കരിംകൊക്കുകളും കുഞ്ഞുങ്ങളും മുറ്റിച്ചൂര്‍ പള്ളിപ്പാടത്ത് വിരുന്നെത്തി
അന്തിക്കാട്: മുറ്റിച്ചൂര്‍ പള്ളിപ്പാടത്ത് കരിംകൊക്കുകളെത്തി. ഭക്ഷണം തേടിയാണ് ജലം കെട്ടിക്കിടക്കുന്ന മുറ്റിച്ചൂര്‍ തരിശുപാടത്തേക്ക് ഇവ എത്തിയത്.
തവള, ഞണ്ട്, ചെറുമീനുകള്‍, ഇഴജന്തുക്കള്‍ എന്നിവയാണ് ഇവയുടെ ഭക്ഷണം. ഗ്രാമപ്രദേശങ്ങളിലെ പാടങ്ങളില്‍ അപൂര്‍വമായിട്ടാണ് ഇവയെ കാണാറുള്ളതെന്ന് പക്ഷി നിരീക്ഷകര്‍ പറയുന്നു. കീടങ്ങളെയും തവളകളെയും ഭക്ഷിക്കുന്നതു കൊണ്ട് കീടനാശിനിയുടെ ഉപയോഗം കരിംകൊക്കുകളെ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
അതുകൊണ്ടാവാം ഇവ കോള്‍പടവുകള്‍ ഉപേക്ഷിച്ച് ഗാമീണ പാടങ്ങളിലേക്ക് ചേക്കേറിയതെന്നും സൂചനയുണ്ട്. മറ്റ് പക്ഷികളെപ്പോലെ ശബ്ദം പുറപ്പെടുവിക്കാനുള്ള പേശികളില്ലാത്തതിനാല്‍ മിക്കവാറും ഇവ നിശബ്ദരാണ്. സീല്‍ക്കാര ശബ്ദമാണ് ഇവ പുറപ്പെടുവിക്കുന്നത്. ചുണ്ടിന്റെ പാളികള്‍ കൂട്ടിയിടിച്ചും ഇവ ശബ്ദമുണ്ടാക്കാറുണ്ട്.
കഴുകനേക്കാളും വലിപ്പമുള്ള ഇവയെ പെട്ടന്ന് തിരിച്ചറിയാം. കഴുത്തും ഉദരവും പിന്‍ ഭാഗവും തൂവെള്ളയായിരിക്കും. കഴുത്തിനു താഴെ കാലുവരെയുള്ള ഭാഗവും പുറവും വാലും ചിറകും നെറ്റിയും കാലിന്റെ മുകള്‍ഭാഗവും കറുപ്പാണ്. കൊക്ക് തടിച്ചു നീണ്ട് അഗ്രം കൂര്‍ത്തവയാണ്. പാദം ചെറുതും വീതിയുള്ള വിരലുകളുമുള്ളവയായതിനാല്‍ നഖങ്ങളും അപ്രകാരം തന്നെയാണ്. നീണ്ട കണങ്കാലാണ് മറ്റൊരു പ്രത്യേകത. കുഞ്ഞുങ്ങള്‍ സാധാരണ തവിട്ടു നിറത്തിലാണ് കാണുന്നത്. ചിലപ്പോള്‍ വലിയ കൊക്കുകളുടെ അതേ നിറവും ഉണ്ടാകും.
ഗ്രാമപ്രദേശങ്ങളിലെ പാടങ്ങളിലും തരിശുഭൂമികളിലും എത്തിയ കരിംകൊക്കുകള്‍ക്ക് പക്ഷി വേട്ടക്കാരുടെ ഭീഷണി ഏറെയാണ്. പ്രത്യേകതരം തോക്കുകള്‍ ഉപയോഗിച്ച് ഇവയെ വേട്ടയാടി പിടിക്കുന്ന സംഘങ്ങള്‍ നാട്ടിന്‍പുറങ്ങളില്‍ വ്യാപകമാണ്.
വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇവയ്ക്ക് വേട്ടക്കാരുടെ ഭീഷണിയില്‍ നിന്നും സംരക്ഷണം നല്‍കണമെന്ന് നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."