HOME
DETAILS
MAL
കേരള കോണ്‍ഗ്രസില്‍ 'മഴവില്‍ സഖ്യ' ശ്രമം വീണ്ടും
backup
February 11 2020 | 04:02 AM
കൊച്ചി: കേരള കോണ്‍ഗ്രസില്‍ വീണ്ടും മഴവില്‍ സഖ്യ നീക്കം. കഴിഞ്ഞ വര്‍ഷം ദുബൈയില്‍ നടന്ന സഖ്യനീക്കത്തിന്റെ ചുവടുപിടിച്ചാണ് പുതിയ നീക്കമെന്നാണറിയുന്നത്.
ദുബൈയിലെ സഖ്യനീക്കത്തിന് ചരടുവലിച്ചിരുന്നത് മാണിയുടെ ഉറ്റ സ്‌നേഹിതന്‍ പി.സി തോമസ് ആയിരുന്നെങ്കില്‍ ഇപ്പോള്‍ കേരളാ കോണ്‍ഗ്രസിലെ എല്ലാ വിഭാഗങ്ങളെയും അണിനിരത്തികൊണ്ടുള്ള സഖ്യശ്രമത്തിനായി പി.ജെ ജോസഫാണ് രംഗത്തിറങ്ങിയിരിക്കുന്നത്. ശക്തനായിരുന്ന മാണിയുടെ അഭാവത്തില്‍ ജോസഫിന്റെ വഴിക്ക് സഖ്യമുണ്ടായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അന്ന് കാത്തലിക് ഗ്ലോബല്‍ കോണ്‍ഗ്രസിന്റെ ഭാഗമായി ജോസ് കെ മാണിയും പി.ജെ ജോസഫും ഫ്രാന്‍സിസ് ജോര്‍ജും ഒക്കെ ദുബൈയില്‍ എത്തിയിരുന്നു. പൊതു വിഷയങ്ങളില്‍ ഒന്നിച്ചു നില്‍ക്കുക എന്ന ആശയമാണ് മഴവില്‍ സഖ്യ ശ്രമത്തിന്റെ കാതല്‍. മുന്നണി ഏതായാലും ആശയപരമായി യോജിച്ചു നീങ്ങുക എന്ന ശ്രമകരമായ ദൗത്യത്തിന് ഏകദേശ ധാരണ ഉണ്ടാക്കാനായെങ്കിലും ജോസും ജോസഫും തമ്മിലുള്ള വടംവലി തലവേദനയാണ്.
ജോസഫും അനൂപ് ജേക്കബും ഇപ്പോള്‍ ഇടതുപക്ഷത്തുള്ള ജനാധിപത്യ കേരള കോണ്‍ഗ്രസിലെ ഫ്രാന്‍സിസ് ജോര്‍ജും ചേര്‍ന്നാല്‍ ഔദ്യോഗിക കേരള കോണ്‍ഗ്രസ് എന്ന ഖ്യാതിയും ശക്തിയും നേടാനാവുമെന്നാണ് കണക്കുകൂട്ടല്‍. ഇതനുസരിച്ച് ജേക്കബ് ഗ്രൂപ്പ് നേതാവ് അനൂപ് ജേക്കബുമായി ചര്‍ച്ച നടന്നതായാണ് അറിയുന്നത്. ചര്‍ച്ച നടന്നിട്ടില്ലെന്ന് അനൂപ് ജേക്കബ് വിശദീകരിക്കുമ്പോഴും ചര്‍ച്ചയോട് വിയോജിപ്പുള്ള ചെയര്‍മാന്‍ ജോണി നെല്ലൂര്‍ മറ്റൊരു ചിത്രമാണ് നല്‍കുന്നത്. ജനാധിപത്യ കേരള കോണ്‍ഗ്രസിലെ നേതാക്കളെ എല്ലാം ഒപ്പം കൊണ്ടുവരുന്നത് ശ്രമകരമാണെന്നതിനാലാണ് ഇവരുടെ എം.എല്‍.എയും താരതമ്യേന സൗമ്യനുമായ ഫ്രാന്‍സിസ് ജോര്‍ജിനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നത്.
ബാലകൃഷ്ണപിള്ളയുടെ ബി ഗ്രൂപ്പ് ശക്തിക്ഷയത്തിലായതിനാല്‍ അവരും സഹകരിക്കുമെന്ന് ജോസഫ് വിശ്വസിക്കുന്നു. മാണി ജീവിച്ചിരുന്ന കാലത്ത് ഒരിക്കല്‍ ബാലകൃഷ്ണപിള്ള ഈ ശ്രമം നടത്തി പരാജയപ്പെട്ടിരുന്നു. എന്നാല്‍ കേരള കോണ്‍ഗ്രസുകള്‍ യോജിക്കുക എന്ന ആശയം പിന്നീടും അദ്ദേഹം മുന്നോട്ടുവെച്ചിരുന്നു. അതുകൊണ്ടുതന്നെ പൊതുവേ കരുണാകര ആശ്രിത പക്ഷത്തുണ്ടായിരുന്ന ബാലകൃഷ്ണപിള്ള വീണ്ടും യു.ഡി.എഫ് പക്ഷത്ത് എത്തിയേക്കും. അടുത്ത നിയമസഭയില്‍ മന്ത്രിസ്ഥാനം പിള്ളഗ്രൂപ്പ് സ്വപ്നം കാണുന്നുണ്ട്.
യു.ഡി.എഫിനുള്ളില്‍ നിന്നുകൊണ്ടു ശക്തി ആര്‍ജിക്കുക എന്ന തന്ത്രമാണ് ജോസഫിന്റേത്. ഇപ്പോള്‍ ഇടതിനൊപ്പമുള്ള ജനാധിപത്യ കേരള കോണ്‍ഗ്രസിനെ കൂടെ കൂട്ടുക പ്രയാസകരമല്ലെന്ന് അവര്‍ കരുതുന്നു. ജോര്‍ജിനെയും പിള്ളയെയും തല്‍ക്കാലം ഒപ്പം കൊണ്ടുവന്നില്ലെങ്കിലും മഴവില്‍ സഖ്യത്തിലാക്കാമെന്നും കരുതുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."