HOME
DETAILS
MAL
കേന്ദ്രത്തിന്റെ ഹരജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും
backup
February 07 2020 | 01:02 AM
ന്യൂഡല്‍ഹി: നിര്‍ഭയാ കേസില്‍ പ്രതികളുടെ വധശിക്ഷ നീണ്ടുപോകുന്നതിനെതിരേ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി ഇന്നു സുപ്രിംകോടതി പരിഗണിക്കും. നേരത്തെ, പ്രതികളുടെ മരണവാറന്‍ഡ് റദ്ദാക്കിയ ഡല്‍ഹി പാട്യാലാ ഹൗസ് കോടതി വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്രം നല്‍കിയ ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്നായിരുന്നു കേന്ദ്രം സുപ്രിംകോടതിയെ സമീപിച്ചത്.
ഇന്നലെ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം നടരാജാണ് വിഷയത്തില്‍ കേന്ദ്രത്തിനായി ഹരജി സമര്‍പ്പിച്ചത്. ജസ്റ്റിസുമാരായ എന്‍.വി രമണ, സഞ്ജീവ് ഖന്ന, കൃഷ്ണ മുരാരി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഇന്ന് ഹരജിയില്‍ വാദം കേള്‍ക്കുക. നേരത്തെ, കേസിലെ നാലു പ്രതികളെയും വെവ്വേറെ തൂക്കിലേറ്റണമെന്ന കേന്ദ്രത്തിന്റെ ആവശ്യം ഡല്‍ഹി ഹൈക്കോടതി നിരസിച്ചിരുന്നു. പ്രതികള്‍ ഓരോരുത്തരായി നിയമാവകാശങ്ങള്‍ ഉപയോഗപ്പെടുത്തി വധശിക്ഷ നടപ്പാക്കുന്നതു നീട്ടിക്കൊണ്ടുപോകുകയാണെന്നാണ് ആരോപണം. എന്നാല്‍, ഇക്കാര്യത്തില്‍ ഡല്‍ഹിയിലെ എ.എ.പി സര്‍ക്കാരിനെ കുറ്റപ്പെടുത്തി ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയതും ഹൈക്കോടതിയിലും സുപ്രിംകോടതിയിലും കേന്ദ്രം ഹരജി നല്‍കിയതും ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്ന ആരോപണവുമുയര്‍ന്നിട്ടുണ്ട്.
പ്രതികള്‍ക്കു നിയമാവകാശങ്ങള്‍ ഉപയോഗിക്കാന്‍ ഒരാഴ്ചകൂടി സമയം നല്‍കിയായിരുന്നു കഴിഞ്ഞ ദിവസം ഡല്‍ഹി ഹൈക്കോടതി കേന്ദ്രത്തിന്റെ ഹരജി തള്ളിയിരുന്നത്. ഇതിനുള്ളില്‍ പ്രതികള്‍ ഹരജി നല്‍കിയില്ലെങ്കില്‍ ഇവരെ തൂക്കിലേറ്റുന്നതിനു മറ്റു തടസങ്ങളുണ്ടാകില്ല. എന്നാല്‍, ഹരജി നല്‍കിയാല്‍ വധശിക്ഷ നടപ്പാക്കുന്നതു പിന്നെയും നീണ്ടുപോകുമെന്ന ആശങ്കയുമുണ്ട്. ഈ വിധിക്കു പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നത്. ഹരജിയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
നേരത്തെ ജനുവരി 22ന് രാവിലെ ഏഴിനു നാലു പ്രതികളെയും തൂക്കിലേറ്റാന്‍ പാട്യാലാ ഹൗസ് കോടതി മരണവാറന്‍ഡ് പുറപ്പെടുവിച്ചിരുന്നു. ഇതിനു ശേഷം പ്രതികള്‍ ഓരോരുത്തരായി പുനഃപരിശോധനാ ഹരജി, തിരുത്തല്‍ ഹരജി, രാഷ്ട്രപതിക്കു ദയാഹരജി എന്നിവ വ്യത്യസ്ത ദിവസങ്ങളില്‍ സമര്‍പ്പിക്കുകയായിരുന്നു. ഇതോടെ മരണവാറന്‍ഡ് ഫെബ്രുവരി ഒന്നിലേക്കു നീട്ടി.
ഇതിനു ശേഷവും പ്രതികള്‍ പരമാവധി നിയമവഴികള്‍ ഉപയോഗപ്പെടുത്തി വധശിക്ഷ നടപ്പാക്കുന്നതു നീട്ടിക്കൊണ്ടുപോകുകയായിരുന്നു. രാഷ്ട്രപതി തന്റെ ദയാഹരജി തള്ളിയതിനെതിരേ പോലും പ്രതികളിലൊരാള്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. ഇതിനിടെ, കോടതിയില്‍വച്ച് പ്രതികളുടെ അഭിഭാഷകന്‍ തന്നെ വെല്ലുവിളിച്ചെന്നാരോപിച്ച് ഇരയുടെ മാതാവ് രംഗത്തെത്തുകയും ചെയ്തിരുന്നു. വധശിക്ഷ നടപ്പാക്കാനാകില്ലെന്നായിരുന്നത്രേ വെല്ലുവിളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."