ഒരു നഗരത്തിന്റെ ആത്മാവ് തേടി
കൂറ ബംഗാളത്തു പോയപോലെ എന്നൊരു ചൊല്ലുണ്ട്. ഏതോ ചാക്കില്‍പ്പെട്ട് ബംഗാളില്‍ പലേടത്തും കറങ്ങി ഒന്നും കാണാതെയും അറിയാതെയും അനുഭവിക്കാതെയും അതേ ചാക്കില്‍തന്നെ തിരിച്ചുപോന്ന കൂറയെക്കുറിച്ചല്ല, വംഗദേശവുമായി മലയാളത്തിനുള്ള ചിരപരിചിതത്വത്തെക്കുറിച്ചാണ് ഈ ചൊല്ല് എന്നെ എപ്പോഴും ഓര്‍മിപ്പിച്ചുപോന്നത്. മലയാളത്തിലെ പഴഞ്ചൊല്ലിലേക്കു കടന്നുവരാന്‍ മാത്രം അടുപ്പമുണ്ട് ബംഗാളിന് നമ്മോട്. ബംഗാളി ജീവിതം പണ്ടു മുതല്‍ക്കു തന്നെ നമുക്ക് പരിചിതമാണ്. ടാഗോറിന്റെ കവിതകളിലൂടെയും ബങ്കിം ചന്ദ്രചാറ്റര്‍ജിയുടെയും താരാശങ്കര്‍ ബാനര്‍ജിയുടെയും ജരാസന്ധന്റെയും ശങ്കറിന്റെയും ബിമല്‍ മിത്രയുടേയുമൊക്കെ നോവലുകളിലൂടെയും നാം ബംഗാളിനെ അടുത്തറിഞ്ഞു. പിന്നീട് മഹാശ്വേതാദേവിയും ആശപൂര്‍ണ്ണാദേവിയും എന്തിനേറെ അടുത്തകാലത്ത് നിര്യാതനായ നവനീത് സെന്‍ പോലും നമുക്ക് സുപരിചിതര്‍. ബംഗാളിന്റെ ചിന്തയോടൊപ്പം സഞ്ചരിച്ചവരാണ് മലയാളികള്‍. സത്യജിത്‌റായിയും ഋത്വിക് ഘട്ടക്കും മൃണാള്‍ സെന്നും ഋതുപര്‍ണ ഘോഷും മറ്റും നമ്മുടെയും ചലച്ചിത്രകാരന്‍മാരാണ്. കെ.ജി.എസിന്റെ ബംഗാള്‍ എന്ന പ്രസിദ്ധമായ കവിത ഒരുകാലത്ത് മലയാളിയെ ത്രസിപ്പിച്ചിരുന്നു. ധര്‍മ്താലാതെരുവ് ലെനിന്‍ സരണിയായി മാറുന്നുവെന്നും സത്രഞ്ച് കെഖിലാറിയില്‍ ചരിത്രം നെടുവീര്‍പ്പിടുന്നുവെന്നും ഹുഗ്ലീ, നീ നദിയല്ല, സമരമാണ്, കല്‍പാന്തമാണ് എന്നും മറ്റുമെഴുതിയത് നമ്മുടെ സ്വന്തം കവി അയ്യപ്പപ്പണിക്കരാണ്. ബംഗാളിലെ നദികള്‍ പേരാറും പെരിയാറും പോലെ നമ്മുടെയും നദികള്‍, കൊല്‍ക്കത്തയിലെ അഡ്ഢകള്‍ സ്വന്തം മക്കാനികളേക്കാള്‍ നമുക്ക് ഹൃദ്യം - അതായത് നാം ബംഗാളിനെ അറിയുന്നത് അടുത്ത കാലത്ത് അന്നംതേടി ഇവിടെയെത്തിയ ബംഗാളികളിലൂടെയല്ല; അവരെക്കുറിച്ചുള്ള നിന്ദയോ അവരുമായുള്ള അകല്‍ച്ചയോ അല്ല ബംഗാളിനെക്കുറിച്ചുള്ള നമ്മുടെ ഓര്‍മ.
ഇങ്ങനെയൊക്കെയാണെങ്കിലും ബംഗാളിലേക്കു പലതവണ നടത്തിയ എന്റെ സഞ്ചാരങ്ങളെല്ലാം കൂറ ബംഗാളത്ത് പോയ പോലെയായിരുന്നുവോ എന്ന് എന്നെ ഓര്‍മിപ്പിച്ച കൃതിയാണ് ജയശ്രീയുടെ അമാര്‍ ബംഗ്ലാ. ഞാന്‍ കണ്ട ബംഗാള്‍ അല്ല ജയശ്രീയുടെ എഴുത്തിലൂടെ എന്റെ മുന്‍പാകെ തെളിഞ്ഞുവന്ന വംഗനാട്. ഈ പുസ്തകത്തിന് അവതാരികയെഴുതിയ ജോണ്‍ പോള്‍ കുറിച്ചിടുന്നതും അതുതന്നെ - കൊല്‍ക്കത്തയെക്കുറിച്ച് ഞാനറിഞ്ഞതെത്ര കുറച്ചെന്ന തിരിച്ചറിവ് എന്നില്‍ ബാക്കിശേഷിപ്പിക്കുന്നുണ്ട് ജയശ്രീ വരയ്ക്കുന്ന ചിത്രങ്ങള്‍ക്ക് ഉപലംബമാവുന്ന പാര്‍ശ്വകഥകള്‍ എന്ന്. ആത്മാവുള്ള നഗരമാണ് കല്‍ക്കത്ത എന്ന് പലരും പറഞ്ഞിട്ടുണ്ട്. ഈ നിരീക്ഷണത്തിന്ന് അടിയില്‍ ഒപ്പിട്ടിരിക്കുന്നു ജയശ്രീ; അതായത് കൊല്‍ക്കത്തയുടെ ആത്മാവ് കണ്ടെത്തിയ പുസ്തകമാണ് അമാര്‍ ബംഗ്ലാ.
ഒരു നഗരത്തെപ്പറ്റി ഇത്രമാത്രം പറയാന്‍ എന്തിരിക്കുന്നു എന്ന് പലരും ചോദിച്ചേക്കാം. മഹാനഗരങ്ങള്‍ക്കെല്ലാം ഏതാണ്ട് ഒരേ മുഖമാണ്; പടുകൂറ്റന്‍ കെട്ടിടങ്ങള്‍, ശ്വാസംമുട്ടിക്കുന്ന ആള്‍ത്തിരക്ക്, മടുപ്പിക്കുന്ന വാഹനപ്രളയം, ആഢംബരവും, ദാരിദ്ര്യവും, രണ്ടിനു നേരെയും പുലര്‍ത്തുന്ന നിര്‍വികാരതയും-ഏറെക്കുറെ എല്ലാ വന്‍ നഗരങ്ങളും ഒരേപോലെ. ഈ സമാനതയുടെ ഉള്ളില്‍ നിന്ന് ഒരു ദേശത്തിന്റെ ആത്മാവ് കണ്ടെടുക്കുന്നതിലാണ് സഞ്ചാരമെഴുത്തുകാരുടെ മിടുക്ക് കുടികൊള്ളുന്നത്. അതിന് ആദ്യംവേണ്ടത് മനസ് തുറന്നിടുകയാണ്, മനസിന്റെ ആന്റിനകള്‍ ശക്തമാവുമ്പോഴേ അതിന് ദേശത്തിന്റെ മണവും ശബ്ദവും പിടിച്ചെടുക്കാനാവുകയുള്ളു. തുറന്ന മനസുമായാണ് ജയശ്രീ സഞ്ചരിക്കുന്നത്. അതുകൊണ്ടുതന്നെ നിത്യജീവിതക്കാഴ്ചകളിലെ സാധാരണ സംഭവങ്ങള്‍പോലും ജയശ്രീ വിവരിക്കുമ്പോള്‍ ഹൃദ്യമായ ആഖ്യാന മാതൃകകളായിമാറുന്നു. നിമിഷാര്‍ധത്തില്‍ ഹുഗ്ലി വേമ്പനാട്ടുകായലാവുന്നു, വംഗം കേരളദേശമാവുന്നു; ആഖ്യാനത്തിലെ ലാളിത്യവും തുറവിയുമാണ്, കണ്ടും കേട്ടും വായിച്ചുമൊക്കെ നമുക്ക് ചിരപരിചിതമായ കൊല്‍ക്കത്താ നഗരത്തിന്റെ ഓരോ കാഴ്ചയിലേക്ക്, പുതിയ അനുഭവത്തിന്റെഹൃദ്യതയുമായി നമ്മുടെ മുന്‍പാകെ വന്ന്, പേരുചൊല്ലി വിളിച്ചുകൂട്ടിക്കൊണ്ടു പോവുന്നത്.
സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യമുണ്ട് കൊല്‍ക്കത്താ നഗരത്തിന്. ബ്രിട്ടീഷ് കൊളോണിയലിസം ഇന്ത്യയില്‍ സ്ഥാനമുറപ്പിച്ചത് കല്‍ക്കത്തയിലാണ്. അതിനാല്‍തന്നെ നഗരത്തിന്റെ സ്വഭാവവും സംസ്‌കാരവും നിര്‍ണയിച്ചതില്‍ ബ്രിട്ടന് വലിയ പങ്കുണ്ട്. ഈ സാംസ്‌കാരിക ഈടുവയ്പ്പിനെക്കുറിച്ചുള്ള തിരിച്ചറിവില്‍ നിന്ന് 'ഹുഗ്ലിയുടെ തീരത്തു'കൂടിയുള്ള ജയശ്രീയുടെ സഞ്ചാരം ആരംഭിക്കുന്നു. ബാബുഘട്ടും വിക്‌ടോറിയ മെമ്മോറിയലും സെയിന്റ് ജോണ്‍സ് ചര്‍ച്ചും മദര്‍ തെരേസാ മ്യൂസിയവും വിഷ്ണുപൂരിലെ ടെറാക്കോട്ടാ അമ്പലങ്ങളും ശാന്തിനികേതനുമെല്ലാം നാം മുന്‍പു കണ്ടിട്ടുണ്ടായിരിക്കാം. എന്നാല്‍ ജയശ്രീ നമുക്ക് കൊല്‍ക്കത്തയുടെയും ബംഗാളിന്റെയും ദൃശ്യചാരുതകളും ചരിത്ര വിസ്മയങ്ങളും കാണിച്ചുതരുന്നത് വ്യത്യസ്തമായ രീതിയിലാണ്. സ്വന്തം അനുഭവങ്ങളുടെ ഉപ്പും മുളകും വിതറി ഹൃദ്യമാക്കിയശേഷമാണ് ഗ്രന്ഥകര്‍ത്രി അവ നമ്മുടെ നേരെ നീട്ടുന്നത്. അതുകൊണ്ട് നഗരത്തിലെ ബാക്കിയായ കാഴ്ചകളെക്കുറിച്ചും കണ്ടിട്ടും കണ്ടിട്ടില്ലാത്ത ജീവിതത്തെ കുറിച്ചും മുന്‍പേ കൊല്‍ക്കത്ത കണ്ടവരെ ഈ കൃതി ഓര്‍മിപ്പിക്കുന്നു; ഒരാവര്‍ത്തികൂടി അവിടെയൊന്ന് പോവണമെന്ന ഗൃഹാതുരസ്മൃതി ഉയര്‍ത്തും ഈ പുസ്തകം. കൊല്‍ക്കത്ത കാണാത്തവര്‍ക്കോ - ഒരിക്കലെങ്കിലും അവിടെ പോയേ മതിയാവൂ എന്ന് തോന്നുകയും ചെയ്യും. കൊല്‍ക്കത്തയുടെ ചരിത്രവും സംസ്‌കാരവും ജീവിതത്തിന്റെ നിറവും മണവുമെല്ലാം സ്വന്തംവാക്കുകളുമായി ഇഴചേര്‍ക്കുന്നതില്‍ കാണിച്ച കൈത്തഴക്കമാണ് ഈ തോന്നലുണ്ടാക്കുന്നത്. ഒരു യാത്രയെഴുത്തുകാരി എന്ന നിലയില്‍ തീര്‍ച്ചയായും ജയശ്രീക്ക് അഭിമാനിക്കാം.
കൊല്‍ക്കത്തയുടെ തീറ്റ വിശേഷങ്ങളെക്കുറിച്ച് ജയശ്രീ എഴുതുന്നത് നോക്കുക; സര്‍വ്വത്ര വെള്ളമുണ്ടായിട്ടും തുള്ളിപോലും കുടിക്കാനില്ലാതെയായിപ്പോയ കോളറിഡ്ജിന്റെ 'ആന്‍ഷ്യന്റ് മാരിനറെ'പ്പോലെയായിരുന്നു താന്‍ എന്നു പറഞ്ഞുകൊണ്ടാണ് സസ്യാഹാരിയായ തന്റെ 'ഭക്ഷ്യാന്വേഷണ പരീക്ഷണ'ങ്ങളെപ്പറ്റിയുള്ള 'ഭോജനം തത്രയത്ര' എന്ന അധ്യായം ജയശ്രീ തുടങ്ങുന്നത്. പക്ഷേ 'ഭക്ഷണം ഒരുവികാരമായ ബംഗാളിയുടെ രുചിഭേദങ്ങളെപ്പറ്റി' വിശദമായ നിരീക്ഷണങ്ങള്‍ ഈ അധ്യായത്തെ ഏറെ രുചികരമാക്കുന്നു. കൊല്‍ക്കത്തയുടെ ഭക്ഷണശാലകളുടെ ചരിത്രത്തിലേക്കും അവയുടെ സാംസ്‌കാരിക ധ്വനികളിലേക്കും കൃത്യമായ അന്വേഷണം നടത്തിയ ശേഷമാണ് ജയശ്രീ എഴുതുന്നതെന്ന് വ്യക്തം - പൊരിയലും ഉള്ളിയും മല്ലിയിലയും കക്കിടിയും പച്ചമാങ്ങയും പച്ചമുളകും നനുനനെ അരിഞ്ഞുചേര്‍ത്ത് കപ്പലിയും മിക്‌സറും പച്ചചട്ട്ണിയും കലര്‍ത്തി ചാട്ട്മസാല വിതറി സ്പൂണു കൊണ്ട് കൊട്ടിപ്പാടി സേവ ചെയ്താല്‍ ജാല്‍മുരി റെഡി... ജയശ്രീയുടെ ഈ വിവരണം വായിക്കുമ്പോള്‍ നമ്മുടെ രുചിമുകുളങ്ങളും റെഡി. കൊല്‍ക്കത്തയിലെ തെരുവ് ഭക്ഷണശാലകളെയും ഹെറിറ്റേജ് ഹോട്ടലുകളെയും രസകരമായി പരിചയപ്പെടുത്തുന്നുണ്ട് ഗ്രന്ഥകാരി. കൊല്‍ക്കത്തയുടെ ചരിത്രകാരന്‍ മലയാളിയായ തങ്കപ്പന്‍ നായരാണ്. സ്വന്തം ഭാഷയുടെ ശുദ്ധിയും കൃത്യതയും എത്രയെന്ന് ബംഗാളി തിരിച്ചറിഞ്ഞത് വിക്രമന്‍ നായര്‍ എന്ന മലയാളിയായ പത്രാധിപരുടെ എഴുത്തിലൂടെയാണ്. ബംഗാളി ഭക്ഷണത്തിന്റെ വൈവിധ്യത്തെപ്പറ്റിയുളള അന്വേഷണത്തിലൂടെ ഇവരുടെ പിന്മുറക്കാരിയാവാന്‍ ജയശ്രീയും ശ്രമിക്കുന്നുവോ?
ഒരു ഇന്ത്യന്‍ നഗരത്തിലൂടെ, ഏതാനും ദിവസങ്ങള്‍ മാത്രം നീണ്ടുനില്‍ക്കുന്ന അതിസാധാരണമായ ഒരു യാത്രയെക്കുറിച്ചുള്ള വിവരണങ്ങള്‍ മാത്രമേ അമാര്‍ ബംഗ്ലായിലുള്ളു; പക്ഷേ അവ വായിക്കുമ്പോള്‍ നിങ്ങള്‍ ഈ നഗരത്തെ ആഴത്തില്‍ സ്പര്‍ശിക്കുമെന്ന് തീര്‍ച്ച. സാധാരണത്വത്തെ അസാധാരണമാക്കുന്നതിലാണല്ലോ എഴുത്തിന്റെ മാന്ത്രികത കുടികൊള്ളുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."