അരിവില രൂക്ഷമാക്കിയത് സര്‍ക്കാരിന്റെ അനാസ്ഥ
സംസ്ഥാനത്ത് അരിവില മുമ്പെങ്ങുമില്ലാത്ത വിധം കുതിച്ചുയരുകയാണ്. കഴിഞ്ഞ എട്ടു മാസത്തിനുള്ളില്‍ ഒരു കിലോ അരിക്ക് പതിനെട്ടോളം രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇടതുപക്ഷ സര്‍ക്കാര്‍ ഭരണം ഏറ്റെടുത്തതു മുതല്‍ അരിവില കുതിക്കാന്‍ തുടങ്ങിയിരുന്നു. അനുദിനമെന്നോണം അരിക്കും നിത്യോപയോഗ സാധനങ്ങള്‍ക്കും ക്രമാതീതമായ വില വര്‍ധനവുണ്ടായപ്പോള്‍ സര്‍ക്കാര്‍ നോക്കുകുത്തിയാകുകയായിരുന്നു.
റേഷന്‍ സമ്പ്രദായം തകര്‍ന്ന സ്ഥിതിക്ക് പൊതുവിപണിയില്‍നിന്ന് അരി കിട്ടാനാവാത്ത അവസ്ഥയും കൂടി സംജാതമാകുമ്പോള്‍ അത് സാധാരണക്കാരെ നിത്യ ദുരിതത്തിലേക്കാണ് തള്ളിവിടുക. കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച ഭക്ഷ്യ ഭദ്രതാ പദ്ധതിക്ക് സംസ്ഥാനസര്‍ക്കാര്‍ വേണ്ടത്ര ശ്രദ്ധ നല്‍കാതിരുന്നതാണ് ഇത്തരമൊരു വിപത്തിന് അടിസ്ഥാനം. ഒരു കിലോ അരിക്ക് 25 രൂപ ഉണ്ടായിരുന്നത് 50 രൂപയ്ക്കു മുകളിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന ഒരവസ്ഥയില്‍ അടിസ്ഥാനവിഭാഗങ്ങള്‍ എങ്ങനെയാണ് അഷ്ടിക്കുള്ള വക കണ്ടെത്തുക.
അരിവില മാര്‍ച്ച് പത്തിനകം സാധാരണ നിലയിലേക്കെത്തിക്കുമെന്നാണ് ഭക്ഷ്യവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇന്നലെ നിയമസഭയില്‍ പറഞ്ഞത്. അരിദൗര്‍ലഭ്യത്തിനു പ്രധാനകാരണമായി അദ്ദേഹം ചൂണ്ടിക്കാണിച്ചത് യു.ഡി.എഫ് സര്‍ക്കാര്‍ വരുത്തിയ കടമാണ്. ആന്ധ്രയിലെ മില്ലുടമകള്‍ക്ക് യു.ഡി.എഫ് സര്‍ക്കാര്‍ വരുത്തിയ 157 കോടിയുടെ കുടിശ്ശിക തീര്‍ക്കാത്തതിനാലാണ് ആന്ധ്രയില്‍ നിന്ന് അരി ലഭിക്കാത്തതെന്നാണ്. ഇത്തരം കുടിശ്ശികകള്‍ സാധാരണമല്ല. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ക്കൊക്കെയും ഇത്തരം കുടിശ്ശികകള്‍ ഉണ്ടാകാറുണ്ട്.
ഒരു സര്‍ക്കാരിന്റെ തുടര്‍ച്ചയാണ് പിന്നീട് വരുന്ന സര്‍ക്കാര്‍. മുന്‍ സര്‍ക്കാരിന്റെ തുടര്‍ച്ചയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ എന്നിരിക്കെ മുന്‍ സര്‍ക്കാരിനെ പഴിചാരി സ്വന്തം കര്‍ത്തവ്യത്തില്‍ ഇടതുസര്‍ക്കാര്‍ വീഴ്ച വരുത്തിയത് എങ്ങനെ അംഗീകരിക്കാനാകും. അരിവില പിടിച്ചുനിര്‍ത്താന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുകയായിരുന്നു സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. അരിക്ക് വില വര്‍ധിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ അമ്പത് രൂപയില്‍ അരിവില എത്തുകയില്ലായിരുന്നു. മുമ്പ് കടന്നുപോയ സര്‍ക്കാരിനെ പഴി പറഞ്ഞു സമയം കളയുകയായിരുന്നില്ല വേണ്ടിയിരുന്നത്.
ബംഗാളില്‍നിന്ന് അരി ഇറക്കുമതി ചെയ്ത് കണ്‍സ്യൂമര്‍ സ്റ്റോറുകള്‍ വഴിയും സപ്ലൈകോ കടകള്‍ വഴിയും കുറഞ്ഞ വിലയ്ക്ക് അരി ലഭ്യമാക്കുമെന്നാണ് മന്ത്രി പറയുന്നത്. ഇതിന്റെ പ്രായോഗികതയും കൂടി മന്ത്രി വ്യക്തമാക്കേണ്ടതുണ്ടായിരുന്നു. മാര്‍ച്ച് പത്തുവരെ പിന്നെയും ഉയരാന്‍ സാധ്യതയുള്ള അരിവില പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരിന്റെ പക്കല്‍ എന്തുണ്ട് വഴി. അതാണ് സാധാരണക്കാരന് അറിയേണ്ടത്. മുന്‍ സര്‍ക്കാര്‍ കുടിശ്ശിക വരുത്തിയതാണ് ആന്ധ്രയില്‍നിന്ന് അരി വരാതിരിക്കാന്‍ കാരണമെന്ന് ഭരണം ഏറ്റെടുത്ത് എട്ടു മാസം കഴിഞ്ഞപ്പോഴാണോ മന്ത്രിക്കു ബോധ്യമായത്. കുടിശ്ശിക വരുത്തിയെന്നത് പേരുദോഷമായല്ല കാണേണ്ടത്. സംസ്ഥാനത്തെ ജനങ്ങള്‍ക്കുവേണ്ടിയാണ് യു.ഡി.എഫ് സര്‍ക്കാര്‍ കടം വാങ്ങിയിട്ടെങ്കിലും അരി എത്തിച്ചത് എന്നു ചിന്തിക്കുകയല്ലേ ഉത്തമം.
ഇന്നലെ വരെ സര്‍ക്കാര്‍ ഇത്തരമൊരു ആരോപണം ഉന്നയിച്ചിട്ടുമില്ല. ഇപ്പോള്‍ കാണിക്കുന്ന ജാഗ്രത കുറച്ചു മുമ്പ് കാണിച്ചിരുന്നെങ്കില്‍ പഴി പറയുന്നതിനപ്പുറം ക്രിയാത്മകമായിട്ടെന്തെങ്കിലും ചെയ്യാമായിരുന്നില്ലേ. ആന്ധ്രയില്‍നിന്ന് അരി കിട്ടാത്തതിന്റെ പ്രധാനകാരണം അവിടെ നെല്ലിന്റെ വിളവെടുപ്പ് കുറഞ്ഞുപോയതിനാലാണ്. അല്ലാതെ കുടിശ്ശികയുടെ പേരിലല്ല. ഈ പ്രശ്‌നം മുന്‍കൂട്ടി കണ്ട് പരിഹരിക്കാമായിരുന്നു. ഇപ്പോള്‍ പറയുന്ന ബംഗാള്‍ അരിയുടെ ലഭ്യത എത്രമാത്രം ഉണ്ടാകുമെന്നും അതിന്റെ ഗുണമേന്മ എത്രത്തോളമുണ്ടാകുമെന്നും മന്ത്രിക്ക് ഇന്നലെ നിയമസഭയില്‍ വ്യക്തമാക്കാന്‍ കഴിഞ്ഞിട്ടില്ല.
സപ്ലൈകോ വഴി മാര്‍ച്ച് പത്തിനകം 25 രൂപയ്ക്ക് അരി നല്‍കുമെന്ന മന്ത്രിയുടെ വാക്ക് സഫലമാകുമോ എന്ന് കണ്ടറിയുകതന്നെ വേണം. കിട്ടിയാല്‍ തന്നെ അത് ഭക്ഷ്യയോഗ്യമായിരിക്കുമോ എന്നും കണ്ടറിയണം. സ്വന്തം കര്‍ത്തവ്യം നിര്‍വഹിക്കാതെ അലംഭാവം കാണിച്ചതിന് ശേഷം മുന്‍ സര്‍ക്കാരിനെതിരേ കുറ്റപത്രം ചാര്‍ത്തുന്നത് ഇടതുപക്ഷ സര്‍ക്കാരിന്റെ പരാജയമായിട്ടേ കാണാനാകൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."