ചികിത്സ തേടിയെത്തിയ കുടുംബത്തോട് പാകിസ്താനില്‍ പോകണമെന്ന് ഡോക്ടര്‍
മട്ടാഞ്ചേരി: അപകടത്തെ തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ കുടുംബത്തോട് നിങ്ങള്‍ പാകിസ്താനിലേക്കു പോകേണ്ടവരാണെന്ന് ഡോക്ടര്‍ പറഞ്ഞതായി പരാതി.
അരൂക്കുറ്റി വടുതല ജെട്ടിക്കു സമീപം താമസിക്കുന്ന കെ.എ നവാസാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ആശുപത്രി സൂപ്രണ്ടിനു പരാതി നല്‍കിയത്. തിങ്കളാഴ്ച രാത്രി എട്ടു മണിയോടെ മട്ടാഞ്ചേരി കരുവേലിപ്പടി മഹാരാജാസ് ആശുപത്രിയിലായിരുന്നു സംഭവം. ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിനു സമീപം നവാസും കുടുംബവും അപകടത്തില്‍പെടുകയും ഓടിക്കൂടിയ നാട്ടുകാര്‍ ഇവരെ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ രേഖ പേരു ചോദിക്കുകയും മകന്‍ മുഹമ്മദ് മിസ്ബാഹിന്റെ പേരു പറഞ്ഞതോടെ ഡോക്ടറുടെ നെറ്റി ചുളിയുകയും ഈ പേര് നിങ്ങളുടെ നാട്ടിലാണ് ഇടേണ്ടതെന്നു പറയുകയും ചെയ്തതായി നവാസ് പറഞ്ഞു.
തങ്ങളുടെ നാട് ഏതാണെന്ന് നവാസിന്റ ഭാര്യ ചോദിച്ചതോടെ പാകിസ്താനാണെന്നും നിങ്ങള്‍ പാകിസ്താനിലേക്കു തന്നെ പോകേണ്ടവരാണല്ലോ എന്നും ഡോക്ടര്‍ പറയുകയായിരുന്നു. ഡോക്ടര്‍ ഡ്യൂട്ടി കഴിഞ്ഞു പോകാനുള്ള തിരക്കിലായതിനാല്‍ കര്‍ക്കശമായാണ് പെരുമാറിയതെന്നും നവാസ് ആശുപത്രി സൂപ്രണ്ടിനും ബന്ധപെട്ടവര്‍ക്കും നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു.പരാതി കിട്ടിയെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കു കൈമാറുമെന്നും സൂപ്രണ്ട് ഡോ: മിനു മാത്യു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."