ഗുണഭോക്താക്കള്‍ ഗ്യാസിന് ബില്ലിലുള്ള തുക നല്‍കിയാല്‍ മതി: ജില്ലാ സപ്ലൈ ഓഫിസര്‍
ആലപ്പുഴ: ഉപഭോക്താക്കള്‍ പാചകവാതക സിലിന്‍ഡറിന് ബില്ലില്‍ കാണുന്ന ട്രാന്‍സ്‌പോര്‍ട്ടിങ് ചാര്‍ജ് ഉള്‍പ്പടെയുള്ള തുക നല്‍കിയാല്‍ മതിയെന്ന് പാചകവാതക വിതരണവുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ നടന്ന അദാലത്തില്‍ ജില്ലാ സപ്ലൈ ഓഫിസര്‍ പറഞ്ഞു. വിവിധ ഗ്യാസ് ഏജന്‍സികളിലെ ഉപഭോക്താക്കളില്‍ നിന്ന് അനധികൃതമായി കൂടുതല്‍ പണം വിതരണക്കാര്‍ ആവശ്യപ്പെടുന്നതായുള്ള പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് വ്യക്തത വരുത്തിയത്. അഞ്ചുകിലോമീറ്റര്‍ ചുറ്റളവില്‍ സൗജന്യ വിതരണമാണ്. ഉപഭോക്താക്കള്‍ക്കുള്ള ബില്ലില്‍ ഡെലിവറി ചാര്‍ജ് രേഖപ്പെടുത്തണം. കൂടാതെ ഉപഭോക്താവിന്റെ ഒപ്പ് കൗണ്ടര്‍ ഫോയിലില്‍ വാങ്ങി വിതരണക്കാര്‍ കൈവശം വയ്ക്കണമെന്നും കര്‍ശന നിര്‍ദേശം നല്‍കി.
അമ്പലപ്പുഴയിലെ ഒരു ഗ്യാസ് ഏജന്‍സിയുടെ വിതരണക്കാര്‍ കക്കാഴം ഭാഗത്ത് കൂടുതല്‍ തുക ഈടാക്കുന്നുവെന്ന പരാതിയെത്തുടര്‍ന്ന് അവിടെ റേഷനിങ് ഇന്‍സ്‌പെക്ടറെക്കൊണ്ട് അന്വേഷണം നടത്തി.
ബില്ല് ചിലയിടങ്ങളില്‍ ഉപഭോക്താവിന് നല്‍കുന്നില്ലെന്നും മൊഴി രേഖപ്പെടുത്തിയതില്‍ ഇത്തരം പരാതി ഉള്ളതായി കാണാന്‍ കഴിഞ്ഞെന്നും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അവിടുത്തെ വിതരണക്കാരന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും ആവശ്യമെങ്കില്‍ അത്തരക്കാരെ വിതരണ ശൃഖലയില്‍ നിന്ന് മാറ്റി നിര്‍ത്താനും ഏജന്‍സികള്‍ ശ്രദ്ധിക്കണമെന്ന് ഡി.എസ്.ഒ പറഞ്ഞു.
ചില ഏജന്‍സികള്‍ അധിക സിലിണ്ടര്‍ വാങ്ങാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നതായും അതിന് പാരിതോഷികങ്ങള്‍ നല്‍കി അമിത തുക ഈടാക്കുന്നതായുള്ള പരാതിയില്‍ ബന്ധപ്പെട്ട് ഓയില്‍ കമ്പനി അധികൃതര്‍ പരിശോധന നടത്തുമെന്ന് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."