അനുഗ്രഹങ്ങളുടെ വിലയറിയുക
പത്തു മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ആ ഹ്രസ്വ ചലചിത്രത്തിനാണ് അവാര്‍ഡ് ലഭിച്ചത്. അതിന്റെ പ്രദര്‍ശനം സിനിമാ ഹാളില്‍ നടക്കുന്നുണ്ടെന്നറിഞ്ഞപ്പോള്‍ ആളുകളുടെ തള്ളിക്കയറ്റം തുടങ്ങി. ആദ്യമാദ്യം ടിക്കറ്റെടുത്തവര്‍ വേഗം ചെന്ന് തങ്ങളുടെ സീറ്റുറപ്പിച്ചു.. കുറഞ്ഞ സമയങ്ങള്‍ക്കകം തന്നെ ഹാള്‍ നിറഞ്ഞുകവിയുകയായി.
കൃത്യം അഞ്ചു മണിക്കു തന്നെ പ്രദര്‍ശനം ആരംഭിച്ചു.
സ്‌ക്രീനില്‍ ആദ്യം തെളിഞ്ഞത് ഒരു റൂം. അതിന്റെ മേല്‍ക്കൂര..
ആളുകള്‍ ശ്വാസമടക്കി സശ്രദ്ധമിരുന്നു. എല്ലാ മുഖങ്ങളിലും കാര്യമായൊരു സര്‍പ്രൈസിനായി കാത്തിരിക്കുന്നതിന്റെ പ്രതീതി..
മേല്‍ക്കൂരയുടെ ചിത്രം പക്ഷെ, ചലിക്കുന്നില്ല. ചലചിത്രപ്രദര്‍ശനം ചിത്രപ്രദര്‍ശനമായ പോലെ.... വല്ല സാങ്കേതിക തകരാറും വന്നുപെട്ടോ എന്നായി ആളുകള്‍..
തുടക്കത്തില്‍ അവര്‍ ക്ഷമയോടെ കാത്തിരുന്നു.. പക്ഷെ, സമയം നീങ്ങുകയാണ്. മേല്‍ക്കൂരയുടെ ചിത്രം മാത്രമേ കാണുന്നുള്ളൂ.. മിനിറ്റ് അഞ്ചു കഴിഞ്ഞു. ഇനി അഞ്ചു മിനിറ്റു കൂടി മാത്രം ബാക്കി.
പതിയെപ്പതിയെ ആളുകളുടെ ക്ഷമ നശിക്കാന്‍ തുടങ്ങി. പണം കൊടുത്ത് ടിക്കറ്റെടുത്തുവന്നത് അബദ്ധമായെന്നു പോലും ചിന്തിച്ചു ചിലര്‍. വേറെ ചിലര്‍ കുപിതരായി ഇറങ്ങിപ്പോകാനൊരുങ്ങി.. അങ്ങിങ്ങായി പിറുപിറുപ്പുകള്‍..
ആറു മിനിറ്റു കഴിഞ്ഞപ്പോഴതാ രംഗം മാറുന്നു.. മേല്‍ക്കൂരയുടെ താഴ്ഭാഗത്തേക്ക് ക്യാമറ മന്ദംമന്ദം താഴുന്നു..
ആളുകള്‍ പഴയ ശാന്തതയിലേക്കുതന്നെ തിരിച്ചുവന്നു.. അടിയില്‍ ഒരു കട്ടില്‍.. അതില്‍ മേല്‍ക്കൂരയിലേക്കു നോക്കി കിടക്കുന്ന ക്ഷയരോഗിയായൊരു മനുഷ്യന്‍... അത്രയേ ഉള്ളൂ..
ഉടനെ വന്നു താഴെ ഒരു കമെന്റ്:
''വര്‍ഷങ്ങളായി ഈ മനുഷ്യന്‍ കണ്ടുകൊണ്ടിരിക്കുന്ന ഒരു കാഴ്ച വെറും ആറുമിനിറ്റ് നേരം നിങ്ങളെ കാണിച്ചുവെന്നുമാത്രം. അപ്പോഴേക്കും നിങ്ങള്‍ ക്ഷമയുടെ നെല്ലിപ്പടി കണ്ടുവല്ലേ..!''
ചിത്രം മാറി. പിന്നെ തെളിഞ്ഞത് ഇങ്ങനെ:
THE END.
ഹാളില്‍ വന്‍ കരഘോഷം..
വിളമ്പിവച്ച ഭക്ഷണത്തിന് പ്രതീക്ഷിച്ച രുചിയുണ്ടായില്ലെങ്കില്‍ ആവലാതി പങ്കുവയ്ക്കുന്ന നമ്മള്‍ എച്ചില്‍ കൂനയില്‍ ഭക്ഷണാവശിഷ്ടം തിരയുന്ന പട്ടിണിക്കോലങ്ങളെ കണ്ടിട്ടുണ്ടോ..? ആഘോഷനാളുകളില്‍ വീമ്പു പറയാന്‍ വേണ്ടി മാത്രം വിലയേറിയ വസ്ത്രങ്ങള്‍ തേടി വസ്ത്രാലയങ്ങള്‍ കയറിയിറങ്ങുന്ന നാം തുന്നിക്കൂട്ടാന്‍ ഒരു സൂചിപോലും വാങ്ങാനുള്ള വകയില്ലാതെ കീറിപ്പറിഞ്ഞ വസ്ത്രവുമിട്ടു നടക്കുന്ന ദരിദ്രനാരായണന്മാരെ ശ്രദ്ധിച്ചിട്ടുണ്ടോ...? പ്രൗഢിയില്‍ പ്രൗഢമായ വാഹനങ്ങള്‍ മാത്രം കണ്ണില്‍ പിടിക്കുന്ന നാം പൊതുവാഹനങ്ങളില്‍ കയറിയുള്ള യാത്രയ്ക്കുപോലും വകതികയാതെ പ്രയാസപ്പെടുന്ന സാധുജനങ്ങളെ കണ്ടിട്ടുണ്ടോ..? ചന്തം പോരാത്തതിനാല്‍ നിര്‍മിച്ച വീട് മാറ്റിപ്പണിയാനൊരുങ്ങുന്ന നമ്മള്‍ ഭൂമിയെ മെത്തയും മാനത്തെ മേല്‍ക്കൂരയുമാക്കി ജീവിതം തള്ളിനീക്കുന്ന മനുഷ്യന്മാരെ കണ്ടിട്ടുണ്ടോ..?
അനുഗ്രഹങ്ങളെ അവകാശങ്ങളായി കാണരുത്; ഒരിക്കലും. കിട്ടിയത് കുറഞ്ഞുപോയതിലാണു സങ്കടമെങ്കില്‍ ആ കുറഞ്ഞ വിഹിതമെങ്കിലും കിട്ടിയെങ്കിലെന്നാശിക്കുന്ന അനേകര്‍ ചുറ്റിലുമുണ്ടെന്നറിയണം. പിറന്ന കുഞ്ഞിന് നിറം കുറഞ്ഞതാണു സങ്കടമെങ്കില്‍ ഒരു കുഞ്ഞിക്കാല്‍ കാണാന്‍ വര്‍ഷങ്ങളായിട്ടും ഭാഗ്യമില്ലാത്തവരെ ഓര്‍ക്കുന്നതു നന്നായിരിക്കും. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും കുഞ്ഞു പിറക്കാത്തതിലാണു പരാതിയെങ്കില്‍ വിവാഹപ്രായമെത്രയോ വിട്ടിട്ടും ഒരിണയെ കിട്ടാത്ത ആളുകളെ കാണുന്നതു നന്നായിരിക്കും. വിവാഹപ്രായം വിട്ടിട്ടും ഇണയെ കിട്ടാത്തതിലാണു മനഃപ്രയാസമെങ്കില്‍ കിട്ടിയ ഇണയുടെ ശല്യം സഹിക്കവയ്യാതെ ദുരിതമനുഭവിക്കുന്ന ഹതഭാഗ്യരെ ശ്രദ്ധിക്കുന്നതു നന്നായിരിക്കും.
ആത്മീയവിഷയങ്ങളില്‍ തന്നെക്കാള്‍ താഴെയുള്ളവരെ നോക്കി സമാധാനിക്കുകയും ഭൗതികവിഷയങ്ങളില്‍ തന്നെക്കാള്‍ മേലെയുള്ളവരെ നോക്കി അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്യുന്നതാണ് പലരും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം. അതിനുള്ള ഏക പരിഹാരം നേര്‍വിപരീതം പ്രവര്‍ത്തിക്കല്‍ തന്നെ. ആത്മീയ കാര്യങ്ങളില്‍ മേലെയുള്ളവരെ നോക്കി അവരെ പോലെയാവാന്‍ ശ്രമിക്കുക. ഭൗതികകാര്യങ്ങളില്‍ താഴെയുള്ളവരെ നോക്കി സമാധാനിക്കുക.
ഇഷ്ടപ്പെട്ട ചെരുപ്പ് ലഭിക്കാത്തതിന്റെ പേരില്‍ വിഷമം പ്രകടിപ്പിച്ച മനുഷ്യന്റെ കഥ കേട്ടിട്ടില്ലേ. കടക്കാരനോട് അതൃപ്തി അറിയിച്ച് കടയില്‍നിന്നിറങ്ങിവരുമ്പോഴാണ് കാലില്ലാത്തതിനാല്‍ പരുപരുത്ത റോഡിലൂടെ നിരങ്ങിനിരങ്ങി നീങ്ങുന്ന വികാലംഗനെ കണ്ടത്. അതോടെ അദ്ദേഹത്തിന്റെ പരാതി തീര്‍ന്നു. അദ്ദേഹം പറഞ്ഞു: ''എനിക്ക് ഇഷ്ടപ്പെട്ട ചെരിപ്പില്ലാത്തതാണു പ്രശ്‌നം. അദ്ദേഹത്തിന് വേണ്ടപ്പെട്ട ഒരു കാലുപോലുമില്ലല്ലോ.''
മത്സ്യം വെള്ളത്തിലെന്നപോലെ അനുഗ്രഹങ്ങളില്‍ മുങ്ങിനില്‍ക്കുകയാണു നാം. കിട്ടിയതിന്റെ വില തിരിച്ചറിയാത്തതുകൊണ്ടാണ് കിട്ടാത്തതിലേക്കു കണ്ണുപോകുന്നത്. നന്ദി ചെയ്യേണ്ടതില്ലാത്ത ഒരു സൃഷ്ടിയും ഈ പ്രപഞ്ചത്തിലില്ലതന്നെ..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."