പ്രളയത്തില്‍ രക്ഷകനായ മുഹമ്മദിനെ ദുരിതം വിട്ടൊഴിയുന്നില്ല
അന്തിക്കാട്: പ്രളയകാലത്ത് വഞ്ചി നല്കി നാട്ടുകാരുടെ രക്ഷകനായ മുഹമ്മദിനെ ദുരിതം വിട്ടൊഴിയുന്നില്ല. രക്ഷാപ്രവര്‍ത്തനം നടത്തിയ വള്ളത്തിനു പകരമായി ലഭിച്ച പുതിയ ഫൈബര്‍ വഞ്ചിയും തകര്‍ന്നതോടെ മുഹമ്മദ് നിയമ നടപടിക്കൊരുങ്ങുകയാണ്. മുറ്റിച്ചൂര്‍ പടിയം സ്വദേശി മൂടപുരയ്ക്കല് മുഹമ്മദാണ് തന്റെ ജീവിതമാര്‍ഗമായിരുന്ന വഞ്ചിയില്ലാതെ ദുരിതത്തിലായത്.
പ്രളയ സമയത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി മുഹമ്മദ് തന്റെ വഞ്ചി വിട്ടു നല്‍കിയിരുന്നു. എന്നാല്‍ രക്ഷാപ്രവര്‍ത്തനം കഴിഞ്ഞ് വഞ്ചി തിരിച്ചു കിട്ടിയപ്പോള്‍ തകര്‍ന്ന നിലയിലായിരുന്നു. മുഹമ്മദിന്റെ ദുരവസ്ഥ മനസിലാക്കി തിരുവനന്തപുരം ടെക്നോപാര്‍ക്ക് അധികൃതര്‍ മുഹമ്മദിന് പുതിയ ഫൈബര്‍ വഞ്ചി നിര്‍മിച്ചു നല്കാന് തീരുമാനിച്ചു.
പുതിയ ഫൈബര്‍ വള്ളം നിര്‍മിക്കുന്നതിനായി തളിക്കുളം പത്താംകല്ല് സ്വദേശിയെ ഏല്‍പ്പിക്കുകയും ചെയ്തു. വളരെ വേഗത്തില്‍ ഇയാള്‍ ഫൈബര്‍ വഞ്ചി നിര്‍മിച്ച് മുഹമ്മദിന് കൈമാറി.
അടുത്ത ദിവസം മത്സ്യം പിടിക്കാനായി ഫൈബര്‍ വഞ്ചി മുഹമ്മദ് പുഴയിലിറക്കിയതോടെ ബാലന്‍സില്ലാതെ വഞ്ചി ചരിഞ്ഞു മറിയുമെന്ന അവസ്ഥയിലായി. വഞ്ചി കൊണ്ടുവന്നാല്‍ നന്നാക്കി തരാമെന്ന് പത്താംകല്ല് സ്വദേശി മുഹമ്മദിനെ അറിയിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ തൊട്ടടുത്ത ദിവസം തന്നെ മുഹമ്മദ് വഞ്ചി ഇയാളുടെ തളിക്കുളം പത്താംകല്ല് വര്‍ക്ക്ഷോപ്പിലെത്തിച്ചു. എന്നാല്‍ രണ്ടു മാസം കഴിഞ്ഞിട്ടും വഞ്ചി ഇയാള്‍ നന്നാക്കിയില്ല. മുഹമ്മദ് ഇയാളുമായി നിരന്തരം ഫോണിലൂടെയും നേരിട്ടും ബന്ധപ്പെട്ടെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ്. ഇതോടെ മുഹമ്മദ് നിയമ നടപടിക്കൊരുങ്ങുകയാണ്.
ഫൈബര്‍ വഞ്ചിയുടെ വിലയും നഷ്ടപരിഹാരമായി അര ലക്ഷം രൂപയും ആവശ്യപ്പെട്ട് അഡ്വ.എ.ഡി ബെന്നി മുഖേന മുഹമ്മദ് ഇയാള്‍ക്ക് വക്കീല്‍ നോട്ടിസയച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."