കുടിവെള്ളമേഖലയും വാട്ടര്‍ അതോറിറ്റിയും
ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളം എല്ലാ സമൂഹത്തിന്റെയും ആരോഗ്യകരമായ നിലനില്‍പ്പിന് അനിവാര്യ ഘടകമാണ്. മനുഷ്യവിഭവശേഷി പരിപാലനത്തിലും അതിന് വലിയപങ്കുണ്ട്. ഒറ്റനോട്ടത്തില്‍ കേരളം ജലവിഭവസമൃദ്ധമായ സംസ്ഥാനമാണ്. ഇടവപ്പാതിയും തുലാവര്‍ഷവും വേനല്‍മഴയുമായി പ്രതിവര്‍ഷം 3000 മില്ലിമീറ്റര്‍ മഴ ലഭിക്കുന്നു. എന്നാല്‍ കുത്തനെ ചരിഞ്ഞ ഭൂപ്രകൃതിയും ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ അപര്യാപ്തതയും മഴയുടെ അസമമായ വിതരണവും കാരണം വേനല്‍ക്കാലത്ത് കടുത്ത കുടിവെള്ളക്ഷാമം അനുഭവിക്കുന്ന നാടു കൂടിയാണിത്. ഭൂഗര്‍ഭജലവും ഉപരിതലത്തിലുള്ള ജലസ്രോതസുകളും കുടിവെള്ളത്തിനായി ഉപയോഗിക്കപ്പെടുന്നു. 44 നദികളുണ്ടെങ്കിലും വര്‍ഗീകരണത്തിന്റെ അടിസ്ഥാനത്തില്‍ ഇവയില്‍ ഒന്നുപോലും 'മേജര്‍ റിവര്‍' എന്ന ഗണത്തില്‍പെടുന്നില്ല. നാലെണ്ണം 'മീഡിയം' ഇനത്തില്‍പ്പെടുമ്പോള്‍ ബാക്കിയുള്ളവ 'മൈനര്‍' ഗണത്തിലുള്ളവയാണ്. വേനല്‍ക്കാലത്ത് വറ്റിവരണ്ടുണങ്ങുന്നവയാണ് മിക്ക നദികളും.
കേരളത്തിലെ എല്ലാ നദികളിലെയും കൂടി ആകെ ജലലഭ്യതയേക്കാള്‍ കൂടുതലാണ് കൃഷ്ണാ, ഗോദാവരി എന്നീ രണ്ടു നദികളുടേത്. കേരളത്തിലെ 44 നദികളിലെ പ്രതിവര്‍ഷ ജലലഭ്യത 70,323 ദശലക്ഷം ഘനമീറ്ററാണ്. പ്രതിവര്‍ഷം ലഭ്യമാവുന്ന ഭൂഗര്‍ഭജലത്തിന്റെ അളവ് 6229.03 ദശലക്ഷം ഘനമീറ്ററും. ഇതില്‍ 40 ശതമാനമാണ് കുടിവെള്ളത്തിനും മറ്റ് ഗാര്‍ഹിക, വ്യാവസായിക ആവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കപ്പെടുന്നത്. 59 ശതമാനം കാര്‍ഷികാവശ്യങ്ങള്‍ക്കായാണ് ഉപയോഗിക്കപ്പെടുന്നത്. കേരളത്തിലെ കുടിവെള്ള ലഭ്യത സംബന്ധിച്ച് വിവിധ പഠനങ്ങള്‍ ലഭ്യമാണ്. ഇവ പലതും പരസ്പരം പൊരുത്തപ്പെടുന്നവയല്ല.
ആസൂത്രണബോര്‍ഡിന്റെ കണക്കനുസരിച്ച് കേരളത്തില്‍ ഇപ്പോള്‍ പ്രതിദിനം 645 ദശലക്ഷം ലിറ്റര്‍ ജലമാണ് കുടിവെള്ളത്തിനായി ആവശ്യമുള്ളത്. കേരളീയര്‍ കിണറുകളെയാണ് പ്രധാനമായും കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്. ഇന്ത്യയില്‍ കിണര്‍ സാന്ദ്രത (ഒരു ചതുരശ്ര കിലോ മീറ്ററിലെ കിണറുകളുടെ എണ്ണം) ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളം. നൂറില്‍ 62 കുടുംബങ്ങള്‍ കിണര്‍ വെള്ളവും 29 കുടുംബങ്ങള്‍ ടാപ്പിലൂടെ ലഭിക്കുന്ന കുടിവെള്ളവും ഉപയോഗിക്കുന്നവരാണ്. 4.2 ശതമാനം കുടുംബങ്ങള്‍ കുഴല്‍ക്കിണര്‍ ഉപയോഗിക്കുന്നവരാണ്. മലമ്പ്രദേശങ്ങളില്‍ നീരുറവകളില്‍ നിന്നുള്ള ജലവും കുടിവെള്ളത്തിനായി ഉപയോഗപ്പെടുത്തുന്നു.
കുടിവെള്ളത്തിന്റെ സ്രോതസ്
2011ലെ സെന്‍സസ് അനുസരിച്ച് കേരളത്തില്‍ 78 ശതമാനം ജനങ്ങള്‍ക്ക് സ്വന്തം വീട്ടുവളപ്പില്‍ തന്നെ കുടിവെള്ള സ്രോതസുണ്ട്. കിണര്‍, ബോര്‍വെല്‍, വാട്ടര്‍ടാപ്പ് തുടങ്ങി എല്ലാത്തരം സ്രോതസുകളും ഉള്‍പ്പെട്ടതാണിത്. 14 ശതമാനം പേര്‍ക്ക് വീട്ടിനടുത്തു തന്നെ കുടിവെള്ളം ലഭ്യമാണ്. പൊതുകിണര്‍, കുളം, പൊതുടാപ്പ് തുടങ്ങിയ ജലസ്രോതസിലൂടെയാണിത്. എന്നാല്‍, 8 ശതമാനം പേര്‍ താമസസ്ഥലത്തിനടുത്ത് കുടിവെള്ളം ലഭ്യമല്ലാത്തവരാണ്. നാഷനല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ 2012ല്‍ നടത്തിയ 69-ാം വട്ട സര്‍വേ അനുസരിച്ച് കേരളത്തിലെ നഗരങ്ങളിലെ 90.2 ശതമാനം കുടുംബങ്ങള്‍ക്കും ഗ്രാമങ്ങളിലെ 94.7 ശതമാനം കുടുംബങ്ങള്‍ക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമാണ്. കേരള വാട്ടര്‍ അതോറിറ്റിയുടെ കണക്കനുസരിച്ച് വാട്ടര്‍ അതോറിറ്റി, ജലനിധി, പ്രാദേശിക സര്‍ക്കാരുകള്‍ എന്നിവ നടത്തുന്ന കുടിവെള്ള പദ്ധതികളിലൂടെ നഗരജനസംഖ്യയുടെ 84 ശതമാനത്തിനും ഗ്രാമീണജനതയുടെ 68 ശതമാനത്തിനും ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നുണ്ട്.
ജലത്തിന്റെ ഗുണനിലവാരം
കുടിവെള്ളത്തിന്റെ ലഭ്യതയ്‌ക്കൊപ്പം തന്നെ പ്രധാനപ്പെട്ടതാണ് ലഭ്യമായ ജലത്തിന്റെ ഗുണനിലവാരം. കുടിവെള്ളത്തിന്റെ ഭൗതിക, രാസ, ജൈവ ഗുണനിലവാരത്തിന്റെ പരിധി ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് നിര്‍വചിച്ചിട്ടുണ്ട്. കുടിവെള്ളത്തിന്റെ ഭൗതിക, രാസഗുണങ്ങള്‍ ഈ പരിധിക്കുള്ളിലായിരിക്കണം. കേരളത്തില്‍ കാണപ്പെടുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാര പ്രശ്‌നങ്ങള്‍ പ്രധാനമായും വെള്ളത്തിന്റെ കലക്കല്‍, ഉപ്പുരസം, ഇരുമ്പിന്റെയും ഫ്യൂറൈഡിന്റെയും അംശം, ബാക്ടീരിയ, നൈട്രേറ്റ് എന്നിവയാണ്. മഴക്കാലത്താണ് കലക്കല്‍ കൂടുതലായി കാണപ്പെടുന്നത്. തീരപ്രദേശത്ത് ജലം ഉപ്പുരസമുള്ളതാണ്. വേനല്‍ക്കാലത്ത് നദികളില്‍ ജലനിരപ്പ് താഴുമ്പോള്‍ സമുദ്രത്തില്‍ നിന്നുള്ള ഉപ്പുവെള്ളം നദിയിലേക്ക് കയറുകയും വെള്ളം പാനയോഗ്യമല്ലാതാവുകയും ചെയ്യുന്നു. കിണര്‍വെള്ളത്തിലും മറ്റ് ഭൂഗര്‍ഭജലസ്രോതസുകളില്‍ നിന്നുള്ള ജലത്തിലും പലപ്പോഴും ഉയര്‍ന്ന അളവില്‍ ഇരുമ്പിന്റെ അംശം കാണപ്പെടാറുണ്ട്. ആലപ്പുഴ, പാലക്കാട് ജില്ലകളിലെ ഭൂഗര്‍ഭജലത്തില്‍ ഫ്‌ളൂറിന്റെ അംശം ഉയര്‍ന്ന തോതില്‍ കാണപ്പെടുന്നു. ഉയര്‍ന്ന തോതില്‍ ഫ്‌ളൂറിന്‍ അടങ്ങിയ ജലം ഉപയോഗിക്കുന്നത് ഫ്‌ളൂറോസിസ് എന്ന രോഗത്തിന് കാരണമാകും. ചില സ്ഥലങ്ങളില്‍ ഉയര്‍ന്ന അളവില്‍ നൈട്രേറ്റ് ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്. കോളിഫോം ബാക്ടീരിയ ആണ് കേരളത്തില്‍ വ്യാപകമായ ജലമാലിന്യഘടകം. മനുഷ്യമലത്തില്‍ നിന്നാണ് വെള്ളത്തില്‍ ഇ-കോളി ബാക്റ്റീരിയ എത്തിച്ചേരുന്നത്. കക്കൂസുകളിലെ മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് കേന്ദ്രീകൃതമായ സ്വീവറേജ് പ്ലാന്റ് അല്ലെങ്കില്‍ സെപ്റ്റിക്ടാങ്ക് ആവശ്യമാണ്.
കേരളത്തില്‍ തിരുവനന്തപുരത്ത് മാത്രമാണ് കേന്ദ്രീകൃതമായ സ്വീവറേജ് സംവിധാനം ഉള്ളത്. സെപ്റ്റിക്ടാങ്കിനു പകരം പിറ്റ്‌ലാട്രിനാണ് നമ്മുടെ നാട്ടില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. കക്കൂസ് കുഴിയും കിണറും തമ്മിലുള്ള അകലം കൃത്യമായി പാലിക്കാന്‍ കഴിയാത്തതാണ് കക്കൂസ് മാലിന്യം ഭൂഗര്‍ഭജലത്തില്‍ കലരാന്‍ കാരണമാകുന്നത്. കേന്ദ്രസര്‍ക്കാരിന്റെ കണക്കനുസരിച്ച് കേരളത്തിലെ 40.2 ശതമാനം കിണറുകള്‍ രാസമാലിന്യം കാരണമോ ബാക്റ്റീരിയ കാരണമോ മലിനമായതാണ്. 3.6 ശതമാനം കിണറുകളില്‍ ഒന്നിലധികം മാലിന്യങ്ങളുണ്ട്. കേരളത്തില്‍ പൈപ്പ് വഴി കുടിവെള്ള വിതരണം നടത്തുന്നത് പ്രധാനമായും കേരള വാട്ടര്‍ അതോറിറ്റിയും തദ്ദേശസര്‍ക്കാരുകളുമാണ്. ജലനിധി, സ്വജല്‍ധാര തുടങ്ങിയ പദ്ധതികളില്‍ നിര്‍മിക്കപ്പെട്ട് ഉപഭോക്തൃ കമ്മിറ്റികള്‍ നടത്തി വരുന്ന ചെറിയ ഗ്രാമീണ കുടിവെള്ളപദ്ധതികളും നിലവിലുണ്ട്.
1986ലെ കേരളാ വാട്ടര്‍ സപ്ലൈ ആന്റ് സ്വീവറേജ് ആക്ട് പ്രകാരം കേരളത്തിലെ കുടിവെള്ള വിതരണത്തിനും മലിനജല നിര്‍മാര്‍ജ്ജനത്തിനുമുള്ള ഉത്തരവാദിത്വം കേരള വാട്ടര്‍ അതോറിറ്റിയില്‍ നിക്ഷിപ്തമാണ്. ഇന്ത്യയില്‍ ഒരു സംസ്ഥാനത്തൊട്ടാകെ ജലവിതരണം നടത്തുന്ന ഏക സ്ഥാപനവും കേരള വാട്ടര്‍ അതോറിറ്റിയാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച് 1396 കുടിവെള്ള പദ്ധതികളാണ് വാട്ടര്‍ അതോറിറ്റി നടത്തിവരുന്നത്. 328 എണ്ണം നിര്‍മാണ ഘട്ടത്തിലാണ്. ഇവയുടെ ജില്ല തിരിച്ചുള്ള വിശദാംശം പട്ടികയില്‍ കാണിച്ചിരിക്കുന്നു.
വിതരണം ചെയ്യുന്ന ശുദ്ധജലത്തിന്റെ അളവ്
ആകെയുള്ള 1396 കുടിവെള്ള പദ്ധതികളിലായി പ്രതിദിനം 2257 ദശലക്ഷം ലിറ്റര്‍ ജലം ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നുണ്ട്. എന്നാല്‍ വിതരണം ചെയ്യപ്പെടുന്ന ജലത്തിന്റെ അളവ് 1651 ദശലക്ഷം ലിറ്റര്‍ മാത്രമാണ്. ഏതാണ്ട് 27 ശതമാനം ശുദ്ധജലം വിതരണശൃംഘലയില്‍ നഷ്ടമാകുന്നു എന്നര്‍ത്ഥം. കേരളത്തില്‍ ആകെ 18,77,111 വാട്ടര്‍ കണക്ഷനുകളുണ്ട്. ഗാര്‍ഹികം, ഗാര്‍ഹികേതരം, വ്യാവസായികം എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവയാണ് ഇവ. 2,70,000 പൊതുടാപ്പുകള്‍ വാട്ടര്‍ അതോറിറ്റിയുടെ പരിപാലനത്തിലുണ്ട്. ഒരു കിലോലിറ്റര്‍ ജലം (1000 ലിറ്റര്‍) ശുദ്ധീകരിക്കുന്നതിന് ഏതാണ്ട് 12 രൂപയോളം ചെലവാകുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇതില്‍ പ്രധാനം വൈദ്യുതി ചാര്‍ജാണ്. വാട്ടര്‍ ചാര്‍ജ് ഇനത്തില്‍ കിലോലിറ്ററിന് ഏതാണ്ട് 5 രൂപയാണ് ലഭിക്കുന്നത്. പ്രതിവര്‍ഷം വാട്ടര്‍ അതോറിറ്റിക്ക് വരവിനേക്കാള്‍ 300കോടിരൂപ അധികമായി ചെലവാക്കേണ്ടി വരുന്നു എന്നര്‍ഥം. ജൈക്ക പദ്ധതി, നബാര്‍ഡിന്റെ പ്രത്യേക ധനസഹായത്തോടെ നടത്തുന്ന പദ്ധതി, കേന്ദ്രസര്‍ക്കാരിന്റെ ധനസഹായത്തോടെ നടപ്പാക്കുന്നവ എന്നീ പദ്ധതികളാണ് ഇന്ന് വാട്ടര്‍ അതോറിറ്റി നടത്തി വരുന്ന ശുദ്ധജല പദ്ധതികള്‍.
(തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."