ജില്ലയിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കും: കലക്ടര്‍
ആലപ്പുഴ : ജില്ലയിലെ കുടിവെള്ള പ്രശ്‌നം നേരിടുന്ന എല്ലാ പ്രദേശങ്ങളിലും ഈ ആഴ്ച തന്നെ പൂര്‍ണ്ണമായി കുടിവെള്ളം എത്തിക്കുമെന്ന് കലക്ടര്‍ യു.ഡി.എഫ് പ്രതിനിധി സംഘത്തിന് ഉറപ്പ് നല്‍കി.
ഇതിനായി സ്വീകരിച്ച നടപടികളും സംവിധാനങ്ങളും കളക്ടര്‍ വിശദമായി ചൂണ്ടിക്കാട്ടി.
ജില്ലയിലെ ശുദ്ധജല വിതരണത്തിന് ഇപ്പോഴുള്ള 264 കിയോസ്‌ക്കുകളോടൊപ്പം 289 കിയോസ്‌കുകള്‍ കൂടി സ്ഥാപിക്കുവാന്‍ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞതായി കലക്ടര്‍ അറിയിച്ചു. കിയോസ്‌കുകളില്‍ വെള്ളം എത്തിക്കാനും, ടാങ്കര്‍ ലോറികളില്‍ വെള്ളം വിതരണം ചെയ്യാനും റവന്യു സംവിധാനം സ്വീകരിച്ചിരിക്കുന്ന നടപടികള്‍ രണ്ട് മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ഫലപ്രദമാക്കും.
ഇത് കൂടാതെ കുടിവെള്ള വിതരണത്തിന് ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും അധികാരം നല്‍കിക്കൊണ്ടുള്ള ഉത്തരവും നല്‍കി കഴിഞ്ഞതായി കളക്ടര്‍ അറിയിച്ചു. നഗരപ്രദേശങ്ങളില്‍ വാട്ടര്‍ അതോറിറ്റി കുടിവെള്ള വിതരണം നടത്തും.
ജലസ്രോതസ്സില്‍ തടസ്സം ഉണ്ടായാല്‍ പകരം സംവിധാനം ഏര്‍പ്പെടുത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കലക്ടറുമായി നടത്തിയചര്‍ച്ചകളില്‍ യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ എം മുരളി, കണ്‍വീനര്‍ ബി രാജശേഖരന്‍, ഡി.സി.സി പ്രസിഡന്റ് എം ലിജു, മുന്‍ ഡി.സി.സി പ്രസിഡന്റ് എ.എ ഷുക്കൂര്‍, ജെ.ഡി.യു ജില്ലാ പ്രസിഡന്റ് കണ്ടല്ലൂര്‍ ശങ്കരനാരായണന്‍, കേരള കോണ്‍ഗ്രസ്സ് ജേക്കബ് സംസ്ഥാന വൈസ് പ്രസിഡന്റ് ജോര്‍ജ് ജോസഫ്, സി.എം.പി ജില്ലാ സെക്രട്ടറി ഏ.നിസാര്‍ എന്നിവര്‍ പങ്കെടുത്തു.
കെ.ഐ.പി, പി.ഐ.പി കനാലുകളില്‍ പരമാവധി വെള്ളം എത്തിക്കുവാനുള്ള നടപടികളും ത്വരിതപ്പെടുത്തും.
കുട്ടനാട്ടില്‍ കുടിവെള്ളം ആവശ്യമുള്ളയിടങ്ങളില്‍ വള്ളങ്ങളിലും, ലോറികളിലും , അല്ലങ്കില്‍ മറ്റ് സൗകര്യം ഉപയോഗിച്ചും കുടിവെള്ളം എത്തിക്കുന്നതിനുള്ള നടപടികളും ഉണ്ടാവണമെന്ന് കളക്ടറുമായി നടത്തിയകൂടികാഴ്ചയില്‍ പ്രതിനിധിസംഘം ആവശ്യപ്പെട്ടു.
കലക്ടറുമായി യു.ഡി.എഫ് പ്രതിനിധി സംഘം നടത്തിയചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഇന്ന് ആരംഭിക്കാനിരുന്ന യു.ഡി.എഫ് നേതാക്കളുടെ അനിശ്ചിതകാല നിരാഹാര സമരം മാറ്റിവയ്ക്കുവാന്‍ യു.ഡി.എഫ് തീരുമാനിച്ചതായി ജില്ലാ ചെയര്‍മാന്‍ എം മുരളിയും, കണ്‍വീനര്‍ ബി രാജശേഖരനും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."