അടിയേറ്റത് മോദിക്കെന്ന് ലോക മാധ്യമങ്ങള്‍
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കേറ്റ പരാജയം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാജയമെന്നു വിലയിരുത്തി അന്താരാഷ്ട്ര മാധ്യമങ്ങള്‍. ലോകത്തെ വലിയ ജനാധിപത്യ രാജ്യത്തെ ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കുന്ന മോദി സര്‍ക്കാരിനെതിരായ വിധിയെഴുത്തായാണ് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിലയിരുത്തിയത്.
ഡല്‍ഹിയിലെ തോല്‍വി ബി.ജെ.പിക്കേറ്റ അടിയാണെന്നും കേന്ദ്രസര്‍ക്കാരിനു വലിയ പ്രഹരമാണ് രാജ്യതലസ്ഥാനത്ത് ഏറ്റതെന്നും ബി.ബി.സി വിലയിരുത്തി. ബി.ജെ.പിക്കും മോദിക്കുമേറ്റ തിരിച്ചടിയെന്നാണ് അല്‍ജസീറയും ഡല്‍ഹി ഫലത്തെ വ്യാഖ്യാനിച്ചത്. തലസ്ഥാനത്തു നടന്ന തെരഞ്ഞെടുപ്പില്‍ മോദിയുടെ പാര്‍ട്ടിക്കു വന്‍ തിരിച്ചടിയെന്നായിരുന്നു ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.
പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളും ബി.ജെ.പി നേതാക്കളുടെ വര്‍ഗീയ, വിദ്വേഷ, ഭീഷണി പരാമര്‍ശങ്ങളും സൂചിപ്പിച്ചായിരുന്നു ന്യൂയോര്‍ക്ക് ടൈംസിന്റെ വാര്‍ത്ത. പൗരത്വ നിയമവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിലപാടുകള്‍ തോല്‍വിക്ക് ആക്കംകൂട്ടിയെന്നും ന്യൂയോര്‍ക്ക് ടൈംസ് വിലയിരുത്തി. സാധാരണക്കാരന്റെ പാര്‍ട്ടിക്കു മുന്നില്‍ മോദിയുടെ പാര്‍ട്ടിക്ക് അടിതെറ്റിയെന്നായിരുന്നു വാഷിങ്ടണ്‍ പോസ്റ്റിന്റെ നിരീക്ഷണം. ഡല്‍ഹി മോദിക്കു കിട്ടിയില്ല, നഷ്ടപ്പെട്ടെന്നായിരുന്നു ദി ഗാര്ഡിയന് എഴുതിയത്. എല്ലാ മാധ്യമങ്ങളും എ.എ.പിയുടെയും അരവിന്ദ് കെജ്രിവാളിന്റെയും ജനക്ഷേമ വികസന പദ്ധതികള്‍ എടുത്തുപറഞ്ഞപ്പോള്‍, മോദി സര്‍ക്കാരിനു കീഴില്‍ ഇന്ത്യയില്‍ വര്‍ഗീയ വിഭജനം ഉണ്ടാക്കുന്നുവെന്നും നിരീക്ഷിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."