ക്ഷേമ പദ്ധതികള്‍ക്ക് കൂടുതല്‍ തുക; 2020-21 സര്‍ക്കാറിന്റെ ഏറ്റവും നല്ല വര്‍ഷമാകുമെന്നും ധനമന്ത്രി; പിണറായി സര്‍ക്കാറിന്റെ നാലാം ബജറ്റ് ഇന്ന്
തിരുവനന്തപുരം: പുതുവര്‍ഷം നല്ല വര്‍ഷമായിരിക്കുമെന്നും 2020-21 പിണറായി സര്‍ക്കാറിന്റെ ഏറ്റവും മികച്ച കാലമായിരിക്കുമെന്നും ധനമന്ത്രി തോമസ് ഐസക്. ബജറ്റവതരണത്തിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേമപദ്ധതികള്‍ക്ക് കൂടുതല്‍ തുക ബജറ്റിലുണ്ടാവുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. പ്രകടനപത്രികയിലുള്ള കാര്യങ്ങള്‍ നടപ്പാക്കും. തെരഞ്ഞെടുപ്പിന്റെ പേരിലുള്ള മധുരം നല്‍കല്‍ ബജറ്റിലുണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പരമ്പരാഗത മേഖലകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കും. വരും വര്‍ഷത്തില്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കും. ചെറുകിട മേഖലയിലും പ്രോത്സാഹനങ്ങള്‍ ഉണ്ടാവും. കശുവണ്ടി മേഖലയുടെ പുനരുദ്ധാരണത്തിന്റെ വര്‍ഷമാകും- മന്ത്രി പറഞ്ഞു. അനാവശ്യ ചെലവുകള്‍ കുറക്കുമെന്ന് പറഞ്ഞ അദ്ദേഹം അത്യാവശ്യ വിദേശ യാത്രകള്‍ തുടരുമെന്ന് വ്യക്തമാക്കി. അത് അനാവശ്യ ചെലവല്ലെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി.
2021ല്‍ ജനങ്ങളെ സമീപിക്കുന്നത് ചെയ്ത കാര്യങ്ങള്‍ പറഞ്ഞായിരിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
രാവിലെ 9നാണ് ബജറ്റവതരണം. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ ബജറ്റില്‍ കടുത്ത നടപടികള്‍ ഉണ്ടായേക്കും. ഭൂമിയുടെ സ്റ്റാമ്പ് ഡ്യൂട്ടിയും ന്യായവിലയും കൂട്ടാനും മദ്യത്തിന്റേതടക്കം നികുതിനിരക്കില്‍ മാറ്റം വരുത്താനും സാധ്യത കല്‍പ്പിക്കപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."