വികസനം മുടക്കികളെ അംഗീകരിക്കില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: വികസനം മുടക്കികളെ സര്‍ക്കാര്‍ അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസനം മുടക്കുന്ന ചില സംഘടനകള്‍ നാട്ടിലുണ്ട്. അവര്‍ സംരക്ഷിക്കുന്നത് നാടിന്റെ താല്‍പ്പര്യമല്ല. വികസനം മുടക്കല്‍ സര്‍ക്കാരിനടുത്ത് വിലപ്പോകില്ല. ഇവര്‍ക്കെതിരേ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ചു നില്‍ക്കണമെന്നും നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയത്തില്‍ നടന്ന ചര്‍ച്ചയില്‍ പിണറായി പറഞ്ഞു.
സ്ത്രീസുരക്ഷക്കു സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. അതിനുള്ള നടപടികളുടെ ആദ്യപടിയായാണ് പൊലിസില്‍ സ്ത്രീകളുടെ പ്രാതിനിധ്യം 15 ശതമാനമാക്കിയത്. അത് 50 ശതമാനമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. നോട്ട് നിരോധനം മൂലം സഹകരണ മേഖല തകര്‍ന്നടിയേണ്ടതായിരുന്നു. എന്നാല്‍,സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മൂലം പൂര്‍ണ തകര്‍ച്ച തടയാനായി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിശ്ചലമാണെന്ന വാദം ശരിയല്ല. ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ചില ആശങ്കകളുണ്ടായിരുന്നു. അതു നീങ്ങിയിട്ടുണ്ട്. കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വിസിന്റെ കാര്യത്തില്‍ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥര്‍ക്കിടയിലും ആശങ്ക നിലനില്‍ക്കുന്നുണ്ട്. അതു ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ടതുണ്ട്.
വിജിലന്‍സിനെ സംബന്ധിച്ച ഹൈക്കോടതി വിധിയില്‍ സര്‍ക്കാരിന് അഭിപ്രായവ്യത്യാസമില്ല. വിധിയില്‍ രണ്ടു ഭാഗങ്ങളുണ്ട്. അതിലൊന്ന് അന്വേഷണം വൈകുന്നതു സംബന്ധിച്ചാണെന്നും പിണറായി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."