വയനാട്ടിനിന്ന് എത്തിച്ച കടുവയ്ക്ക് നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്കില്‍ പരിചരണം ആരംഭിച്ചു
തിരുവനന്തപുരം: പത്തു വയസുള്ള പെണ്‍ കടുവക്ക് 170 കിലോയോളം ഭാരംമുണ്ട്. മുന്നിലെ മൂന്നു പല്ലുകള്‍ കൊഴിഞ്ഞതിനാല്‍ വേട്ടയാടി ഇരപിടിക്കാന്‍ കഴിയാതായതോടെയാണ് കടുവ നാട്ടിലിറങ്ങി വളര്‍ത്തു മൃഗങ്ങളെ പിടിക്കാന്‍ എത്തിയതും ഒടുവില്‍ കെണിയിലായതും.
വയനാട്ടില്‍ നിന്നും ദീര്‍ഘദൂരം ഉള്ള യാത്രയുടെ ശാരീരിക അസ്വസ്ഥതകളും കൂട്ടില്‍ ആക്രമണകാരിയായി പെരുമാറിയപ്പോള്‍ ഉണ്ടായ ചെറിയ പരുക്കുകളും ഒഴിച്ചാല്‍ മറ്റു പ്രശ്‌നങ്ങള്‍ ഇല്ലാ എന്നാണ് പ്രാഥമിക നിഗമനമെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.
വ്യാഴാഴ്ച്ച പുലര്‍ച്ചെ നാലു മണിയോടെ പ്രത്യേക വാഹനത്തില്‍ ആണ് കടുവയെ പാര്‍ക്കില്‍ എത്തിച്ചത്.
വയനാട് ബത്തേരി നായ്ക്കട്ടിക്കടുത്ത് തേലമ്പറ്റയില്‍ വളര്‍ത്തു മൃഗങ്ങളെ ആക്രമിച്ച കടുവയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കെണിവച്ചു പിടികൂടിയാണ് ഇവിടേക്ക് മാറ്റിയത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിനുള്ളില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയോടെ കടുവ കുടുങ്ങുകയായിരുന്നു.
ചൊവ്വാഴ്ച പുലര്‍ച്ചെ ജനവാസമേഖലയിലിറങ്ങിയ കടുവ നിരവധി വളര്‍ത്ത് മൃഗങ്ങളെ കൊന്നിരുന്നു.ഇതിനെ തുടര്‍ന്ന് ഉണ്ടായ പ്രതിഷേധത്തിനൊടുവിലാണ് കെണി സ്ഥാപിച്ച് കടുവയെ പിടിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചത്.
അര്‍ധരാത്രി കെണിയില്‍ വീണ കടുവയെ ബുധനാഴ്ച പുലര്‍ച്ചെ ബത്തേരിയിലെ വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ കാര്യാലയത്തില്‍ എത്തിക്കുകയും ശേഷം നെയ്യാര്‍ ഡാം ലയണ്‍ സഫാരിയില്‍ എത്തിക്കുകയായിരുന്നു. വയനാട് നിന്നും ചീഫ് വെറ്ററിനറി ഡോക്ടര്‍ മറ്റു ഉദ്യോഗസ്ഥരും ചേര്‍ന്നു നെയ്യര്‍ഡാമില്‍ എത്തിച്ചു നെയ്യാര്‍ വനവകുപ്പു ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."