വില്ലകള്‍ നിര്‍മിക്കാന്‍ 2.81 കോടി വകമാറ്റി, ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഫോര്‍ച്യൂണര്‍, 25 തോക്കുകള്‍ കാണാനില്ല: പൊലീസിലെ വീഴ്ച്ചകള്‍ ചൂണ്ടിക്കാട്ടി സിഎജി റിപ്പോര്‍ട്ട്
സംസ്ഥാന പോലീസിന്റെ പ്രവര്‍ത്തനത്തിലേയും ഫണ്ട് വിനിയോഗത്തിലേയും വീഴ്ച്ച സംഭവിച്ചതായി ചൂണ്ടിക്കാട്ടി സിഎജി റിപ്പോര്‍ട്ട്. പൊലീസ് ക്വാര്‍ട്ടേഴ്‌സ് നിര്‍മാണത്തിനുള്ള തുക വക മാറ്റിയെന്നും പൊലീസില്‍ കാറുകള്‍ വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എസ്പിമാര്‍ക്കും എഡിജിപിമാര്‍ക്കും വില്ലകള്‍ നിര്‍മ്മിക്കാന്‍ ക്വാര്‍ട്ടേഴ്‌സ് നിര്‍മ്മിക്കുന്നതിനുള്ള തുകയില്‍ 2.81 കോടി രൂപയാണ് വകമാറ്റിയത്.
പൊലീസ് സ്റ്റേഷനുകളിലേക്ക് കാറുകള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് വിതരണക്കാരെ നേരത്തെ തന്നെ കണ്ടെത്തി. മിത്ഷുബിഷി പജേറോ സ്‌പോര്‍ട് വാഹനത്തിന്റെ വിതരണക്കാരില്‍ നിന്ന് വസ്തുതാ വിവരങ്ങളും പ്രൊഫോര്‍മ ഇന്‍വോയിസും ശേഖരിച്ചു. ഇതിന് ഡിജിപി മുന്‍കൂര്‍ അനുമതി വാങ്ങിയില്ല. തുറന്ന ദര്‍ഘാസ് വഴി പോലും കാര്‍ വാങ്ങാന്‍ ഉദ്ദേശിച്ചില്ലെന്ന് വ്യക്തമായി. തുറന്ന ദര്‍ഘാസ് നടത്താതിരിക്കാന്‍ കാരണമായി പറയുന്ന സുരക്ഷാ പരിഗണനകള്‍ സ്വീകാര്യമല്ലെന്ന് സിഎജി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കാറിന്റെ വിതരണക്കാര്‍ക്ക് മുന്‍കൂറായി 33 ലക്ഷം നല്‍കി. 15 ശതമാനം ആഡംബര കാറുകള്‍ വാങ്ങി. 2017ലെ ടെക്‌നിക്കല്‍ കമ്മിറ്റി യോഗത്തിന് മുന്‍പ് കമ്പനികളില്‍ നിന്ന് വിവരം ശേഖരിച്ചു. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങിയതില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചുവെന്നും സിഎജി വിമര്‍ശിച്ചു.
തിരുവനന്തപുരം എസ്എപിയില്‍ ആയുധങ്ങളുടേയും വെടിക്കോപ്പുകളുടേയും കുറവ് കണ്ടെത്തിയിട്ടുണ്ട്. 12061 കാര്‍ട്രിഡ്ജുകളുടെ കുറവാണ് കണ്ടെത്തിയിരിക്കുന്നത്. തൃശൂര്‍ പൊലീസ് അക്കാഡമിയില്‍ 200 വെടിയുണ്ടകള്‍ കുറവാണ്. തൃശൂരില്‍ വെടിയുണ്ട സുക്ഷിച്ചിരുന്ന പെട്ടിയില്‍ കൃത്യമം കാണിച്ചതായും കണ്ടെത്തി. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തിട്ടില്ലെന്നും വെടിയുണ്ട കാണാതായതിനെക്കുറിച്ച് അന്വേഷണം നടക്കുന്നുവെന്ന സര്‍ക്കാര്‍ വിശദീകരണവും റിപ്പോര്‍ട്ടിലുണ്ട്. വെടിക്കോപ്പുകള്‍ നഷ്ട്ടപ്പെട്ടത് സംസ്ഥാനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമാണെന്ന് സിഎജി പറയുന്നു.
ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ കേസുകള്‍ കെട്ടിക്കിടക്കുന്നുവെന്ന വിമര്‍ശനവും സിഎജി റിപ്പോര്‍ട്ടിലുണ്ട്. 2013 മുതല്‍ 2018 വരെയുള്ള 9285 കേസുകളില്‍ തീര്‍പ്പായില്ല . പോക്‌സോ കേസുകളും ഇതില്‍ ഉള്‍പ്പെടും. മിച്ച ഭൂമി ഏറ്റെടുക്കുന്നതില്‍ കാലതാമസം വരുത്തിയെന്നാണ് റവന്യു വകുപ്പിനെതിരായ വിമര്‍ശനം. അഞ്ച് ജില്ലകളില്‍ 1588 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതില്‍ കാലതാമസം വന്നുവെന്നാണ് കണ്ടെത്തല്‍. സിഎജി റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."