ഇറാഖിനെ ഒഴിവാക്കി പുതുക്കിയ യാത്രാനിരോധന ഉത്തരവില്‍ ട്രംപ് ഉടന്‍ ഒപ്പുവയ്ക്കും
വാഷിങ്ടണ്‍:ഇറാഖിനെ ഒഴിവാക്കി പുതുക്കിയ യാത്രാനിരോധന ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉടന്‍ ഒപ്പുവയ്ക്കും. കഴിഞ്ഞ ദിവസം യു.എസ് അധികൃതരാണുവാര്‍ത്ത പുറത്തുവിട്ടത്.
ഏഴ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യു.എസിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയുള്ള എക്‌സിക്യൂട്ടിവ് ഉത്തരവാണ് ട്രംപ് ഭരണകൂടം പുനഃപരിശോധിക്കുന്നത്. പെന്റഗണില്‍ നിന്നും ആഭ്യന്തരവകുപ്പില്‍നിന്നുമുള്ള ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഇറാഖിനെ പട്ടികയില്‍നിന്നു നീക്കുന്നത്. പുതുക്കിയ ഉത്തരവ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പുറത്തിറക്കുമെന്നാണ് അറിയുന്നത്.
എന്നാല്‍, ഇറാഖ് ഒഴികെയുള്ള മറ്റ് ആറുരാഷ്ട്രങ്ങളുടെ കാര്യത്തില്‍ മാറ്റമുണ്ടാകില്ല. ഇറാന്‍,സോമാലിയ, ലിബിയ,സിറിയ, സുദാന്‍,യമന്‍ എന്നീ രാജ്യങ്ങളാണ് ഇറാഖിനു പുറമെ പട്ടികയിലുള്ളത്. ഈ രാജ്യക്കാര്‍ക്കുള്ള നിരോധനം 90 ദിവസത്തേക്ക് തുടരും.
ഉത്തരവില്‍ വേറെയും ചില മാറ്റങ്ങളുണ്ടാകുമെന്ന് യു.എസ് അധികൃതര്‍ വെളിപ്പെടുത്തി. നേരത്തെസിറിയന്‍ അഭയാര്‍ഥികള്‍ക്കുണ്ടായിരുന്ന അനിശ്ചിതകാല വിലക്ക് നീക്കി ഇവരെ പൊതു അഭയാര്‍ഥി പട്ടികയിലേക്കു ചേര്‍ക്കും.
ഇതുപ്രകാരം 120 ദിവസത്തേക്കാണ് അഭയാര്‍ഥികള്‍ക്ക് രാജ്യത്തേക്ക് വിലക്കുള്ളത്. ഈ രാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങളെ യാത്രാനിരോധനത്തില്‍നിന്ന് ഒഴിവാക്കില്ലെന്നും യു.എസ് അധികൃതര്‍ വ്യക്തമാക്കി.
ജനുവരി 27നാണ് അന്താരാഷ്ട്രതലത്തില്‍ വന്‍ പ്രതിഷേധത്തിനിടയാക്കിയ വിവാദ യാത്രാനിരോധന എക്‌സിക്യൂട്ടിവ് ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചത്. ഇതേതുടര്‍ന്ന് 60,000ത്തോളം പേരുടെ വിസകള്‍ അമേരിക്കന്‍ അധികൃതര്‍ തടഞ്ഞുവച്ചിരുന്നു. നിലവില്‍, ഉത്തരവിനുമേല്‍ അമേരിക്കന്‍ ഫെഡറല്‍ കോടതിയായ ഒന്‍പതാമത് യു.എസ് സര്‍ക്യൂട്ട് കോടതിയുടെ സ്റ്റേ നിലനില്‍ക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."