ആസ്‌ത്രേലിയന്‍ ഓപ്പണ്‍: നദാലിനും ഫെഡറര്‍ക്കും ജയം; ആന്‍ഡേഴ്‌സണ് തോല്‍വി
മെല്‍ബണ്‍: ആസ്‌ത്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ ഫേവറിറ്റുകളായ റാഫേല്‍ നദാലിനും റോജര്‍ ഫെഡറര്‍ക്കും ജയം. കീരിട പ്രതീക്ഷയുമായി വന്ന ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സണ്‍ പുറത്തായി. അമേരിക്കയുടെ ഫ്രാന്‍സിസ് ടിയാഫോയിയാണ് ആന്‍ഡേഴ്‌സണ് രണ്ടാം റൗണ്ടില്‍ മടക്കടിക്കറ്റ് നല്‍കിയത്. സ്‌കോര്‍: 4-6, 6-4, 6-4, 7-5. മത്സരത്തിനിടെ പരുക്കേറ്റതാണ് ആന്‍ഡേഴ്‌സണ് തിരിച്ചടിയായത്. പരുക്കിനെ തുടര്‍ന്ന് താരത്തിന്റെ സെര്‍വുകള്‍ക്ക് വേഗം കുറഞ്ഞത് ടിയാഫോയി മുതലെടുക്കുകയായിരുന്നു. കഴിഞ്ഞവര്‍ഷം വിംബിള്‍ഡണില്‍ റണ്ണറപ്പായ താരമാണ് ആന്‍ഡേഴ്‌സണ്‍. ടിയാഫോയിക്കെതിരേ കഴിഞ്ഞ മൂന്നുതവണ ഏറ്റുമുട്ടിയപ്പോഴും ആന്‍ഡേഴ്‌സണായിരുന്നു ജയം.
റാഫേല്‍ നദാല്‍ ആസ്‌ത്രേലിയന്‍ താരം മാത്യൂ എബ്ദനെയാണ് കീഴടക്കിയത്. സ്‌കോര്‍: 6-3, 6-2, 6-2. റോജര്‍ ഫെഡറര്‍ ബ്രിട്ടീഷ് താരം ഡാന്‍ ഇവാന്‍സിനെ 7-6, 7-6, 6-3 ന് പരാജയപ്പെടുത്തി. കഴിഞ്ഞതവണ ആസ്‌ത്രേലിയന്‍ ഓപ്പണില്‍ റണ്ണറപ്പായിരുന്ന ക്രൊയേഷ്യയുടെ മരിന്‍ സിലിച്ച് രണ്ടാം റൗണ്ടില്‍ അമേരിക്കന്‍ താരം മക്കെന്‍സി മക്‌ഡൊണാള്‍ഡിനെ 7-5, 6-7, 6-4, 6-4 ന് തോല്‍പ്പിച്ചു. ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്‌സിപാസ് സെര്‍ബിയയുടെ വിക്ടര്‍ ട്രോയ്‌സ്‌കിയെ കീഴടക്കി. സ്‌കോര്‍: 6-3, 2-6, 6-2, 7-5. വനിതാ സിംഗിള്‍സില്‍ ആഞ്‌ലിക് കെര്‍ബര്‍ ബ്രസീലിന്റെ ബിയാട്രിസ് മായിയയെ 6-2, 6-2 ന് പരാജയപ്പെടുത്തി. ഡെന്‍മാര്‍ക്കിന്റെ കരോലിനി വോസ്‌നിയാസ്‌കി 6-1, 6-3 ന് സ്വീഡന്റെ ജൊഹാനെ ലാര്‍സനെയും തോല്‍പ്പിച്ചു. മുന്‍ ജേതാവ് റഷ്യയുടെ മരിയ ഷറപ്പോവ സ്വീഡന്റെ റെബേക്ക പീറ്റേഴ്‌സണെ 6-2, 6-1ന് തകര്‍ത്തു.
ഇന്ത്യന്‍ പുരുഷ ഡബിള്‍സ് ടീം രോഹന്‍ ബൊപ്പണ്ണ-ദിവിജ് ശരണ്‍ സഖ്യം പുറത്തായി. കൂടാതെ ലിയാന്‍ഡര്‍ പേസ്-മിഗ്വേല്‍ എയ്ഞ്ചല്‍ സഖ്യവും ജീവന്‍ നെടുംചേഴിയന്‍-നിക്കോളാസ് മണ്‍റോ സഖ്യവും ആദ്യ റൗണ്ടില്‍ പരാജയപ്പെട്ടു.സ്‌പെയിനിന്റെ പാബ്ലോ ബുസ്റ്റ - ഗില്ലെര്‍മോ ഗാര്‍ഷ്യ ലോപസ് സഖ്യത്തോട് 1-6, 6-4, 5-7 എന്ന സ്‌കോറിനാണ് ബൊപ്പണ്ണ - ദിവിജ് സഖ്യം പരാജയപ്പെട്ടത്. രണ്ട്, മൂന്ന് സെറ്റുകളില്‍ മികച്ച പ്രകടനം നടത്താന്‍ ഇന്ത്യന്‍ സഖ്യത്തിന് കഴിഞ്ഞു. മത്സരത്തില്‍ കൂടുതല്‍ പിഴവുകള്‍ വരുത്തിയതാണ് ഇന്ത്യന്‍ ജോഡികള്‍ക്ക് വിനയായത്. ജീവന്‍-മണ്‍റോ സഖ്യം ജര്‍മന്‍ ക്രൊയേഷ്യന്‍ ജോഡികളായ കെവിന്‍ ക്രാവിറ്റ്‌സ് - നിക്കോള മെക്കിച്ച് സഖ്യത്തോടാണ് തോറ്റത്. സ്‌കോര്‍: 6-4, 6-7, 5-7. ലിയാന്‍ഡര്‍ പേസ്-മിഗ്വേല്‍ എയ്ഞ്ചല്‍ സഖ്യം 5-7, 6-7 സ്‌കോറിനാണ് ഓസ്റ്റിന്‍ റാജിസെക്ക് - അര്‍ടെം സിറ്റാക് സഖ്യത്തോട് തോറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."