15 വര്‍ഷത്തിനുള്ളില്‍ ഗള്‍ഫ് രാജ്യങ്ങള്‍ പാപ്പരാകുമെന്ന് ഐ.എം.എഫ് മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍
റിയാദ്: നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ പതിനഞ്ചു വര്‍ഷത്തിനകം പാപ്പരാകുമെന്നും അതല്ലെങ്കില്‍ ചെലവ് ചുരുക്കണമെന്നും ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്)യുടെ മുന്നറിയിപ്പ്. എണ്ണ വരുമാനത്തിലെ ഇടിവും കാലാവസ്ഥാ വ്യതിയാനവും മൂലം സാമ്പത്തിക രംഗം തകര്‍ന്ന് പ്രതിസന്ധി രൂക്ഷമാകുന്നതോടെ രണ്ടുലക്ഷം കോടി ഡോളറിന്റെ നഷ്ടമാണ് ഗള്‍ഫ് മേഖലയ്ക്ക് ഉണ്ടാകാന്‍ പോകുന്നതെന്നും ഇതില്‍നിന്ന് കരകയറാന്‍ അടിയന്തിരമായി സാമ്പത്തിക മാറ്റങ്ങള്‍ക്ക് ഗള്‍ഫ് രാജ്യങ്ങള്‍ തയാറാകണമെന്നും ഐ.എം.എഫ് നിര്‍ദേശിക്കുന്നു.
2034ഓടെ ഗള്‍ഫ് മേഖലയുടെ സാമ്പത്തിക സ്വത്ത് കുറയാന്‍ സാധ്യതയുള്ളതിനാല്‍ ധനപരമായ സുസ്ഥിരതയ്ക്ക് വരും വര്‍ഷങ്ങളില്‍ കാര്യമായ ഏകീകരണ നടപടികള്‍ ആവശ്യമാണെന്നാണ് ഐ.എം.എഫ് വ്യക്തമാക്കിയത്.
എണ്ണയുടെ ആവശ്യം കുറഞ്ഞ സമയത്ത് ഗള്‍ഫ് രാജ്യങ്ങള്‍ കൂടുതല്‍ എണ്ണ ഉല്പാദിപ്പിച്ചതും തിരിച്ചടിയായിരുന്നു. വിറ്റുപോകാത്ത എണ്ണ ഗള്‍ഫ് സാമ്പത്തിക മേഖലയെ കാര്യമായി ബാധിക്കുകയും ചെയ്തു.
ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ജി.സി.സി മേഖല. ധനവരുമാനത്തിനും മൊത്തത്തിലുള്ള ജി.ഡി.പിക്കും എണ്ണ കയറ്റുമതി നിര്‍ണായകമാണ്. എണ്ണയധിഷ്ഠിത സമ്പദ്ഘടന വളരെ വേഗം വൈവിധ്യവല്‍ക്കരിക്കാനും ചെലവുകള്‍ നിയന്ത്രിച്ച് ധനം ശേഖരിക്കാനും സിവില്‍ സര്‍വിസ് മേഖല പരിഷ്കരിക്കാനുമാണ് ഐ.എം.എഫ് പരിഹാരങ്ങളായി നിര്‍ദേശിക്കുന്നത്.
വെല്ലുവിളി തിരിച്ചറിഞ്ഞ ജി.സി.സി രാജ്യങ്ങളെല്ലാം തങ്ങളുടെ സമ്പദ്വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ഈ പരിപാടികളുടെ വിജയം വരും വര്‍ഷങ്ങളില്‍ ശക്തവും സുസ്ഥിരവുമായ വളര്‍ച്ച കൈവരിക്കുന്നതിന് സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഐ.എം.എഫ് റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."