വിനോദത്തിന് ഇനി അല്‍പം സാഹസികം
കെ. മുബീന
കണ്ണൂര്‍: ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെത്തുന്നവരെ ലക്ഷ്യമിട്ട് വിവിധ സാഹസിക വിനോദങ്ങള്‍ നടപ്പാക്കാനൊരുങ്ങുകയാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍. പരിസ്ഥിതിക്കിണങ്ങിയ സാഹസിക ടൂറിസത്തിനു പ്രാധാന്യം നല്‍കി യുവാക്കളെ കൂടുതല്‍ ആകര്‍ഷിക്കുന്ന പദ്ധതികളാണു ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ നേതൃത്വത്തില്‍ സാഹസിക അക്കാദമി നടപ്പാക്കുന്നത്. ആദ്യകാലത്തു പയ്യാമ്പലം ബീച്ച്, മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ച്, സെന്റ് ആഞ്ചലോസ് കോട്ട എന്നിവയില്‍ മാത്രം ഒതുങ്ങിയ സാഹസിക വിനോദങ്ങളാണ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നടപ്പാക്കുന്നത്. സാഹസിക വിനോദോപകരണങ്ങള്‍ ഒരുക്കിയതോടെ കേന്ദ്രങ്ങളില്‍ വന്‍തോതില്‍ സഞ്ചാരികളുടെ വര്‍ധനയാണുള്ളതെന്നു ഡി.ടി.പി.സി സെക്രട്ടറി ജിതേഷ് ജോസഫ് പറയുന്നു. സാഹസിക വിനോദത്തിന്റെ ഭാഗമായി എല്ലാ പ്രായക്കാര്‍ക്കും സാഹസികാനുഭവങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതികളും ആസൂത്രണം ചെയ്യുന്നുണ്ട്. ധര്‍മടം, കാട്ടാമ്പള്ളി, പാലക്കയംതട്ട് എന്നിവിടങ്ങളിലാണു നിലവില്‍ സാഹസിക വിനോദങ്ങളുള്ളത്. പയ്യാമ്പലം ബീച്ച്, ധര്‍മടം തുരുത്ത് മുതല്‍ മുഴപ്പിലങ്ങാട് ബീച്ച് വരെ ബന്ധിപ്പിച്ചുള്ള സാഹസിക പദ്ധതിയും തയാറായി. പയ്യാമ്പലത്ത് 99.99 ലക്ഷം രൂപയുടെ പദ്ധതിക്കാണു സംസ്ഥാന ടൂറിസം വകുപ്പിന്റെ അനുമതി. ശരാശരി വര്‍ഷത്തില്‍ 25 ലക്ഷത്തിലധികം സഞ്ചാരികളെത്തുന്ന പയ്യാമ്പലത്തു സ്വിപ് ബൈക്ക്, റോപ്പ് സൈക്കിള്‍ എന്നിവയൊരുക്കും. ധര്‍മടം, കാട്ടാമ്പള്ളി എന്നിവിടങ്ങളില്‍ കയാക്കിങ് രണ്ടുവര്‍ഷമായി നടക്കുന്നു. സംഘമായും അല്ലാതെയും കയാക്കിങ്ങില്‍ പങ്കെടുക്കാനുള്ള പാക്കേജുകളെത്തിയതോടെ ധര്‍മടം ബീച്ചില്‍ കഴിഞ്ഞവര്‍ഷം 15 ലക്ഷത്തിലധികം സഞ്ചാരികളെത്തി. കാട്ടാമ്പള്ളിയില്‍ പുതുതായി കയാക്കിങ് സെന്ററിന്റെ ഒരുക്കങ്ങളും നടക്കുന്നുണ്ട്. പാലക്കയംതട്ടില്‍ നിലവിലെ 300 മീറ്റര്‍ സോര്‍ബിന്‍ ബോള്‍, റോപ്പ് കോഴ്‌സ്, അമ്പെഴ്ത്ത്, ഗണ്‍ഷൂട്ടിങ് തുടങ്ങി. 14 സാഹസിക വിനോദത്തിനു പുറമെ ഗ്ലാംപിങ് എന്ന പേരില്‍ രാത്രികാല ടെന്റ് ക്യാംപിനും സൗകര്യമെത്തും. മുഴപ്പിലങ്ങാട് ആസ്ഥാനമായി പുതിയ സാഹസിക പദ്ധതികളുടെ ആസൂത്രണത്തിലാണു ഡി.ടി.പി.സി. സാഹസിക അക്കാദമിയുടെ നേതൃത്വത്തില്‍ മുന്‍പ് മുഴപ്പിലങ്ങാട് ബീച്ചില്‍ നടപ്പാക്കിയ പല പദ്ധതികളും വേലിയേറ്റം കാരണം തകരാറിലായതാണ്. ധര്‍മടം തുരുത്ത് കേന്ദ്രീകരിച്ചു റോപ്പ് വേയുമാക്കാനുള്ള സജീവ പ്രവര്‍ത്തനവും നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."