സഊദിയിൽ സകാത്ത്, നികുതി വെട്ടിപ്പിനെതിരെ കർശന നടപടി; നിയമ ലംഘനം അറിയിക്കുന്നവർക്ക് പത്ത് ലക്ഷം റിയാൽ വരെ പാരിതോഷികം
റിയാദ്: സഊദിയിൽ സകാത്ത്, നികുതി അതോറിറ്റി നിയമലംഘനം നടത്തുന്നതിനെതിരെ കർശന നടപടികളുമായി ഭരണകൂടം. സകാത്ത് ആൻഡ് ഇൻകം ടാക്സ് അതോറിറ്റിയാണ് നികുതി വെട്ടിപ്പ് നടത്തുന്നവർക്കെതിരെ ശക്തമായി രംഗത്തെത്തിയത്. നിയമ ലംഘനം തുടച്ച് നീക്കുന്നതിന്റെ ഭാഗമായി നിയമലംഘനത്തെ കുറിച്ച് വിവരം നൽകുന്നവർക്ക് പത്ത് ലക്ഷം റിയാൽ വരെ പാരിതോഷികം ലഭിക്കുമെന്നും അതോറിറ്റി അറിയിച്ചു. സകാത്ത് സംവിധാനത്തിൽ രജിസ്റ്റർ ചെയ്യാതിരിക്കൽ-സകാത്ത് വെട്ടിപ്പ്, മൂല്യവർധിത നികുതി വെട്ടിപ്പ്-വാറ്റ് ഇൻവോയ്‌സുകളും രേഖകളും സൂക്ഷിക്കാതിരിക്കൽ, ആദായ നികുതി നിയമ ലംഘനങ്ങൾ, സെലക്ടീവ് ടാക്‌സ് നിയമ ലംഘനങ്ങൾ എന്നിങ്ങനെ നാലിനം നിയമ ലംഘനങ്ങളെ കുറിച്ച് വിവരം നൽകുന്നവർക്കാണ് പാരിതോഷികം ലഭിക്കുക.
കൃത്യമായ വിവരങ്ങളുൾപ്പെടുത്തി നികുതി വെട്ടിപ്പിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് പിഴയുടെ രണ്ടര ശതമാനം വരെ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. നികുതി വെട്ടിപ്പ് നടത്തുന്ന വ്യക്തികളിൽ നിന്ന് പിഴയും നികുതി കുടിശ്ശികകളുമായി ഈടാക്കുന്ന തുകയുടെ രണ്ടര ശതമാനമോ പത്തു ലക്ഷം റിയാലോ ഏതാണ് കുറവ് എങ്കിൽ ആ തുകയാണ് പാരിതോഷികമായി നൽകുക എന്നും അതോറിറ്റി വൃത്തങ്ങൾ വ്യക്തമാക്കി. നികുതി വെട്ടിപ്പുകളെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം കൈമാറുന്ന കാര്യം പരിശോധിക്കുന്ന പ്രത്യേക കമ്മിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പാരിതോഷികം വിതരണം ചെയ്യുക. എന്നാൽ, പരാതി നൽകുന്നവർ സകാത്ത്, നികുതി അതോറിറ്റി ഉദ്യോഗസ്ഥരോ അവരുടെ അടുത്ത ബന്ധുക്കളോ ആകാൻ പാടില്ല. നികുതി വെട്ടിപ്പിനെ കുറിച്ച് വിവരം നൽകൽ പരാതി നൽകുന്നയാളുടെ ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമാകാനും പാടില്ലെന്നും നിർദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."