ഒറ്റപ്പാലത്ത് പ്രതികളുടെ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ ബി.ജെ.പിക്കാര്‍ ആക്രമിച്ചു
പാലക്കാട്: നെല്ലായ സംഘര്‍ഷത്തിലെ പ്രതികളെ ഹാജരാക്കാന്‍ കോടതിയില്‍ കൊണ്ടുവരുന്ന ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിച്ചു. ഒറ്റപ്പാലം കോടതി വളപ്പിലാണ് സംഭവം. ഏഷ്യാനെറ്റ് ന്യൂസ് റിപോര്‍ട്ടര്‍ ശ്യാം കുമാര്‍, റിപ്പോര്‍ട്ടര്‍ ചാനലിന്റെ റിപ്പോര്‍ട്ടര്‍ ശ്രീജിത്ത്, സിറ്റി ചാനലിന്റെ ക്യാമറാമാന് അനൂപ് എന്നിവര്‍ക്ക് പരുക്കേറ്റു. അനൂപില്‍ നിന്ന് ക്യാമറ പിടിച്ചുവാങ്ങി തകര്‍ത്തു. ശ്യാംകുമാറിനെ ബി.ജെ.പി പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയും ചെയ്തു.
'നിങ്ങള്‍ ചാനലുകള്‍ വാര്‍ത്ത എടുക്കുമല്ലേ, കാണിക്കെടാ നിന്റെ ഐഡി, ചാനലില്‍ വാര്‍ത്ത കൊടുത്തോ, ജില്ല പ്രചാരകന്റെ ദേഹത്തു തൊട്ടാല്‍'
'ഒരു എംഎല്‍എ പോലുമില്ലാത്ത കാലത്തും ഇതിലപ്പുറം ചെയ്തിട്ടുണ്ട്. തീര്‍ത്തുകളയും' എന്നിങ്ങനെ ആക്രോശിച്ചാണ് മാധ്യമപ്രവര്‍ത്തകരെ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചത്.
രണ്ടു പൊലിസുകാര്‍ ആ സമയം കോടതിവളപ്പില്‍ ഉണ്ടായിരുന്നതായി വിഡിയോ ദൃശ്യങ്ങളില്‍ കാണുന്നു.
ചെര്‍പ്പുളശ്ശേരിയിലെ നെല്ലായയിലെ സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തില്‍ അറസ്റ്റ് ചെയ്ത മൂന്നു ബി.ജെ.പി പ്രവര്‍ത്തകരെ കോടതിയില്‍ കൊണ്ടുവന്നപ്പോഴാണ് ആക്രമണം. പ്രതികളെ പൊലിസ് സ്വകാര്യവാഹനത്തിലാണ് കൊണ്ടുവന്നത്. ഇവര്‍ക്ക് എസ്കോര്‍ട്ട് വന്ന ഇരുചക്ര വാഹനത്തില്‍ വന്ന 10 പേരടങ്ങുന്ന സംഘമാണ് മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."