നടിക്കെതിരായ ആക്രമണം: തെളിവെടുപ്പ് തുടരുന്നു
കൊച്ചി: കൊച്ചിയില്‍ യുവനടിയെ അക്രമിച്ച കേസില്‍ മുഖ്യപ്രതികളുമായുള്ള തെളിവെടുപ്പ് തുടരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് പറയുന്ന മൊബൈല്‍ ഫോണ്‍ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ പൊലിസ്. പ്രതികളുമായി ഗോ ശ്രീ പാലത്തിനു താഴെ തെരച്ചില്‍ നടത്തുന്നു.
പ്രതികള്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലങ്ങളിലെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു തുടങ്ങി. ഗൂഢാലോചന സംബന്ധിച്ച വിശദമായ അന്വേഷണത്തിനാണിത്.
പ്രതികളെ അമ്പലപ്പുഴയിലെത്തിച്ച് ഇന്നു തെളിവെടുത്തേക്കും. നടിയെ ആക്രമിച്ച ശേഷം പ്രതികളായ മണികണ്ഠനും വിജീഷും പള്‍സര്‍ സുനിയും അമ്പലപ്പുഴയിലെ സുഹൃത്തിന്റെ വീട്ടിലേക്കാണ് ആദ്യം എത്തിയത്. എന്നാല്‍ വീട്ടുകാര്‍ തിരിച്ചറിഞ്ഞതോടെ ഇവിടെനിന്നു കായംകുളത്തേക്കു പോയി. ഇവിടെ മാല പണയം വച്ചശേഷം 18നു രാത്രി അങ്കമാലി കറുകുറ്റിയിലെത്തി അഭിഭാഷകനെ കണ്ടു 12,000 രൂപ നല്‍കി. തുടര്‍ന്നു കേസിന്റെ വക്കാലത്ത് എല്‍പ്പിച്ച ശേഷം കോയമ്പത്തൂര്‍ പീളമേട്ടിലേക്കു കടന്നു. ഇവിടെ വച്ചു മണികണ്ഠന്‍ വഴിപിരിഞ്ഞു. തുടര്‍ന്നു ചാര്‍ളിയുടെ ബൈക്കുമെടുത്തു പാലക്കാട് നെന്മാറ വഴി തൃശൂരിലെത്തി. ഇവിടെനിന്നു ഗുരുവായൂരിലും പിന്നെ എറണാകുളത്തുമെത്തിയ പ്രതികള്‍ വാഗമണ്ണില്‍ തങ്ങി. കീഴടങ്ങുന്നതിനു തലേദിവസം കോലഞ്ചേരിയിലെ ഒരു കെട്ടിടത്തിനു മുകളിലാണ് ഇവര്‍ കഴിച്ചുകൂട്ടിയത്.
അതേസമയം വിജീഷിനും പള്‍സര്‍ സുനിക്കും കോയമ്പത്തൂരില്‍ അഭയം നല്‍കിയ ചാര്‍ലി തോമസിനെ മാര്‍ച്ച് 13 വരെ കോടതി റിമാന്‍ഡ് ചെയ്തു. ജാമ്യത്തിനായി അപേക്ഷിച്ചിരുന്നെങ്കിലും കോടതി അംഗീകരിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."