വിഷത്തില്‍ മുക്കിയ മത്സ്യങ്ങള്‍ സ്‌റ്റോറില്‍ കാത്തുകിടക്കുന്നു
തൃക്കരിപ്പൂര്‍: ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി നിലവില്‍ വരുന്നതോടെ ഉപഭോക്താക്കളെ പിഴിഞ്ഞെടുക്കാന്‍ വിഷംമുക്കിയ മത്സ്യങ്ങള്‍ സംസ്ഥാനത്തിനകത്തും, പുറത്തും സ്‌റ്റോറുകളില്‍ കെട്ടികിടക്കുന്നു. ട്രോളിങ് നിരോധനത്തോടെ മത്സ്യങ്ങള്‍ ലഭ്യതയുടെ കുറവ് കണക്കിലെടുത്താണ് ആഴ്ച്ചകള്‍ക്കും മാസങ്ങള്‍ക്കും മുന്‍പ് സ്‌റ്റോക്ക് ചെയ്ത മത്സ്യങ്ങള്‍ വിപണിയിലിറക്കാന്‍ സ്‌റ്റോറുകളില്‍ തയ്യാറാക്കി വെച്ചിട്ടുള്ളത്.
മൃതദേഹങ്ങള്‍ അഴുകാതിരിക്കാന്‍ ഉപയോഗിക്കുന്ന ഫോര്‍മാലിനാണ് വ്യാപകമായി മത്സ്യങ്ങളില്‍ ഉപയോഗിക്കുന്നത്. മനുഷ്യന്റെ ആന്തരികാവയവങ്ങളെ തകരാറിലാക്കുന്ന മാരകശേഷിയുള്ള രാസപദാര്‍ഥമാണിത്. മത്സ്യം ഫോര്‍മാലിന്‍ ലായനിയിട്ട് സൂക്ഷിച്ചാല്‍ വര്‍ഷങ്ങള്‍ തന്നെ രൂപമാറ്റം സംഭവിക്കാതെ സൂക്ഷിക്കാം.
പച്ചമീനാണെന്ന് തോന്നിക്കുന്ന ഇവ കഴിച്ചാല്‍ ആന്തരികവയവങ്ങള്‍ തകരാറിലാകുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ തന്നെ പറയുന്നു.
തുടര്‍ച്ചയായി ഈ മത്സ്യം ഉപയോഗിക്കുന്നവര്‍ക്ക് ക്യാന്‍സര്‍ അടക്കമുള്ള മാരക രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. ഫോര്‍മാലിന്‍ സാന്നിധ്യം കുടലുകളെയും കരളിനെയും പ്രവര്‍ത്തന രഹിതമാക്കുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനം താളം തെറ്റിക്കുകയും ചെയ്യും.
ഇത്തരം മത്സ്യങ്ങള്‍ എത്ര കഴുകിയെടുത്താലും വേവിച്ചാലും ഫോര്‍മാലിന്റെ അംശം നഷ്ടപ്പെടുന്നില്ല. ആരോഗ്യത്തിന് ഹാനികരായ അമോണിയ ആയിരുന്നു മത്സ്യങ്ങള്‍ അഴുകാതിരിക്കാന്‍ മുന്‍പ് ഉപയോഗിച്ചിരുന്നത്. അമോണിയ മത്സ്യങ്ങളില്‍ വിതറുകയായിയിരുന്നു ആദ്യം പിന്നീട് അമോണിയ ചേര്‍ത്ത വെള്ളം ഐസാക്കി മത്സ്യത്തില്‍ ഉപയോഗിച്ചു.
ഇത്തരത്തില്‍ അമോണിയ ചേര്‍ത്ത ഐസ് ഉപയോഗിച്ചാലും മത്സ്യം ഒരാഴ്ച്ചയില്‍ കൂടുതല്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയാറില്ല. ഇതാണ് ഫോര്‍മാലിന്‍ ലായനിയിലേക്ക് കടന്നത്.
ട്രോളിങ് നിരോധനവും റമദാന്‍ മാസത്തില്‍ മത്സ്യത്തുള്ള ഡിമാന്റും മുതലെടുത്താണ് വിഷത്തില്‍ മുക്കിയെടുത്ത മത്സ്യങ്ങള്‍ അതിര്‍ത്തി കടന്നെത്താന്‍ തയ്യാറായി നില്‍ക്കുന്നത്.
വിഷത്തില്‍ മുക്കിയെടുത്ത മത്സ്യങ്ങള്‍ അതിര്‍ത്തികടെന്നെത്തുമ്പോഴും അധികൃതരുടെ ഭാത്തുനിന്ന് ഒരു ശ്രദ്ധയും ഉണ്ടാകുന്നില്ല. മത്സ്യങ്ങള്‍ കഴിച്ച് അസ്വസ്ഥത അനുഭവിക്കുന്നവര്‍ അവരവര്‍ തന്നെ ആശുപത്രികളില്‍ ചെന്ന് പരിഹാരം കാണുന്നതിനാല്‍ സംഭവം പുറം ലോകം അറിയുന്നില്ല. കൂട്ടത്തോടെ ഭക്ഷ്യ വിഷബാധയുണ്ടായാല്‍ മാത്രമാണ് അധികൃതരുടെ കണ്ണ് തുറക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."