മുടക്കികളുടെ സ്വന്തം നാട്
#സിദ്ദീഖ് നദ്‌വി ചേരൂര്‍
ജനുവരി ആദ്യവാരം ഒരു ഹര്‍ത്താലും രണ്ടു പണിമുടക്കുകളും കേരളീയര്‍ ഗംഭീരമായി വിജയിപ്പിച്ചുകൊടുത്തു. അതിനെതിരേ മുഴങ്ങിയ വീരവാദങ്ങളോ മുന്നൊരുക്കങ്ങളോ ഒരു ചലനവും സൃഷ്ടിച്ചില്ല. പ്രാദേശികതലത്തിലോ സംസ്ഥാനതലത്തിലോ ദേശീയതലത്തിലോ ആരെങ്കിലും ഹര്‍ത്താല്‍ പോലുള്ള ഒന്ന് പ്രഖ്യാപിച്ചുകിട്ടുകയേ വേണ്ടൂ. അതു വിജയിപ്പിച്ചുകൊടുക്കുന്ന കാര്യം നമ്മള്‍ തലയിലേറ്റിക്കഴിഞ്ഞു. അത് വിജയിച്ചാലേ നമുക്ക് ഉറക്കം വരൂ എന്ന നില.
പേര് ദേശീയ പണിമുടക്കെന്നായിരുന്നെങ്കിലും കേരളത്തിനു വെളിയില്‍ ഇതിന് എത്രത്തോളം ചലനമുണ്ടാക്കാന്‍ കഴിഞ്ഞുവെന്ന് പരിശോധിച്ചാല്‍ നിഷ്‌ക്രിയത്വത്തിന്റെയും ഉദാസീനതയുടെയും തനിരൂപമായ ഇത്തരം രീതികളോട് നാം കേരളീയര്‍ പുലര്‍ത്തുന്ന ആശ്ചര്യജനകമായ അഭിനിവേശം ബോധ്യപ്പെടും. പണിമുടക്കിന്റെ രണ്ട് നാളുകളിലും ഞങ്ങള്‍ ഇന്ത്യയുടെ തലസ്ഥാന നഗരിയിലായിരുന്നു. അവിടെ സ്ഥിരം സമരപരിപാടികള്‍ നടക്കുന്ന ജന്തര്‍ മന്ദറിലൊഴികെ മറ്റെവിടെയും കാര്യമായ മുടക്കങ്ങളോ ചലനങ്ങളോ കണ്ടില്ല. പല റോഡുകളിലും സഞ്ചരിച്ചപ്പോള്‍ അവരൊന്നും പണിമുടക്കിനെക്കുറിച്ച് ഒന്നും അറിയാത്ത പ്രതീതി.
കേരളം പോലെ സമരബാധിത പ്രദേശമായിരുന്ന (പ്രളയബാധ പോലെ) പശ്ചിമ ബംഗാളില്‍ ചുവപ്പു ഭരണം അവസാനിച്ചതോടെ അവിടെയും അന്തരീക്ഷം തെളിഞ്ഞുവരികയാണ്. ഇത്തവണ പണിമുടക്കാനിറങ്ങിയ സഖാക്കളെ മമത ശരിക്കും പാഠം പഠിപ്പിച്ചു വിട്ടു. കമ്യൂണിസ്റ്റ് ഭരണത്തോട് വിടപറഞ്ഞ ബംഗാള്‍, ക്രമേണ അതിന്റെ വരട്ടുവാദങ്ങളോടും നെറികേടുകളോടും ലാല്‍ സലാം പറഞ്ഞൊഴിയുകയാണ്.
എന്നാല്‍, നമ്മുടെ നാട്ടില്‍ സഖാക്കള്‍ കട്ടന്‍ ചായയും പരിപ്പുവടയും ദിനേശ് ബീഡിയും ഉപേക്ഷിച്ച് ഷവര്‍മയും പിസ്സയും മറ്റു ന്യൂജെന്‍ ആഹാര പാനീയങ്ങളും സ്വീകരിച്ചിട്ടും സമരങ്ങളുടെ കാര്യം വരുമ്പോള്‍ പഴയ നശീകരണ, നിഷേധാത്മക ചിന്താഗതിയുടെ ബഹിര്‍സ്ഫുരണങ്ങള്‍ പൂര്‍വാധികം പ്രതാപത്തോടെ തലനീട്ടുന്നതാണ് കാണുന്നത്.
ഇവിടെ നടക്കുന്ന മുഴുവന്‍ ഹര്‍ത്താലുകളുടെയും പിന്നില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളാണെന്നല്ല വാദം. ഈയിടെയായി സംഘ്പരിവാര്‍ സംഘടനകള്‍ ഇക്കാര്യത്തിലും അവരെ പിന്നിലാക്കാനുള്ള നെട്ടോട്ടത്തിലാണ്. പക്ഷെ, ഇത്തരം സമരങ്ങളുടെ പിതൃത്വം അവകാശപ്പെടാന്‍ യോഗ്യത കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കു തന്നെയാണ്. ആദ്യകാലത്ത് ഒരു പരിധി വരെ അത് അനിവാര്യമായിരുന്നെന്ന ന്യായം പറയാം. എന്നാല്‍, കാലം മാറിയിട്ടും പഴയ ഇത്തരം ശീലങ്ങളൊന്നും മാറ്റാന്‍ തയാറല്ലെന്നതാണ് വിചിത്രം.
ഹര്‍ത്താല്‍ സമരായുധമായി സ്വീകരിച്ചത് അഹിംസാവാദിയായ ഗാന്ധിജിയായിരുന്നുവെന്നതും സത്യമാകാം. പക്ഷെ, അത് വൈദേശിക ശക്തികള്‍ക്കെതിരെയുള്ള സ്വാതന്ത്ര്യ പോരാട്ടത്തിന്റെ ഭാഗമായിരുന്നു. നാടിന്റെ സ്വാതന്ത്ര്യവും വ്യക്തിസ്വാതന്ത്ര്യവും പൗരാവകാശവും തിരിച്ചുപിടിക്കാനുള്ള പോരാട്ടം. ആ പോരാട്ടം വിജയം നേടുകയും സ്വാതന്ത്ര്യം പുലരുകയും ചെയ്ത ശേഷം പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇവിടെ ജനങ്ങള്‍ക്ക് ഇഷ്ടമുള്ള സമയത്ത് സഞ്ചരിക്കാനും തൊഴില്‍ ചെയ്യാനും പഠിപ്പിക്കാനുമുള്ള സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടാന്‍ ആ പഴയ സമരമുറകള്‍ എടുത്തുപയോഗിച്ച് സമരസഖാക്കള്‍ അഴിഞ്ഞാടുന്നത് ഏതു നീതി ശാസ്ത്രം അനുസരിച്ചാണ്.
കേരളത്തിന്റെ സമരസംസ്‌കാരം കുപ്രസിദ്ധമായതിനാല്‍ പതിറ്റാണ്ടുകളോളം പുറത്തുള്ള വ്യവസായികള്‍ കടന്നുവരാന്‍ മടിച്ചു നിന്നു. മുതലാളിമാരെ ചൂഷകരായി കണക്കാക്കി ശത്രുതയോടെ മാത്രം നോക്കിക്കാണാന്‍ പഠിപ്പിച്ച സംസ്‌കാരം ഇപ്പോഴും പലരുടെയും രക്തത്തില്‍ അലിഞ്ഞുനില്‍ക്കുന്നു. വ്യവസായ രംഗത്ത് കേരളം ബഹുദൂരം പിന്നിലാകാന്‍ ജനസാന്ദ്രതയും മറ്റും ഒരു പരിധി വരെ കാരണമാണെങ്കിലും ഈ മുതലാളിവിരുദ്ധ മനോഭാവവും നശീകരണ പ്രവണതയും തെല്ലൊന്നുമല്ല നമ്മെ പിറകോട്ടു നയിച്ചത്. ഇപ്പോള്‍ മറ്റു പല പാര്‍ട്ടികളും അത് അംഗീകരിക്കുന്നുണ്ടെങ്കിലും നേരത്തെ ഈ സമരമുറ പ്രയോഗിച്ചതിന്റെ പാപഭാരത്തില്‍ നിന്ന് അവര്‍ക്കു രക്ഷപ്പെടാനാവില്ല.
വ്യവസായത്തില്‍ പിന്നിലാണെങ്കിലും ടൂറിസത്തില്‍ നമുക്ക് ഏറെ മുന്നേറാനാവുമെന്നു കണ്ടെത്തി ആ വഴിക്കു കുറെ നീക്കങ്ങള്‍ നടത്തി. നാടിന്റെ പ്രകൃതിയും കാഴ്ചകളുടെ മനോഹാരിതയും വിനോദസഞ്ചാരികളെ മാടിവിളിക്കാന്‍ പോന്നതാണെങ്കിലും അതനുസരിച്ച് ഇവിടെ എത്തിയവരെ കഷ്ടത്തിലാക്കുന്ന നടപടികളാണ് പലപ്പോഴും നമ്മുടെ നാട്ടില്‍ ഉണ്ടാകാറുള്ളത്. നിശ്ചിത ദിവസങ്ങള്‍ സഞ്ചാരത്തിനു നീക്കിവച്ച് ഇവിടെയെത്തുന്ന സഞ്ചാരികളുടെ വിനോദ സ്വപ്‌നങ്ങള്‍ ഹര്‍ത്താല്‍, പണിമുടക്ക്, വാഹന സമരം, പ്രതിഷേധ ബഹളങ്ങള്‍ തുടങ്ങിയവയില്‍ മുങ്ങിപ്പോകുന്ന അനുഭവങ്ങള്‍ എത്രയോ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. ഹോട്ടലുകളില്‍ നിന്ന് പുറത്തിറങ്ങാനാവാതെയും ബസ്സ്റ്റാന്റുകളില്‍ കുടുങ്ങിയും കുഴങ്ങിപ്പോകുന്നു അവര്‍.
ഈ വര്‍ഷാദ്യം കേരളത്തിലെത്തിയ ഒരു ബ്രിട്ടിഷ് കുടുംബത്തിലെ പിതാവ് മരണമടഞ്ഞിട്ട് മൃതദേഹം സംസ്‌കരിക്കാന്‍ 10 ദിവസം കാത്തിരിക്കേണ്ടി വന്നതും അതിന്റെ പേരില്‍ മകള്‍ അനുഭവിച്ച ക്ലേശവും നാം കണ്ടതാണ്. ഹര്‍ത്താലും തുടര്‍ന്നു വന്ന പണിമുടക്കുകളുമാണ് വിഷയം സങ്കീര്‍ണമാക്കിയതെന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
നിരന്തരമായി തുടരുന്ന ഈ ഹര്‍ത്താലുകളും മുടക്കുകളും നമ്മുടെ പുതുതലമുറയെ മാനസികമായി വല്ലാതെ അടിമപ്പെടുത്തിയിരിക്കുന്നുവെന്നതാണ് സങ്കടകരമായ മറ്റൊരു വശം. ഒന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു കിട്ടിയെങ്കില്‍ എന്നാശിച്ചു കാത്തിരിക്കുന്ന ചെറുപ്പക്കാര്‍. ജനുവരി ആദ്യവാരം ഹര്‍ത്താല്‍ കാരണം നാളെ ക്ലാസുണ്ടാവില്ലെന്ന് കോളജിലെ ഒരു ക്ലാസില്‍ പ്രഖ്യാപിച്ചപ്പോള്‍ കുട്ടികളുടെ പ്രതികരണം കണ്ടു ശരിക്കും അമ്പരന്നുപോയിട്ടുണ്ട്. ഒരുതരം 'ഹര്‍ത്താല്‍ അഡിക്ഷനി'ലേക്ക് നമ്മുടെ സമൂഹം അറിയാതെ വഴുതി വീണിരിക്കുന്നു.
പല വിഷയങ്ങളിലും പുതുമകള്‍ സ്വീകരിക്കുന്ന നമുക്ക് ഈ വിഷയത്തില്‍ പുതിയ രീതിയൊന്നും സ്വീകരിക്കാനാവുന്നില്ല. സ്വന്തം ആവശ്യം നേടിയെടുക്കാനും പ്രതിഷേധം പ്രകടിപ്പിക്കാനും ഉചിതമായ മറുവഴികളെക്കുറിച്ച് ആലോചിച്ചുകൂടേ ഫ്രാന്‍സിലെ 'യല്ലോ ജാക്കറ്റ് മൂവ്‌മെന്റ് ' പോലെ പ്രത്യേകമായ നിറമോ വേഷമോ സ്വീകരിച്ചു തങ്ങളുടെ ശക്തിയും സ്വാധീനവും പ്രകടിപ്പിക്കാമല്ലോ. അല്ലാതെ എല്ലാവരെയും ഭീതിയിലാഴ്ത്തി വീട്ടിലിരുത്തി ഇവരെല്ലാം തങ്ങളുടെ കൂടെയാണെന്നു പെരുപ്പിച്ചുകാട്ടി പൊള്ളയായ മേനി നടിക്കുന്നതിലെന്തര്‍ഥം
അതുപോലെ ഹര്‍ത്താല്‍, പണിമുടക്കുകളുടെ പേരില്‍ നടക്കുന്ന അക്രമങ്ങളും പൊതുമുതല്‍ നശീകരണവും വലിയ സാമൂഹിക പ്രശ്‌നമായി മാറുന്നു. പൊതുമേഖലയിലും സ്വകാര്യമേഖലയിലും ഉണ്ടാകുന്ന നഷ്ടങ്ങള്‍ ആരുടെയും കണ്ണു തുറപ്പിക്കുന്നില്ല. അക്രമങ്ങളുടെ പേരിലുള്ള നഷ്ടങ്ങള്‍ക്ക് സമരം പ്രഖ്യാപിച്ച സംഘടനകളെ ഉത്തരവാദികളായി കണക്കാക്കി അവരില്‍ നിന്ന് നഷ്ടപരിഹാരം വസൂല്‍ ചെയ്യാനുള്ള നിര്‍ദേശങ്ങള്‍ കോടതിയുടെ ഭാഗത്തുനിന്നുണ്ടായത് ശുഭോദര്‍ക്കമാണ്. എന്നാല്‍, ദിവസക്കൂലിക്കു തൊഴില്‍ ചെയ്തു കുടുംബം പുലര്‍ത്തുന്ന പതിനായിരക്കണക്കിനു ചുമട്ടുതൊഴിലാളികള്‍, ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍, ടാക്‌സിക്കാര്‍ തുടങ്ങിയവര്‍ക്കു നേരിടേണ്ടിവരുന്ന നഷ്ടങ്ങളും പട്ടിണിയും ആരും കാര്യമാക്കുന്നില്ല. ഒരു ദിവസം തങ്ങളുടെ തൊഴില്‍ മുടങ്ങിയാല്‍ വീട്ടില്‍ പുക ഉയരാത്ത ഇത്തരം പാവങ്ങളുടെ കാര്യം ആലോചിക്കാന്‍ ആര്‍ക്കുണ്ട് സമയം
മുമ്പ് പഠിപ്പു മുടക്കിയുള്ള കലാലയ സമരങ്ങളും വ്യാപകമായിരുന്നു. കുറച്ചുകാലമായി ഇതില്‍ അല്‍പം മാറ്റം വന്നിട്ടുണ്ടെന്നു തോന്നുന്നു. ഇനി അവരെ കണ്ടിട്ടെങ്കിലും മുതിര്‍ന്നവരും അല്‍പം മാറിച്ചിന്തിച്ചാല്‍ കേരളം ക്രമേണയെങ്കിലും രക്ഷപ്പെടും.
ദൈവത്തിന്റെ സ്വന്തം നാടായി മേനിനടിച്ചിരുന്ന സ്ഥാനത്ത് മുടക്കങ്ങളുടെയും മുടക്കികളുടെയും മാത്രം നാടായി കേരളം മാറണോ എന്ന് ബന്ധപ്പെട്ടവര്‍ വീണ്ടുവിചാരപ്പെടട്ടെ. കര്‍മോത്സുകവും പ്രത്യുല്‍പാദനാപരവുമായ പൊതുജീവിതത്തിന്റെ സമ്പുഷ്ട മാതൃകകള്‍ പുതിയ തലമുറകള്‍ക്കു നല്‍കി നാടിന്റെ ഭാവി ഐശ്വര്യപൂര്‍ണമാക്കണോ അതോ നിഷേധാത്മകവും സംഹാരാത്മകവുമായ നടപടികളിലൂടെ മുരടിപ്പിന്റെ പിന്തിരിപ്പന്‍ അധ്യായങ്ങള്‍ എഴുതിച്ചേര്‍ക്കണോ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."