ബസ് ടെര്‍മിനലിന്റെ ഓഫിസ് ഒരു സംഘം സാമൂഹിക വിരുദ്ധര്‍ അടിച്ചുതകര്‍ത്തു
കഴക്കൂട്ടം: പോത്തന്‍കോട് കെ.എസ്.ആര്.ടി.സി. ബസ് ടെര്‍മിനലിന്റെ ഓഫിസ് ഒരു സംഘം സാമൂഹിക വിരുദ്ധര്‍ അടിച്ചുതകര്‍ത്തു. തിങ്കളാഴ്ച രാത്രി 12 ന് ശേഷമാണ് സംഭവം. ഓഫിസിനുള്ളിലെ സ്റ്റേഷന് മാസ്റ്ററുടെ ക്യാബിനിലെ മേശയും കസേരകളും പുറത്തെ കൗണ്ടറിലെ കണ്ണാടി ചില്ലും അക്രമികള്‍ തല്ലിത്തകര്‍ത്തു.
ഇന്നലെ പുതിയ സ്റ്റേഷന് മാസ്റ്റര്‍ ചാര്ജെടുക്കാനിരിക്കെയാണ് സംഭവം. ജില്ലയിലെ വിവിധ ഡിപ്പോകളില്‍ നിന്നും പ്രതിദിനം 219 സര്‍വിസുകളാണ് ഇവിടെ വന്നുപോകുന്നത്. 2015 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ ഡിപ്പോ ഒരു സ്റ്റേഷന് മാസ്റ്ററുടെ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. ടോമിന് തച്ചങ്കരി എം.ഡി.യായി ചാര്‍ജെടുത്ത ശേഷം സ്റ്റേഷന് മാസ്റ്ററുടെ സേവനം ഒഴിവാക്കിയിരുന്നു.
കുറച്ചുനാള്‍ ബസുകള്‍ വന്നുപോകുന്നത് നിയന്ത്രിക്കാന്‍ ഒരു സംവിധാനവും ഇവിടെ ഉണ്ടായിരുന്നില്ല.യാത്രക്കാരുടെയും പഞ്ചായത്ത് അധികൃതരുടെയും നിരന്തര പരാതിയെ തുടര്‍ന്ന് കണിയാപുരം,ആറ്റിങ്ങല്‍,വികാസ് ഭവന്, എന്നീ ഡിപ്പോകളില്‍ നിന്നും അന്നന്ന് ഡ്യുട്ടിയിലുള്ള ഏതെങ്കിലും ഒരു ഇന്‍സ്പെക്ടറെ ഇവിടെ ജോലിക്ക് നിയോഗിക്കുകയാണ് ചെയ്തുപോരുന്നത്.
ബസുകളുടെ സമയക്രമീകരണം ഉള്‍പ്പെടെ ഒരു സേവനവും യാത്രക്കാര്‍ക്ക് ഇവിടെ നിന്ന് ലഭിക്കാറില്ല. ഈ സാഹചര്യത്തിലാണ് പുതിയ സ്റ്റേഷന് മാസ്റ്റര്‍ ചാര്ജ്ജെടുക്കുന്നതിന്റെ തലേന്ന് അക്രമം നടന്നത്. പോത്തന്‍കോട് പൊലിസ് കേസെടുത്ത് അന്വോഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."