പ്രതിസന്ധി ഒഴിയാതെ കേരകര്‍ഷകര്‍
മാനന്തവാടി: പ്രളയത്തെ തുടര്‍ന്ന് മാനന്തവാടിയിലും പരിസര പ്രദേശങ്ങളിലും തെങ്ങ് നാമാവശേഷമായി മാറി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നിലനില്‍പ്പിനായി കഷ്ടപ്പെടുന്ന കേരകര്‍ഷകരെ സംരക്ഷിക്കുന്നതിനായി ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ അടിയന്തിരമായി ഇടപ്പെടണമെന്ന് ആവശ്യം ശക്തമാകുന്നു.
മാനന്തവാടി ബ്ലോക്കില്‍ കേന്ദ്ര നാളികേര വികസന ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത 23 നാളികേര ഉല്‍പ്പാദക സംഘങ്ങളാണ് പ്രവര്‍ത്തിക്കുന്നത്.
മാനന്തവാടി ഫെഡറേഷന്‍ ഓഫ് കോക്കനട്ട് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റിയില്‍ 11 നാളികേര സംഘങ്ങളിലായി 1500 ഓളം കൃഷിക്കാരും 44000 കായ്ഫലമുള്ള തെങ്ങുകളുമുണ്ട്. വള്ളിയൂര്‍ക്കാവില്‍ മാനന്തവാടി നഗരസഭയുടെ കെട്ടിടം ഫെഡറേഷന് കുറഞ്ഞ വാടകക്ക് നല്‍കിയിട്ടുണ്ട്.
ഇവിടെ നാളികേരം സംഭരണത്തിനും കേരകര്‍ഷകരുടെ നാളികേരം സംഭരിച്ച് കൊപ്രയാക്കി ഈ കെട്ടിടത്തില്‍ കൊപ്രമില്ല് സ്ഥാപിച്ച് ശുദ്ധമായ വെളിച്ചെണ്ണ ആട്ടിയെടുത്ത് വിപണിയില്‍ വില്‍പ്പന നടത്തുന്നതിനുമുള്ള പദ്ധതി ഫെഡറേഷന്‍ തയാറാക്കി കൊണ്ടിരിക്കുകയാണ്. ഇത് കേരകര്‍ഷകര്‍ക്ക് ഏറെ ആശ്വാസകരമായി മാറും.
മില്ല് യഥാര്‍ഥ്യമാകുന്നതൊടെ കൂടിയ വിലക്ക് കര്‍ഷകരില്‍ നിന്നും നാളികേരം സംഭരിക്കാന്‍ സാധിക്കും. കോക്കനട്ട് പോയിന്റ്, കൊപ്ര മില്ല്, ഉപകരണങ്ങള്‍, തേങ്ങ പോളിക്കുന്ന യന്ത്രം എന്നിവക്ക് ആവശ്യമായ ഫണ്ട് അനുവദിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
ഇത് സംബന്ധിച്ച് എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനം നല്‍കിയതായി ഫെഡറേഷന്‍ പ്രസിഡന്റ് എം.ജെ വര്‍ക്കി പറഞ്ഞു.
വലിയ പ്രതീക്ഷകളോടെ ആരംഭിച്ച നീര ഉല്‍പന്നങ്ങള്‍ക്ക് വേണ്ടത്ര വിപണി കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ ഏറെ ദുരിതമനുഭവിക്കുന്ന കേര കര്‍ഷകരെ സഹായിക്കുന്നതിന് അടിയന്തര ഇടപപ്പെടലുകള്‍ ഉണ്ടാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."