തീരം സംരക്ഷിക്കാന്‍ മത്സ്യതൊഴിലാളികളും രംഗത്ത്
തൃക്കരിപ്പൂര്‍: വലിയപറമ്പ പഞ്ചായത്തിലെ മാവിലാക്കടപ്പുറത്ത് നടക്കുന്ന അനധികൃത മണലെടുപ്പിനെതിരേ മാവിലാക്കടപ്പുറം സംയുക്ത മത്സ്യ തൊഴിലാളി സംഘവും സമരമുഖത്തേക്ക്. പഞ്ചായത്തിലെ പുലിമുട്ട് പ്രദേശങ്ങളിലും ഓര്‍ക്കടവ് മാവിലാക്കടപ്പുറം പാലത്തിന്റെ പരിസരത്തുമാണ് രാപ്പകല്‍ ഭേദമന്യേ അനധികൃത മണലെടുപ്പ്.
കേരള നദിതീര സംരക്ഷണവും മണല്‍ വാരല്‍ നിയന്ത്രണആക്ടിലും ചട്ടങ്ങളിലും പറഞ്ഞ കാര്യങ്ങള്‍ പൂര്‍ണമായും ലംഘിച്ചുകൊണ്ടാണ് മണല്‍ വാരുന്നതെന്ന് സംഘം വിലയിരുത്തി. ഒരു കടവില്‍ നിന്ന് രാവിലെ ആറുമണിക്ക് മുന്‍പും വൈകിട്ട് മൂന്നിന് ശേഷവും മണല്‍ വാരാന്‍ നിയമമില്ല. എന്നാല്‍ രാത്രിയാണ് കൂടുതലായും മണല്‍ കൊള്ള നടക്കുന്നത്. മണല്‍ കൊള്ളകെതിരേ വലിയപറമ്പ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ തീരത്ത് പരിശോധന നടത്തുകയും മണല്‍ കാത്തുകാരെ പിടികൂടി താക്കിതു ചെയ്തു വിട്ടിരുന്നെങ്കിലും മണല്‍ വാരുന്നത് തുടരുകയായിരുന്നു.
ദ്വീപ് പഞ്ചായത്തിന്റെ നിലനില്‍പ്പിനും കുടിവെള്ള ക്ഷാമം രൂക്ഷമായതിനാലും കായലിലും മത്സ്യ സമ്പത്തിന്റെ കുറവുമാണ് മത്സ്യ തൊഴിലാളികളെയും സമരവുമായി രംഗത്തുവരാന്‍ പ്രേരിപ്പിച്ചത്. അധികൃതരുടെയും പൊലിസിന്റെയും ഒത്താശയോടെ നടക്കുന്ന മണല്‍ കടത്ത് നിര്‍ത്തിയില്ലെങ്കില്‍ ശക്തമായ സമരപരിപാടിയുമായി മുന്നോട്ടുപോകാന്‍ മാവിലാക്കടപ്പുറത്ത് ചേര്‍ന്ന സംയുക്ത മത്സ്യ തൊഴിലാളി സംഘം തീരുമാനിച്ചു.
വലിയപറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ടി അബ്ദുല്‍ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ മാധവന്‍ ഒരിയര, എം.കെ.എം അബ്ദുല്‍ ഖാദിര്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വി.വി ഉത്തമന്‍, പി.പി ശ്രീധരന്‍, പി.എച്ച് ബഷീര്‍, കെ ജനാര്‍ദനന്‍, പി.സി സലാം, നാസര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."