സീ വാഷ് നിര്‍ത്തിവയ്ക്കും; ശാസ്ത്രീയ ഖനനം തുടരും
തിരുവനന്തപുരം: കൊല്ലം ജില്ലയിലെ ആലപ്പാട് കരിമണല്‍ ഖനനം മൂലം ഒരു ജനത നടത്തുന്ന സമരത്തെ സമവായത്തിലൂടെ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആലപ്പാട്ടെ സമരക്കാരുമായി വ്യവസായ മന്ത്രി ഇ.പി ജയരാന്‍ ഇന്നു ചര്‍ച്ച നടത്തും.
ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. കൂടാതെ ഖനന ാഘാതം ആലപ്പാട് പ്രദേശത്തെ ഏങ്ങനെയാണ് ബാധിച്ചതെന്ന് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും സമിതിക്കു നിര്‍ദേശം നല്‍കും. ഇടക്കാല റിപ്പോര്‍ട്ട് വരുംവരെ സീ വാഷിങ് നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചു. തീരം ഇടിയാനുള്ള പ്രധാന കാരണം സീ വാഷിങ് ആണെന്ന് സമരക്കാര്‍ ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിര്‍ത്തി വയ്ക്കാന്‍ തീരുമാനമായത്. അതേസമയം ശാസ്ത്രീയമായുള്ള ഖനനം പ്രദേശത്തു തുടരും.
ഖനനം നിരീക്ഷിക്കുന്നതിന് ജില്ലാ കലക്ടറും ജനപ്രതിനിധികളുമടങ്ങിയ മോണിറ്ററിങ് സമിതി രൂപീകരിച്ചു. നേരത്തെ നിയമസഭാ പരിസ്ഥിതി സമിതി മോണിറ്ററിങ് സമിതി രൂപീകരിക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ആലപ്പാട്ട് കരിമണല്‍ ഖനനം നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞ വ്യവസായ മന്ത്രിയാണ് സമരക്കാരുമായി സര്‍ക്കാര്‍തല ചര്‍ച്ച നടത്തുന്നത്.
കലക്ടര്‍ക്ക് ദേശീയ
ഹരിത ട്രിബ്യൂണല്‍ നോട്ടിസ്
ന്യൂഡല്‍ഹി: കൊല്ലം ആലപ്പാട് പഞ്ചായത്തിലെ കരിമണല്‍ ഖനനം സംബന്ധിച്ച ആശങ്കകള്‍ ഉയര്‍ന്നിരിക്കെ, വിഷയത്തില്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ (എന്‍.ജി.ടി) ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
ഖനനത്തിനെതിരേ ആലപ്പാട്ട് നടക്കുന്ന ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് സ്വമേധയാ എടുത്ത കേസിലാണ് നടപടി. പ്രദേശത്തെ പരിസ്ഥിതി പ്രത്യാഘാതം വിശദീകരിച്ച് സഹായം ആവശ്യപ്പെടുന്ന സ്ഥലത്തെ പെണ്‍കുട്ടിയുടെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയും മാധ്യമങ്ങള്‍ അതു വാര്‍ത്തയാക്കുകയും ചെയ്തിരുന്നു.
വാര്‍ത്ത ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്നാണ് ട്രിബ്യൂണലിന്റെ ഡല്‍ഹിയിലെ പ്രിന്‍സിപ്പല്‍ ബെഞ്ച് അധ്യക്ഷന്‍ ജസ്റ്റിസ് എ.കെ ഗോയല്‍ സ്വമേധയാ കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."