യാജ ഗാന്ധിമാരെ പിന്‍പറ്റുന്നവരാണെന്നു കുറ്റപ്പെടുത്തിയ ജോഷി, തങ്ങളാണ് ഗാന്ധിയുടെ യഥാര്‍ഥ ഭക്തന്‍മാരെന്നും അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."