ശബരിമല സന്ദര്‍ശിക്കാനെത്തിയ യുവതികള്‍ക്കു നേരെ പ്രതിഷേധം; പൊലിസ് ബലംപ്രയോഗിച്ച് തിരിച്ചിറക്കി
പത്തനംതിട്ട: ശബരിമല കയറാനെത്തിയ യുവതികളെ കനത്ത പ്രതിഷേധത്തെത്തുടര്‍ന്ന് പൊലിസ് തിരിച്ചിറക്കി. രേഷ്മ നിഷാന്ത്, ഷാനില എന്നിവരാണ് പുലര്‍ച്ചെ നാലരയോടെ ശബരിമല ദര്‍ശനത്തിനെത്തിയത്.
ഇരുവരേയും നീലിമലയില്‍ രണ്ടര മണിക്കൂറോളം പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. ഇതോടെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൊലിസ് ഇരുവരെയും പിന്തിരിപ്പിക്കാന് ശ്രമം നടത്തി. എന്നാല്‍ വ്രതം നോറ്റ് എത്തിയ തങ്ങള്‍ ദര്‍ശനം നടത്തിയേ തിരിച്ചു പോകൂ എന്നു യുവതികള്‍ നിലപാട് എടുത്തതോടെയാണ് രണ്ടുപേരെയും ബലം പ്രയോഗിച്ച് പൊലിസ് തിരിച്ചിറക്കിയത്.
ഏഴംഗ സംഘത്തിനൊപ്പമാണ് പുലര്‍ച്ചെ രേഷ്മയും ഷാനിലയും മല കയറ്റം തുടങ്ങിയത്. എന്നാല്‍ ദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന ചിലര്‍ യുവതികളെ കണ്ടതോടെയാണ് പ്രതിഷേധം ആരംഭിച്ചത്. കൂടുതല്‍ പേര് യുവതികള്‍ക്ക് ചുറ്റും കൂടിയതോടെ സംഘര്‍ഷാവസ്ഥയിലേക്കു നീങ്ങി. ഇതോടെ പൊലിസ് എത്തി പ്രതിഷേധക്കാരില്‍ അഞ്ചുപേരെ കസ്റ്റഡിയില്‍ എടുത്തു മാറ്റുകയും ചെയ്തു. കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് യുവതികളെ തിരിച്ചിറക്കിയതെന്നാണ് പൊലിസ് പറയുന്നത്.
നിലയ്ക്കല്‍ എത്തിയാല്‍ സുരക്ഷയൊരുക്കാമെന്നു പൊലിസ് അറിയിച്ചിരുന്നതായും ചുരുങ്ങിയ പ്രതിഷേധക്കാരെ മാറ്റി തങ്ങളെ സന്നിധാനത്തെത്തിക്കാന്‍ കഴിയുമായിരുന്നുവെന്നും കണ്ണൂര്‍ സ്വദേശിയായ രേഷ്മ മാധ്യമങ്ങളോട് പറഞ്ഞു. തങ്ങള്‍ നാലു മാസത്തോളമായി വ്രതം നോറ്റിരുന്നുവെന്നും കുടുംബ ജീവിതത്തിലേക്ക് മടങ്ങണമെങ്കില്‍ മാലയഴിക്കേണ്ടത് ആവശ്യമാണെന്നും അയ്യപ്പനെ കാണാതെ മാലയഴിക്കുന്നത് എങ്ങനെയാണെന്നു വിശ്വാസികള്‍ പറഞ്ഞു തരണണമെന്നും രേഷ്മ ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."