ഊര്‍ങ്ങാട്ടിരിയില്‍ പഞ്ചായത്ത് ബോര്‍ഡ് യോഗത്തില്‍ ഇറങ്ങിപ്പോക്ക്
അരീക്കോട്: ഗ്രാമസഭ, വികസന സെമിനാര്‍, ഭരണസമിതി യോഗം തുടങ്ങിയവയില്‍ ചര്‍ച്ച ചെയ്ത് അംഗീകാരം വാങ്ങാത്ത പദ്ധതികള്‍ അനധികൃതമായി കൂട്ടിച്ചേര്‍ത്താണ് 2019-20 വാര്‍ഷിക പദ്ധതിരേഖയ്ക്കു ജില്ലാ ആസൂത്രണ വിഭാഗത്തിന്റെ അംഗീകാരം വാങ്ങിയതെന്നാരോപിച്ച് ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ യു.ഡി.എഫ് അംഗങ്ങള്‍ ഭരണസമിതി യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി.
വ്യക്തമായ സ്വജനപക്ഷപാതമാണ് പദ്ധതി രേഖ രൂപവല്ക്കരണത്തിലുണ്ടായതെന്നും യു.ഡി.എഫ് അംഗങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന വാര്‍ഡുകളെ പൂര്‍ണമായും അവഗണിക്കുകയാണ് ചെയ്തതെന്നും ഇറങ്ങിപ്പോയ അംഗങ്ങള്‍ ആരോപിച്ചു. ബര്‍ണാഡ് മരിയ, കെ.കെ ഉബൈദുല്ല, കെ. അനൂപ് മൈത്ര, സുനിത മനോജ്, ബീന വിന്‍സെന്റ്, എം. റസീന, എം.പി മിര്‍ഷാദ് എന്നിവരാണ് യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയത്.
2018-19 സാമ്പത്തിക വര്‍ഷം രണ്ടര മാസം മാത്രം ബാക്കിനില്‍ക്കെ കോടിക്കണക്കിനു രൂപയുടെ ഫണ്ട് ചെലവാക്കാതെ ബാക്കിനില്‍ക്കുകയാണ്. ഭരണനിര്‍വഹണത്തിലെ പാളിച്ചകളും ഏകോപനമില്ലായ്മയും പദ്ധതിച്ചെലവ് കുറക്കാന്‍ കാരണമായെന്നും തെരുവുവിളക്കുകള്‍ പോലും കത്തിക്കാന്‍ ഭരണസമിതി നടപടികളെടുക്കുന്നില്ലെന്നും യു.ഡി.എഫ് അംഗങ്ങള്‍ ആരോപിച്ചു.
പ്രളയത്തില്‍ തകര്‍ന്ന നടപ്പാലമുള്ള മൂര്‍ക്കനാട് കടവില്‍ ഗതാഗതത്തിനായി ബദല്‍ സംവിധാനമായി ബോട്ട് സൗകര്യമൊരുക്കാന്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി തയാറാകുന്നില്ലെന്നും യു.ഡി.എഫ് അംഗങ്ങള്‍ പറഞ്ഞു.
എന്നാല്‍, കഴിഞ്ഞ മാസം 15നു നടന്ന വികസന സെമിനാറില്‍ ചര്‍ച്ച ചെയ്ത പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയതെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്നും പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ ഷൗക്കത്തലി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."