സഊദിയിലേക്ക് ഗ്രീസ് പാട്രിയേറ്റ് മിസൈൽ ഇറക്കുമതി ചെയ്യുന്നു
റിയാദ്: സഊദി അറേബ്യയുടെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി മിസൈൽ പ്രതിരോധ സംവിധാനം ശക്തിപ്പെടുന്നതിനായി ഗ്രീസിൽ നിന്നും പുതിയ പാട്രിയേറ്റ് മിസൈലുകൾ വാങ്ങുന്നു. സഊദിയുടെ ആവശ്യം പരിഗണിച്ച ഗ്രീസ് സഊദിയിലേക്ക് പാട്രിയേറ്റ് മിസൈലുകൾ അയക്കുമെന്ന് പ്രതിരോധ വൃത്തങ്ങൾ വെളിപ്പെടുത്തി. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് ഉൾപ്പെടുന്ന പദ്ധതിക്ക് കീഴിലേക്കാണ് ഗ്രീസും തങ്ങളുടെ പാട്രിയേറ്റ് മിസൈലുകൾ സഊദിക്ക് നൽകുന്നത്. സഊദിയിലെ നിർണ്ണായക ഊർജ്ജ മേഖലകളുടെ സംരക്ഷണത്തിനായി തങ്ങൾ സഊദിക്ക് പ്രതിരോധ മിസൈൽ സംവിധാനങ്ങൾ നൽകുമെന്ന് ഗ്രീസ് ഗവണ്മെന്റ് വക്താവ് സ്റ്റിലിയോസ് പെറ്റ്സാസ് മാധ്യമ പ്രവർത്തകരോട് വെളിപ്പെടുത്തി. സഊദിയുടെ പൂർണ്ണ ചിലവിലായിരിക്കും മിസൈലുകൾ സഊദിയിലെത്തിക്കുക.
മേഖലയുടെ സമാധാനത്തിനും ഊർജ്ജ മേഖലയിലെ സുരക്ഷക്കും പരസ്‌പരം സഹകരിക്കുമെന്ന് ഇക്കഴിഞ്ഞ ഒക്ടോബറിൽ സഊദിയും ഗ്രീസും തമ്മിൽ നടത്തിയ ചർച്ചയിൽ ധാരണയായിരുന്നു. നിലവിൽ സഊദിയുടെ പ്രതിരോധ മേഖലയിൽ സമാനമായ ആയുധങ്ങളുമായി യു എസ, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ രംഗത്തുണ്ട്. ഇറ്റലിയും ഈ രംഗത്തേക്ക് ഉടൻ എത്തുമെന്നാണ് റിപ്പോർട്ടുകൾ. സഊദി അറേബ്യ, യു എ ഇ എന്നീ രാജ്യങ്ങളുമായി നിക്ഷേപ ചർച്ചകൾക്കായി ഗ്രീക്ക് പ്രധാനമന്ത്രി കൈര്യക്കോസ് മിറ്റ്‌സോതക്കിസ് നടത്തുന്ന ഗൾഫ് പര്യടനത്തിടക്കാന് ഗ്രീസിന്റെ പുതിയ പ്രഖ്യാപനം. കഴിഞ്ഞ തിങ്കളാഴ്ച്ച ഇദ്ദേഹം റിയാദിൽ സഊദി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. പ്രതിരോധ സംവിധാനം എന്ന നിലയിൽ പുതിയ ആയുധ വിതരണം പ്രദേശത്തെ മറ്റ് രാജ്യങ്ങൾക്ക് ഭീഷണിയല്ലെന്നും ഗ്രീസ് ഗവണ്മെന്റ് വക്താവ് സ്റ്റിലിയോസ് പെറ്റ്സാസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."